'റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുംമുൻപേ നമുക്ക് പുഷ്പകവിമാനമുണ്ടായിരുന്നു'; വിചിത്രവാദവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

ഇന്ത്യ ഒരു ആധുനിക രാഷ്ട്രമല്ല, ആയിരം വര്‍ഷം പഴക്കമുള്ള രാജ്യമാണ്

Update: 2025-08-28 06:30 GMT
Editor : Jaisy Thomas | By : Web Desk

ഭോപ്പാൽ: റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിന് വളരെ മുമ്പേ തന്നെ ഇന്ത്യക്ക് പുഷ്പക വിമാനം എന്ന ആധുനിക വാഹനം ഉണ്ടായിരുന്നുവെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ചൊവ്വാഴ്ച ഭോപ്പാലിൽ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് , എഡ്യുക്കേഷൻ, ആന്‍ഡ് റിസര്‍ച്ചിന്‍റെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 'ഇന്ത്യ ഒരു ആധുനിക രാഷ്ട്രമല്ല, ആയിരം വര്‍ഷം പഴക്കമുള്ള രാജ്യമാണ്. ലോകം മുഴുവന്‍ ഇരുട്ടിലായിരുന്നപ്പോള്‍ ഇന്ത്യ ലോകത്തിന് വെളിച്ചം നല്‍കി. നമ്മുടെ ശാസ്ത്രവും സാങ്കേതികവിദ്യയും വളരെ പുരോഗമിച്ചതായിരുന്നു. മഹാഭാരതത്തില്‍ പറയുന്ന പുഷ്പക വിമാനം എന്നൊരു ആകാശവാഹനം നമുക്കുണ്ടായിരുന്നു' അദ്ദേഹം പറഞ്ഞു.

Advertising
Advertising

പുരാതന ഇന്ത്യയിലെ ആയുധ സാങ്കേതികവിദ്യയെക്കുറിച്ചും ചൗഹാന്‍ സംസാരിച്ചു. 'അഗ്നിഅസ്ത്രം, വരുണാസ്ത്രം, ബ്രഹ്മാസ്ത്രം എന്നിവയെക്കുറിച്ച് നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. അവ മഹാഭാരതത്തില്‍ ഉപയോഗിച്ചിരുന്നതാണ്. ആ ആയുധങ്ങള്‍ ലക്ഷ്യത്തില്‍ തട്ടിയ ശേഷം തിരികെ ആവനാഴിയിലേക്ക് മടങ്ങുമായിരുന്നു. ഇന്ന് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്നുണ്ടല്ലോ, എന്നാല്‍ നമ്മുടെ രാജ്യം ഇത് വളരെ മുമ്പേ തന്നെ നേടിയെടുത്തിരുന്നു.'

വികസിത പാശ്ചാത്യരാജ്യങ്ങളാണ് ഇന്ത്യയെ ശാസ്ത്രം പഠിപ്പിച്ചതെന്ന വിശ്വാസം തള്ളിക്കളയാനും ചൗഹാന്‍ ആവശ്യപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങള്‍ ശാസ്ത്രത്തെക്കുറിച്ച് വളരെ വൈകിയാണ് മനസ്സിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇത് ഇന്ത്യക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

നേരത്തെ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഹനുമാന്‍ ആദ്യ ബഹിരാകാശ സഞ്ചാരിയായിരുന്നുവെന്ന് അവകാശപ്പെട്ട് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ദേശീയ ബഹിരാകാശ ദിനത്തില്‍ പി എം ശ്രീ സ്‌കൂളിലെ വിദ്യാര്‍ഥികളോട് സംസാരിക്കേ അദ്ദേഹം ചോദിച്ചു, 'ബഹിരാകാശത്ത് യാത്രചെയ്ത ആദ്യത്തെ വ്യക്തി ആരായിരുന്നു?' ഇതിന് അദ്ദേഹം സ്വയം മറുപടി നല്‍കിയത്, 'എനിക്ക് തോന്നുന്നത് അത് ഹനുമാന്‍ജിയായിരുന്നു.' എന്നാണ്.

സോവിയറ്റ് യൂണിയനില്‍ നിന്നുള്ള യൂറി ഗഗാറിനാണ് ബഹിരാകാശത്ത് എത്തിയ ആദ്യത്തെ മനുഷ്യൻ. 1961 ഏപ്രില്‍ 12-ന് വോസ്‌തോക് 1-ല്‍ അദ്ദേഹം ഭൂമിയെ ഒരു തവണ വലംവെച്ചു. നാസയുടെ കണക്കനുസരിച്ച്, ഗഗാറിന്‍റെ ബഹിരാകാശ പേടകം മണിക്കൂറില്‍ 27,400 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചു. ദൗത്യത്തിന്‍റെ ആകെ ദൈര്‍ഘ്യം. 108 മിനിറ്റായിരുന്നു. തിരിച്ചിറങ്ങുന്ന സമയത്ത് കാപ്‌സ്യൂളില്‍ നിന്ന് പുറത്തുകടന്ന ശേഷം പാരച്യൂട്ട് ഉപയോഗിച്ച് അദ്ദേഹം സുരക്ഷിതമായി ഇറങ്ങി. ശാസ്ത്ര സത്യങ്ങള്‍ നിലനില്‍ക്കേ, ഇത്തരം വിചിത്ര പ്രസ്താവനകളുമായി ബിജെപി മന്ത്രിമാരും നേതാക്കളും തുടരെ വാര്‍ത്തകളില്‍ നിറയുകയാണ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News