സിദ്ദു മൂസെവാല വധം: ഉത്തരവാദി പഞ്ചാബ് സര്‍ക്കാരെന്ന് പ്രതിപക്ഷം

ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പഞ്ചാബ് ഡി.ജി.പി

Update: 2022-05-30 03:01 GMT

ഛത്തിസ്ഗഢ്: കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസെവാലയെ വധിച്ചതിന്‍റെ ഉത്തരവാദിത്വം കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘം ഏറ്റെടുത്തെന്ന് പൊലീസ്. ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പഞ്ചാബ് ഡി.ജി.പി വി.കെ ഭാവ്‍ര പറഞ്ഞു. സിദ്ദു മൂസെവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് കൊലപാതകം നടന്നത്.

ഗുണ്ടാകുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. യൂത്ത് അകാലിദള്‍ നേതാവ് വിക്കി മിദ്ദുഖേര  കൊലപാതകത്തിൽ മൂസെവാലയുടെ മാനേജർ ഷഗൻപ്രീതിന്‍റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. മിദ്ദുഖേരയുടെ കൊലപാതകത്തിന് പ്രതികാരമായാണ് മൂസെവാലയെ വധിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രത്യേകസംഘം അന്വേഷണം തുടങ്ങി.

Advertising
Advertising

മൂസെവാലയും രണ്ട് സുഹൃത്തുക്കളും പഞ്ചാബിലെ ജവഹർകെ ഗ്രാമത്തിലേക്ക് ജീപ്പിൽ പോകുമ്പോഴാണ് അജ്ഞാതസംഘം വെടിയുതിര്‍ത്തത്. ഉടനെ മൂസെവാലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരണം സംഭവിച്ചു. മൂസെവാലയുടെ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു.

ഈ വര്‍ഷത്തെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായാണ് സിദ്ദു മൂസെവാല കോൺ​ഗ്രസിൽ ചേർന്നത്. ശുഭ്ദീപ് സിങ് സിദ്ദു എന്നാണ് ശരിക്കുള്ള പേര്. മാൻസ ജില്ലയിൽ നിന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നെങ്കിലും ആം ആദ്മിയുടെ ഡോ. വിജയ് സിം​ഗ്ലയോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മാസം സിദ്ദു ആം ആദ്മി പാർട്ടിയെയും അതിന്റെ അനുഭാവികളെയും തന്റെ 'സ്കേപ് ഗോട്ട്' എന്ന ഗാനത്തിലൂടെ ആക്ഷേപിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എഎപി അനുഭാവികളെ 'ഗദ്ദർ' (രാജ്യദ്രോഹി) എന്ന് വിളിച്ചതാണ് വിവാദമായത്.

വിഐപി സംസ്കാരം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് 424 പേരുടെ സുരക്ഷ പിന്‍വലിച്ചതെന്നാണ് പഞ്ചാബ് സര്‍ക്കാരിന്‍റെ വിശദീകരണം. സിദ്ദുവിനെ കൊലപ്പെടുത്തിയവരെ വെറുതെ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതികരിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പേർ സിദ്ദുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. താൻ അതീവ ദുഃഖിതനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് സിദ്ദുവിന്റെ സുരക്ഷ പിൻവലിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും സിദ്ദുവിന്റെ വിയോഗത്തിന് സംസ്ഥാന‍ സർക്കാരാണ് ഉത്തരം പറയേണ്ടതെന്നും പഞ്ചാബിലെ കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു. എ.എ.പി സര്‍ക്കാര്‍ രാജി വെയ്ക്കണമെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ആവശ്യപ്പെട്ടു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News