ഹൈദരാബാദ് വ്യാജ ഏറ്റുമുട്ടൽ കേസ് തെലങ്കാന ഹൈക്കോടതിയിലേക്ക്

വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവമാണ് വീണ്ടും നീതിപീഠത്തിലേക്കു എത്തുന്നത്

Update: 2022-05-21 02:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹൈദരാബാദ്: ഹൈദരാബാദ് വ്യാജ ഏറ്റുമുട്ടൽ കേസ് ഇനി തെലങ്കാന ഹൈക്കോടതിയിൽ. വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവമാണ് വീണ്ടും നീതിപീഠത്തിലേക്കു എത്തുന്നത്. പത്ത് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കാൻ അന്വേഷണ കമ്മീഷൻ ഇന്നലെ ശിപാർശ ചെയ്തിരുന്നു.

ഹൈദരാബാദ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിൽ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ കമ്മീഷന്‍റെ കണ്ടെത്തലാണ് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുന്നത്. 27 കാരിയായ വെറ്റിനറി ഡോക്ടറെ ബലാത്സഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചുകളയാൻ ശ്രമിച്ചെന്ന കേസിൽ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. യുവതിയുടെ മൃതദേഹം കിടന്ന സ്ഥലത്ത് തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുപോയി നാല് പേരെയും വ്യാജ ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തിയെന്നാണ് കമ്മീഷന്‍റെ കണ്ടെത്തൽ. പത്തു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കമ്മീഷൻ നടപടി ശുപാർശ ചെയ്തതിനാൽ തെലങ്കാന ഹൈക്കോടതി കോടതി വിചാരണയ്ക്കായി അയക്കും. എഫ് ഐ ആർ ഇട്ട് കൊലപാതക കുറ്റം ചുമത്തി തുടർ നടപടി എടുക്കണമെന്നാണ് കമ്മീഷന്‍റെ ശിപാർശ.

സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് വി.എസ് സിർപുർക്കർ അധ്യക്ഷനായ കമ്മീഷനിൽ ബോംബെ ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് രേഖാ സൊന്ദുർ ,മുൻ സി.ബി.ഐ ഡയറക്ടര്‍ ഡി.ആർ കാർത്തികേയൻ എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ. പൊലീസിന്‍റെ തോക്കു മോഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതികൾ പൊലീസിന് നേരെ വെടിവെച്ചപ്പോൾ തിരിച്ചു വെടിവെച്ചെന്നാണ് കമ്മീഷന് മുന്നിൽ വ്യക്തമാക്കിയത്. ഇത് കളവാണെന്ന് കമ്മീഷൻ കണ്ടെത്തിയതോടെയാണ് പൊലീസിന്‍റെ തിരക്കഥ പൊളിഞ്ഞത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News