കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 15 മരണം; നിരവധി പേര്‍ക്ക് പരിക്ക്
പരിക്കേറ്റവരെ കുംഭിലെ സെക്ടർ 2 ലെ താൽക്കാലിക ആശുപത്രിയിലേക്കാണ് മാറ്റിയത്
ലഖ്‌നൗ: കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 15 മരണം. നിരവധിപ്പേർക്ക് പരിക്ക്. മൗനി അമാവാസിയോട് അനുബന്ധിച്ച് പുണ്യ സ്നാനത്തിനായി പതിനായിരക്കണക്കിന് ആളുകൾ ത്രിവേണി സംഗമത്തിൽ തടിച്ച് കൂടിയതാണ് അപകടത്തിന് ഇടയാക്കിയത്. ആളുകളെ വേർപിരിക്കാനായി കെട്ടിയ തടയണകൾ പൊട്ടിയതാണ് അപകടകാരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ കുംഭിലെ സെക്ടർ 2 ലെ താൽക്കാലിക ആശുപത്രിയിലേക്കാണ് മാറ്റിയത്. നിരവധി പേരെ തിരക്കിൽ പെട്ട് കാണാതായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിക്കുകയും സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അടിയന്തര സഹായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
തിക്കിലും തിരക്കിലും പെട്ടതിനെ തുടർന്ന് ഇന്നത്തെ അമൃത് സ്‌നാൻ റദ്ദാക്കിയതായി അഖാര പരിഷത്ത് (കൗൺസിൽ) അറിയിച്ചു. അവശേഷിച്ചവരോട് പ്രദേശത്ത് നിന്ന് മാറാനും അറിയിച്ചിട്ടുണ്ട്. എത്ര പേർക്ക് പരിക്കേറ്റു എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ചില സ്ത്രീകളെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്.
ഇന്നലെ മൗനി അമാവാസി ദിനത്തിൽ 10 കോടിയിലധികം ഭക്തർ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഗംഗയിൽ പുണ്യസ്നാനം ചെയ്യാൻ ഏറ്റവും പുണ്യമുള്ള ദിനമായാണ് മൗനി അമാവാസി കരുതപ്പെടുന്നത്.