അമരാവതിയിലെ സ്ത്രീകളെക്കുറിച്ച് അപകീര്‍ത്തി പരാമര്‍ശം; മുതിർന്ന മാധ്യമപ്രവർത്തകൻ കൊമ്മിനേനി ശ്രീനിവാസ റാവു അറസ്റ്റിൽ

ശ്രീനിവാസ റാവുവിനെ ഗുണ്ടൂർ ജില്ലയിലെ കോടതിയിൽ ഹാജരാക്കും

Update: 2025-06-10 07:43 GMT
Editor : Jaisy Thomas | By : Web Desk

ഹൈദരാബാദ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആന്ധ്രാ മുൻ മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ടിവിയിലെ അവതാരകനുമായ കൊമ്മിനേനി ശ്രീനിവാസ റാവു അറസ്റ്റിൽ. റാവു അവതാരകനായ ടെലിവിഷൻ പരിപാടിയിൽ അമരാവതി മേഖലയിലെ സ്ത്രീകൾക്കെതിരെ ടെലിവിഷൻ ചര്‍ച്ചക്കിടെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് തിങ്കളാഴ്ച ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹൈദരാബാദിലെ ജേണലിസ്റ്റ് കോളനിയിലെ വസതിയിൽ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും കൂടുതൽ നിയമനടപടികൾക്കായി ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ശ്രീനിവാസ റാവുവിനെ ഗുണ്ടൂർ ജില്ലയിലെ കോടതിയിൽ ഹാജരാക്കും. തുള്ളൂർ പൊാലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാന മഡിഗ കോർപ്പറേഷൻ ഡയറക്ടർ ഖമ്പംപടി സിരിഷ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. റാവുവിന് പുറമെ, രാഷ്ട്രീയ വിശകലന വിദഗ്ധൻ വി.വി.ആർ. കൃഷ്ണം രാജു, സാക്ഷി ടിവി മാനേജ്‌മെന്‍റ് എന്നിവരെയും എഫ്‌ഐആറിൽ പരാമര്‍ശിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും ഐപിസിയിലെ മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.  "സാക്ഷി ടിവിയിലെ ലൈവ് ടോക്ക് ഷോയ്ക്കിടെ, മാധ്യമപ്രവർത്തകരായ വി.വി.ആർ. കൃഷ്ണം രാജുവും കൊമ്മിനേനി ശ്രീനിവാസ റാവുവും അമരാവതി ദൈവങ്ങളുടെ തലസ്ഥാനമല്ലെന്നും വേശ്യകളുടെ തലസ്ഥാനമാണെന്നും അവിടെ എയ്ഡ്‌സ് രോഗികൾ മാത്രമേ താമസിക്കുന്നുള്ളൂവെന്നും അശ്ലീലവും വിദ്വേഷപരവുമായ പരാമർശങ്ങൾ നടത്തി. സാക്ഷി മാനേജ്‌മെന്റിന്റെ പ്രോത്സാഹനത്തോടെ നടത്തിയ ഈ പരാമർശങ്ങൾ അമരാവതിയിലെ സ്ത്രീകളുടെ, പ്രത്യേകിച്ച് ദലിത് സ്ത്രീകളുടെ ആത്മാഭിമാനത്തെ വല്ലാതെ വ്രണപ്പെടുത്തി," സിരീഷ പരാതിയിൽ ആരോപിച്ചു.

Advertising
Advertising

അമരാവതിയെ 'ലൈംഗികത്തൊഴിലാളികളുടെ തലസ്ഥാനം' എന്നാണ് ശ്രീനിവാസ റാവു അവതാരകനായ കെഎസ്ആർ ലൈവ് എന്ന ഷോയിൽ കൃഷ്ണംരാജു വിശേഷിപ്പിച്ചത്. അമരാവതി 'ദൈവങ്ങളുടെ തലസ്ഥാനം' അല്ല, മറിച്ച് 'ലൈംഗികത്തൊഴിലാളികളുടെ തലസ്ഥാനം' ആണെന്നാണ് കൃഷ്ണം പറഞ്ഞത്. എന്നാൽ "അമരാവതിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഈ പ്രശ്നം വ്യാപകമാണെന്ന് ഞാൻ കണ്ടിട്ടുണ്ട്. ലൈംഗികത്തൊഴിലാളികളുടെയും അവരുടെ കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നിരവധി എൻ‌ജി‌ഒകൾ ഈ മേഖലയിലുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ഞാൻ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു," എന്നായിരുന്നു പരാമര്‍ശം വിവാദമായപ്പോൾ കൃഷ്ണരാജുവിന്‍റെ വിശദീകരണം.

എന്നിരുന്നാലും, ഈ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി, ടിഡിപിയും സഖ്യകക്ഷികളായ ജനസേന പാർട്ടിയും ബിജെപിയും ഇത് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. സാക്ഷി ടിവിയും വൈഎസ്ആർസിപിയും കൃഷ്ണംരാജുവിന്‍റെ അഭിപ്രായങ്ങളിൽ നിന്ന് അകലം പാലിച്ചു. ചാനലും പാർട്ടിയും അദ്ദേഹത്തോട് യോജിക്കുന്നില്ലെന്നും വ്യക്തമാക്കി. കൃഷ്ണ രാജുവിന്റെ പരാമർശം സ്ത്രീകളെ മാത്രമല്ല, അമരാവതി മേഖലയിൽ അഭിവൃദ്ധി പ്രാപിച്ച ബുദ്ധമതത്തെയും അപമാനിക്കുന്നതാണെന്ന് ഉപമുഖ്യമന്ത്രിയും ജനസേനാ മേധാവിയുമായ പവൻ കല്യാൺ പറഞ്ഞു.

ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രി വന്‍ഗലപുടി അനിതയും പരാമര്‍ശങ്ങളെ അപലപിച്ചു. മുന്‍ മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും സാക്ഷി മീഡിയ ഗ്രൂപ്പിന്റെ തലവനായ അദ്ദേഹത്തിന്‍റെ ഭാര്യ വൈ.എസ്. ഭാരതി റെഡ്ഡിയുടെയും അറിവോടെയല്ലാതെ ഇത് സംഭവിക്കില്ലെന്നും ചൂണ്ടിക്കാട്ടി. അതിനിടയിൽ കൃഷ്ണംരാജുവിന്‍റെ പരാമർശങ്ങൾ ചാനലിന്‍റെ പേരിൽ ആരോപിക്കുന്നത് ശരിയല്ലെന്നും സ്ത്രീകളെ ബഹുമാനിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് സാക്ഷി ടിവി പ്രസ്താവന ഇറക്കി.കൃഷ്ണംരാജുവിനും അദ്ദേഹത്തിന്റെ പരാമർശങ്ങൾക്കും പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും വൈഎസ്ആർസിപി പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News