'ഒരു അധിക്ഷേപ ട്വീറ്റെങ്കിലും എന്നെ കാണിക്കൂ'; ആരോപണങ്ങൾ തെളിഞ്ഞാൽ രാജിവെക്കുമെന്ന് മമതയോട് ഗവർണർ

പശ്ചിമബംഗാളിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു

Update: 2022-02-03 04:43 GMT
Editor : Lissy P | By : Web Desk
Advertising

പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ജഗ്ദീപ് ധൻഖറും തമ്മിലുള്ള പോര് പുതിയ വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രി ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ രാജിവെക്കുമെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ആരോപിക്കുന്ന പോലെ  താൻ സർക്കാറിനെ അധിക്ഷേപിച്ചുകൊണ്ടിട്ട ഏതെങ്കിലും ഒരു ട്വീറ്റ് തന്നെ കാണിക്കൂവെന്നും അദ്ദേഹം വെല്ലുവിളിച്ചു.

തന്റെ സർക്കാറിനെതിരെ അനാവശ്യ വിമർശനങ്ങൾ ഉയർത്തുന്ന ട്വീറ്റുകൾ അസ്വസ്ഥതയുണ്ടാക്കുന്നെന്ന് കാണിച്ച് മമതാ ബാനർജി ഗവർണറെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തിരുന്നു. ഗവർണറോടുള്ള പ്രതിഷേധം മുഖ്യമന്ത്രി പരസ്യമായി മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എല്ലാ ദിവസവും അദ്ദേഹം സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ലക്ഷ്യം വെക്കുകയും ചെയ്യുകയാണ്. ഇവരൊക്കെ അടിമത്തൊഴിലാളികളാണെന്നാണ് ഗവർണർ കരുതുന്നത്. ഗവര്‍ണര്‍ ഫോണുകള്‍ ചോര്‍ത്തുന്നു. പാർലമന്റിലെ ബജറ്റ് സമ്മേളനത്തെ പെഗാസസ് വിവാദം തടസപ്പെടുത്തുന്നത് പോലെയാണ് അദ്ദേഹത്തിന്റെ നടപടി. ഗവർണറെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാൽ ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ് ഗവർണർ രംഗത്തെത്തിയിരിക്കുന്നത്. ഇതാദ്യമാണ് മുഖ്യമന്ത്രിക്കെതിരെ പൊതുഇടത്തിൽ ഗവർണർ പ്രതികരിക്കുന്നത്. ജനാധിപത്യത്തിനും മനുഷ്യത്വത്തിനുമുള്ള വെല്ലുവിളി എന്നാണ് മുഖ്യമന്ത്രിയുടെ നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചത്.എന്റെ മേശപ്പുറത്ത് ഒരു ഫയലും കെട്ടിക്കിടക്കുന്നില്ല. കെട്ടിക്കിടക്കുന്ന വിഷയങ്ങളിൽ മറുപടി പറയേണ്ടത് സർക്കാരാണ്. അധിക്ഷേപകരമോ ന്യായീകരിക്കപ്പെടാത്തതോ ആയ രേഖയോ ട്വീറ്റോ ചൂണ്ടിക്കാണിക്കാൻ ഞാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. ധൻഖർ പറഞ്ഞു.

എനിക്ക് എല്ലാ ദിവസവും താജ് ബംഗാളിൽ നിന്ന് ഭക്ഷണം എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രസ്താവന ശരിയല്ല. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ എന്തുകൊണ്ട് ഇത്തരം തെറ്റായ ആരോപണങ്ങളെ ചോദ്യം ചെയ്യുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ത് ഏറ്റവും ദൗർഭാഗ്യകരവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്. റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി തനിക്ക് പതിവ് ആശംസകൾ കൈമാറിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 'ഞാൻ ഞെട്ടിപ്പോയി. ഇതുവരെ ഒരു സംസ്ഥാനത്തും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News