വിഷപ്പല്ലില്ലാത്ത പാമ്പ് പൊളിച്ചത് കൊലപാതകക്കഥ; ഭർത്താവിനെ കൊന്ന യുവതിക്കും ആൺസുഹൃത്തിനും വധശിക്ഷ
ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പാമ്പിനെ ശരീരത്തിലേക്ക് എറിയുകയായിരുന്നു
മീററ്റ്: ആൺസുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും ആൺസുഹൃത്തിനും വധശിക്ഷ. ഉത്തർപ്രദേശിലെ മീററ്റിലാണ് രവിത, ആൺ സുഹൃത്ത് അമർദീപ് എന്നിവർക്ക് കോടതി വധശിക്ഷ വിധിച്ചത്. കൊലപാതകം പാമ്പുകടിയേറ്റുള്ള മരണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും വിഷപ്പല്ല് നീക്കം ചെയ്ത പാമ്പ് പ്രതികളുടെ പദ്ധതി പൊളിക്കുകയായിരുന്നു.
രവിതയുടെ ഭർത്താവ് അമിത് കശ്യപിനെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പാമ്പിനെ ശരീരത്തിലേക്ക് എറിയുകയായിരുന്നു. പാമ്പുകടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പാമ്പിന്റെ വിഷപ്പല്ലുകൾ നീക്കം ചെയ്തിരുന്നതായും പാമ്പിന് വിഷമില്ലായിരുന്നുവെന്നും കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
രവിതയ്ക്കും അമിത് കശ്യപിനും മൂന്ന് കുട്ടികളുണ്ട്. വിധി പ്രസ്താവിച്ച കോടതി കുട്ടികളുടെ സംരക്ഷണച്ചുമതല ജില്ലാ മജിസ്ട്രേറ്റിനെ ഏൽപ്പിക്കുമെന്ന് അറിയിച്ചുനേരത്തെ, സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ മുസ്കാൻ റസ്തോഗിക്കും ആൺസുഹൃത്ത് സാഹിൽ ശുക്ലയ്ക്കും മീററ്റിലെ കോടതി വധശിക്ഷ വിധിച്ചിരുന്നു. സൗരഭിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി നീലനിറത്തിലുള്ള ഡ്രമ്മിൽ കോൺക്രീറ്റും മണലും നിറച്ച് ഒളിപ്പിച്ചെന്നാണ് കേസ്.