സോനു സൂദ്, റിതേഷ് ദേശ്മുഖ്, മിലിന്ദ് സോമന്‍; മുംബൈ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രമുഖരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനമാണ് മുംബൈ കോര്‍പ്പറേഷന്‍

Update: 2021-08-24 10:48 GMT
Editor : Suhail | By : Web Desk

പ്രമുഖരെ രംഗത്തിറക്കി മുംബൈ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. 227 സീറ്റുകളിലേക്കായി നടക്കുന്ന ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) തെരഞ്ഞെടുപ്പിലേക്ക് ബോളിവുഡ് താരങ്ങളായ സോനു സൂദ്, റിതേഷ് ദേശ്മുഖ്, മോഡല്‍ മിലിന്ദ് സോമന്‍ എന്നിവരെ കോര്‍പ്പറേഷനിലേക്ക് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുവാക്കളെ ആകര്‍ഷിക്കാനും പൊതുജനാഭിപ്രായം വോട്ടിന് അനുകൂലമാക്കാനുമാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുകാര്യ കമ്മിറ്റിയുടെ തീരുമാനം. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ബി.എം.സി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനമായ മുംബൈ കോര്‍പ്പറേഷന്റെ വാര്‍ഷിക ബജറ്റ് ഏകദേശം 37,000 കോടി രൂപയാണ്.

Advertising
Advertising

കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ വിലാസ്‌റാവു ദേശ്മുഖിന്റെ മകനാണ് ബോളിവുഡ് - മറാത്ത താരമായ റിതേഷ് ദേശ്മുഖ്. ബോളിവുഡ് താരമായ സോനു സൂദ്, തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോവിഡ് ദുരന്തത്തെ തുടര്‍ന്ന് സോനു സൂദ് നടപ്പിലാക്കിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അദ്ദേഹത്തെ ജനകീയനാക്കുകയും ചെയ്യുകയുണ്ടായി. മോഡലും ടെലിവിഷന്‍ താരവുമായ മിലന്ദ് സോമനും യുവാക്കള്‍ക്കിടയില്‍ വലിയ ജനപിന്തുണയുള്ള താരമാണ്.

ഇവരില്‍ നിന്നും തങ്ങളടെ മുംബൈ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ് തീരുമാനം. ശിവസേന നേതാവ് കിഷോരി പെഡ്‌നേക്കറാണ് നിലവില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍. ശിവസേന - എന്‍.സി.പി പാര്‍ട്ടികളുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസ്, കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News