''പബ്ലിസിറ്റി സ്റ്റണ്ടുകൾ ഇവിടെ വേണ്ട'' വഖഫ് നിയമത്തെ ചോദ്യം ചെയ്ത ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി

ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് വഖഫ് നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്

Update: 2022-04-13 16:14 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുകൊണ്ടുള്ള ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. നിയമനിർമാണ സഭകൾ പാസാക്കുന്ന നിയമത്തെ കൃത്യതയില്ലാതെ ചോദ്യം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പബ്ലിസിറ്റി സ്റ്റണ്ടുകൾക്ക് നിന്നുതരില്ലെന്നും സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് സൂചിപ്പിച്ചു.

ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് വഖഫ് നിയമത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. വഖഫ് നിയമം ഹിന്ദുക്കളുടെയും മറ്റ് അമുസ്‌ലിം വിഭാഗങ്ങളുടെയും അവകാശങ്ങളുടെ ലംഘനമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ഹരജി പരിണഗിച്ചത്. ഇക്കാര്യത്തിൽ പാർലമെന്റിന് എന്തെങ്കിലും നിർദേശം നൽകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റേതെങ്കിലും സമിതിയെ സമീപിക്കാൻ ഹരജിക്കാരനോട് ആവശ്യപ്പെട്ടു. കോടതി നിലപാടിനെ തുടർന്ന് അശ്വിനി ഉപാധ്യായ ഹരജി പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

Advertising
Advertising

''എന്തെങ്കിലും പ്രത്യേക വിഷയങ്ങൾ പറയാനുണ്ടോ? ഈ നിയമം കാരണം നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നം നേരിട്ടിട്ടുണ്ടെങ്കിൽ അതു കാണിക്കൂ.. നിയമങ്ങളെ ഇങ്ങനെ അപൂർണമായ രീതിയിൽ ചോദ്യം ചെയ്യുന്നത് അനുവദിക്കാനാകില്ല.''- ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. ''നിങ്ങളുടെ സ്വത്തുക്കൾ അപഹരിക്കപ്പെടുകയോ നിങ്ങൾ കുടിയിറക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ?'' ജസ്റ്റിസ് സൂര്യകാന്ത് ഹരജിക്കാരനോട് ചോദിച്ചു.

ഹരജിയിൽനിന്ന് ഒരു ഭാഗം വായിച്ചോട്ടേയെന്ന് ഹരജിക്കാരൻ ചോദിച്ചപ്പോൾ അത്തരം പബ്ലിസിറ്റി സ്റ്റണ്ടുകളൊന്നും ഇവിടെ വേണ്ടെന്നായിരുന്നു ജഡ്ജിമാരുടെ മറുപടി. ''എല്ലാ ട്രസ്റ്റുകൾക്കുമായൊരു പൊതുനിയമം വേണമെന്നാണ് നിങ്ങൾ പറയുന്നത്. അത് പാർലമെന്റിന്റെ ഭരണഘടനാ അധികാരത്തിൽ വരുന്ന കാര്യമാണ്. അക്കാര്യത്തിൽ പാർലമെന്റിനോട് ഞങ്ങൾക്ക് നിർദേശിക്കാനാകില്ല. നിയമത്തിന്റെ ഭരണഘടനാ സാധുതയുടെ കാര്യത്തിൽ ഞങ്ങൾക്ക് വളരെ സൂക്ഷിച്ചുവേണം ഇടപെടാൻ ഒരു നിയമനിർമാണ സഭ പാസാക്കിയ നിയമത്തെ ചോദ്യം ചെയ്യുമ്പോൾ താങ്കൾക്കും ജാഗ്രത വേണം''- ജ. ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി.

Summary: Supreme court refuses to entertain plea challenging Waqf law, submitted by BJP leader and lawyer Ashwini Upadhyay

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News