'കശ്മീരിൽ മനുഷ്യാവകാശ റെക്കോർഡ് മെച്ചപ്പെട്ടു; മോദിയെയും ലഫ്റ്റനൻറ് ഗവർണറെയും പുകഴ്ത്തി ഷെഹ്‌ല റാഷിദ്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിലടക്കം മോദി സർക്കാറിന്റെ കടുത്ത വിമർശകയായിരുന്നു ഷെഹ്‌ല റാഷിദ്

Update: 2023-08-16 15:26 GMT

Shehla Rashid

കശ്മീർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേന്ദ്ര സർക്കാറിനെയും ജമ്മു കശ്മീർ ലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹയെയും പുകഴ്ത്തി മനുഷ്യാവകാശ പ്രവർത്തകയും ജെഎൻയു സ്റ്റുഡൻറ്‌സ് യൂണിയൻ മുൻ നേതാവുമായ ഷെഹ്‌ല റാഷിദ്. സ്വാതന്ത്ര ദിനത്തിൽ കച്ചവട സ്ഥാപനങ്ങൾ തുറന്നതുമായി ബന്ധപ്പെട്ട എഎൻഐ ട്വീറ്റ് പങ്കുവെച്ചാണ് ബിജെപിയുടെയും കേന്ദ്രസർക്കാറിന്റെ കടുത്ത വിമർശകയായ അവർ പുകഴ്ത്തൽ നടത്തിയത്. 'ഇക്കാര്യം അംഗീകരിക്കുന്നത് എത്ര അസൗകര്യം നിറഞ്ഞതാണെങ്കിലും നരേന്ദ്ര മോദി സർക്കാറിനും ജമ്മു കശ്മീർ ലഫ്റ്റനൻറ് ഭരണത്തിനും കീഴിൽ കശ്മീരിലെ മനുഷ്യാവകാശ റെക്കോർഡ് മെച്ചപ്പെട്ടു. സർക്കാറിന്റെ ഇടപെടൽ നിരവധി ജീവനുകൾ രക്ഷിച്ചതായാണ് എന്റെ നിരീക്ഷണം' അവർ പറഞ്ഞു.

Advertising
Advertising

ആഗസ്ത് 15നാണ് ഈ ട്വീറ്റ് ഇവർ ട്വിറ്ററിൽ (എക്‌സ്) പ്രസിദ്ധീകരിച്ചത്. അതേദിവസം തന്നെ ഊർജ വിതരണ രംഗത്ത് ഇന്ത്യ സുപ്രധാന പങ്കാളിത്തം വഹിക്കുന്നതായുള്ള മോദിയുടെ പ്രസംഗത്തെയും അവർ ശരിവെച്ചു. വിഷയത്തിൽ നരേന്ദ്ര മോദിയുടെ സമീപനം സജീവമായിരുന്നുവെന്ന് പ്രശംസിക്കുകയും ചെയ്തു.

ആഗസ്ത് 14നും ഷെഹ്‌ല മോദി സ്തുതി നടത്തിയിരുന്നു. 'കശ്മീരികളുടെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സ്വത്വ പ്രതിസന്ധി ഒറ്റയടിക്ക് അവസാനിപ്പിക്കാൻ ഇപ്പോഴത്തെ സർക്കാരിന് കഴിഞ്ഞു. ഒരുപക്ഷേ ആർട്ടിക്ൾ 370 റദ്ദാക്കിയതിന്റെ നേട്ടം. അടുത്ത തലമുറ വൈരുധ്യമുള്ള സ്വത്വവുമായി വളരില്ല. ഒരുപക്ഷേ കൂടുതൽ രക്തച്ചൊരിച്ചിൽ ഉണ്ടാകില്ല. ഇവിടെ പ്രതീക്ഷയുണ്ട്' സമീപകാലത്ത് ട്വിറ്ററിൽ അത്ര സജീവമല്ലാതിരുന്ന അവർ കുറിച്ചു.

2019 ആഗസ്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തുമാറ്റിയതിലടക്കം എൻഡിഎയുടെ കടുത്ത വിമർശകയായിരുന്നു ഇവർ. കശ്മീരിലെ സൈനിക ഇടപെടലുകൾക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസലിന്റെ ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെൻറിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. കശ്മീരിന്റെ പദവി പുനഃസ്ഥാപിക്കാനായി ഇരുവരും ചേർന്ന് നൽകിയ ഹരജി കഴിഞ്ഞ മാസമാണ് പിൻവലിച്ചത്.

അതേസമയം, ഷെഹ്‌ല റാഷിദിനെ രാജ്യദ്രോഹക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഈ വർഷം ജനുവരിയിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനുമതി നൽകിയിരുന്നു. സൈന്യത്തിനെതിരെ ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് ഷെഹ്‌ലക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ജെ.എൻ.യു രാജ്യദ്രോഹ വിവാദത്തെ തുടർന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയന്റെ പ്രസിഡൻറായിരുന്ന കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തതോടെയാണ് ഷെഹല ശ്രദ്ധേയയായത്. അന്ന് കനയ്യ കുമാറിനെയും ഉമർ ഖാലിദിനെയും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർഥി പ്രക്ഷോഭം നയിച്ചത് ഷെഹ്‌ല റാഷിദായിരുന്നു.

അതേസമയം, ഷെഹ്‌ലയുടെ മോദി സർക്കാർ സ്തുതിക്കെതിരെ പലരും രംഗത്തെത്തി. 'കനയ്യ കുമാറും ഷെഹ്‌ലയും സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു, ഇവർ ജെഎൻയു വിദ്യാർഥി യൂണിയന്റെ പ്രസിഡൻറും വൈസ് പ്രസിഡൻറുമായിരുന്നു. ജനശ്രദ്ധയാകർഷിച്ചതും ഒരേ സമയത്തായിരുന്നു. വ്യാജക്കേസിൽ കനയ്യ ജയിലിൽ പോയി. പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും ഫാസിസ്റ്റ് മോദി സർക്കാറിനെതിരെ പോരാട്ടം തുടർന്നു. മോദിക്കെതിരെയുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധിയെ വിശ്വസിച്ച് പിന്നീട് കോൺഗ്രസിൽ ചേർന്നു.

ഷെഹ്‌ല ഷാ ഫൈസലിനൊപ്പം പാർട്ടിയുണ്ടാക്കിയെങ്കിലും അതിപ്പോളില്ല. മോദി സർക്കാറിനെതിരെ പോരാടുന്നത് അവർ നിർത്തി. തത്വങ്ങളിൽ ഒത്തുതീർപ്പിലെത്തി, സ്വന്തം സമുദായത്തെ വഞ്ചിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് കനയ്യ കോൺഗ്രസ് ആസ്ഥാനത്തും ഷെഹ്‌ല മോദി സർക്കാറുന്ന ട്വീറ്റ് എഴുത്തിലുമായിരുന്നു' ട്വിറ്ററിൽ ഷാന്ദനു എന്നയാൾ കുറിച്ചു.

'Human rights record improved in Kashmir; Shehla Rashid praised Modi and Jammu and Kashmir Lt Governor

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News