സിന്ധ്യയുടെ മറ്റൊരു വിശ്വസ്തൻ കൂടി കോൺഗ്രസില്‍; 1200 വാഹനങ്ങളുടെ അകമ്പടി

അടുത്ത കാലത്തായി സിന്ധ്യയുമായുള്ള ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ തിരിച്ചെത്തുന്ന മൂന്നാമത്തെ നേതാവാണ് സാമന്ദർ

Update: 2023-08-19 07:58 GMT
Editor : abs | By : Web Desk

ഭോപ്പാൽ: ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് സാമന്ദർ പട്ടേൽ തിരികെ കോൺഗ്രസില്‍. അയ്യായിരം അനുയായികൾക്കും 1200 അകമ്പടി വാഹനങ്ങൾക്കും ഒപ്പമാണ് സാമന്ദർ മാതൃസംഘടനയിൽ തിരിച്ചെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന വേളയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയായി സാമന്ദറിന്റെ കോൺഗ്രസ് പ്രവേശം. 

'ഞാൻ മഹാരാജിന് (സിന്ധ്യ) ഒപ്പം പാർട്ടി വിട്ടു. എന്നാൽ ബിജെപിക്കുള്ളിൽ ശ്വാസം മുട്ടുന്ന അനുഭവമാണ് ഉണ്ടായത്. ഒരു പരിപാടിയിലേക്കും ഞാൻ ക്ഷണിക്കപ്പെട്ടില്ല. അധികാരമോ ബഹുമാനമോ നൽകപ്പെട്ടില്ല' - സാമന്തർ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയ നേതാക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. തെരഞ്ഞെടുപ്പ് സത്യവാങ്മൂല പ്രകാരം 89 കോടി രൂപയാണ് സാമന്ദറിന്റെ ആസ്തി. 

Advertising
Advertising



അടുത്ത കാലത്തായി സിന്ധ്യയുമായുള്ള ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ തിരിച്ചെത്തുന്ന മൂന്നാമത്തെ നേതാവാണ് സാമന്ദർ. ജൂൺ 14ന് സിന്ധ്യയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബൈജ്‌നാഥ് സിങ് യാദവ് 700 കാറുകളുടെ അകമ്പടിയോടെ കോൺഗ്രസിൽ തിരികെയെത്തിയിരുന്നു. ബിജെപി ശിവ്പുരി ജില്ലാ വൈസ് പ്രസിഡണ്ട് രാകേഷ് കുമാർ ഗുപ്തയും ജൂൺ 26ന് കോൺഗ്രസിൽ ചേർന്നു.

ഒബിസി വിഭാഗത്തിൽപ്പെട്ട ധാകഡ് സമുദായത്തിൽ നിന്നുള്ള നേതാവാണ് പട്ടേൽ. സിന്ധ്യ കോണ്‍ഗ്രസ് വിട്ട വേളയില്‍ 22 എംഎൽഎമാരാണ് കൂടെ പോയിരുന്നത്.  




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News