മോദിക്കെതിരായ കാര്‍ട്ടൂൺ; ദ് വയറിന് മെറ്റ ബ്ലോക്ക്; ദേശാഭിമാനിയുടെ പേജും പോയി

അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടില്ലെന്നായിരുന്നു ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ (എംഐബി) ഉദ്യോഗസ്ഥരോട് ബന്ധപ്പെട്ടപ്പോൾ വയറിന് ലഭിച്ച മറുപടി

Update: 2026-02-10 05:00 GMT

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂൺ പോസ്റ്റ് ചെയ്തതിന് പിന്നാലെ 'ദ് വയർ' വാർത്താ പോർട്ടലിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു. 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് മെറ്റ ഡിസേബിൾ ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് വയറിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് തുറന്ന വായനക്കാര്‍ക്ക് 'ഈ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമല്ല. ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യര്‍ഥന ഞങ്ങള്‍ പാലിച്ചതിനാലാണ് ഇത്' എന്ന സന്ദേശമാണ് ലഭിച്ചത്. VPN ആക്‌സസ് ഉള്ളവർക്കും ഇന്ത്യയുടെ അതിർത്തിക്ക് പുറത്തുള്ളവർക്കും അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിഞ്ഞു.

Advertising
Advertising

അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടില്ലെന്നായിരുന്നു ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ (എംഐബി) ഉദ്യോഗസ്ഥരോട് ബന്ധപ്പെട്ടപ്പോൾ വയറിന് ലഭിച്ച മറുപടി. ഇൻസ്റ്റഗ്രാമിലെ 52 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ആക്ഷേപഹാസ്യ കാർട്ടൂൺ ബ്ലോക്ക് ചെയ്യാൻ മന്ത്രാലയം മെറ്റയോട് ആവശ്യപ്പെട്ടതായും ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്തതായും ദ് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി 8.30ഓടെ പ്രധാന പേജ് പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും കാര്‍ട്ടൂൺ കാണാൻ സാധിച്ചില്ല.

രാജ്യത്തെ ഐടി നിയമപ്രകാരം, ഒരു പ്രത്യേക ലേഖനത്തിലേക്കോ പേജിലേക്കോ ഉള്ള ഉള്ളടക്കം ബ്ലോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് മന്ത്രാലയം പ്രസാധകനെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ട്. ഫെബ്രുവരി 7 ന് വൈകിട്ട് 6.30നാണ് ഇൻസ്റ്റഗ്രാം , ഫേസ്ബുക്ക് , എക്സ് എന്നീ പ്ലാറ്റ്ഫോമുകളിൽ പ്രസ്തുത കാർട്ടൂൺ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വയറിന് രേഖാമൂലമുള്ള ഒരറയിപ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ മേയ് മാസത്തിൽ ദ് വയറിന്‍റെ വെബ്സൈറ്റിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

അതിനിടെ സിപിഎമ്മിന്‍റെ മുഖപത്രമായ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജും മെറ്റ ഇന്നലെ മരവിപ്പിച്ചിരുന്നു. നടപടിക്ക് കാരണമെന്തെന്ന് വ്യക്തമല്ല. കാരണം അറിയിച്ചിട്ടില്ലെന്ന് മെറ്റ വ്യക്തമാക്കുന്നു. മെറ്റയുടെ നടപടി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസമാണെന്ന് ദേശാഭിമാനി പ്രതികരിച്ചു. ദേശാഭിമാനി പുതിയ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ട്.പുതിയ പേജ് താത്ക്കാലികമായി മാത്രമാണ് തുടങ്ങിയിരിക്കുന്നതെന്നും ദേശാഭിമാനി വ്യക്തമാക്കി. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News