തങ്കത്തിങ്കളില്‍ താജ്; രാത്രികാല സന്ദര്‍ശനത്തിന് താജ്മഹല്‍ തുറക്കുന്നു

മൂന്നു സ്ലോട്ടുകളിലായാണ് സന്ദര്‍ശകരെ കടത്തി വിടുക, ഒരു സ്ലോട്ടില്‍ അന്‍പത് പേര്‍ക്കാണ് അനുമതി.

Update: 2021-08-20 14:49 GMT
Editor : Suhail | By : Web Desk
Advertising

ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം രാത്രി സന്ദര്‍ശകര്‍ക്കായി വീണ്ടും താജ്മഹല്‍ തുറന്നുകൊടുക്കുന്നു. ആഗസ്റ്റ് 21 മുതല്‍ വെണ്ണക്കല്‍ അത്ഭുതത്തിന്റെ രാത്രികാല ഭംഗി ആസ്വദിക്കാനും സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി.

ഒന്നാം കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പതിനേഴിനാണ് താജ്മഹലിലേക്ക് രാത്രി സന്ദര്‍ശകരെ വിലക്കിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് താജ്മഹലിലേക്ക് വീണ്ടും രാത്രി സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. മൂന്നു സ്ലോട്ടുകളിലായാണ് സന്ദര്‍ശകരെ കടത്തി വിടുകയെന്ന് ആര്‍ക്കിയോളജിക്കല്‍ വകുപ്പ് അറിയിച്ചു.

രാത്രി എട്ടര മുതല്‍ ഒന്‍പത് വരെ അരമണിക്കൂര്‍, ഒന്‍പതു മണി മുതല്‍ ഒന്‍പതര വരെ, ഒന്‍പതര മുതല്‍ പത്തു മണിവരെ എന്നിങ്ങനെ മൂന്ന് സ്ലോട്ടുകളിലാണ് സന്ദര്‍ശന സമയം. ഒരു സ്ലോട്ടില്‍ അന്‍പതു പേര്‍ക്കു വരെയാണ് സന്ദര്‍ശനാനുമതി. ഒരു ദിവസം മുന്‍പായി ടിക്കറ്റ് ബുക്ക് ചെയ്യണം.

പുതിയ ഇളവ് വിനോദസഞ്ചാര മേഖലക്ക് ഉണര്‍വു നല്‍കുമെന്ന് താജ്മഹലിലെ ടൂറിസ്റ്റ് ഗൈഡുമാര്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ പൂര്‍ണമായും എടുത്തു മാറ്റാത്തതും പത്തു മണിക്ക് ശേഷം രാത്രികാല കര്‍ഫ്യു നിലനില്‍ക്കുന്നതും കാരണം കൂടുതല്‍ ഇളവുകള്‍ നിലവില്‍ സാധ്യമല്ലെന്ന് ടൂറിസം അധികൃതര്‍ അറിയിച്ചു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News