ഓൾ ഇന്ത്യ റേഡിയോ ട്രിച്ചി എഫ്എമ്മിലെ രാത്രി പ്രോഗ്രാമുകൾ ഹിന്ദിയിൽ; പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിൻവലിച്ചു
ഹിന്ദിക്ക് പകരം തമിഴ് ഭാഷയിലുള്ള പരിപാടികളായിരിക്കും ഇനി മുതൽ രാത്രി പ്രക്ഷേപണം ചെയ്യുക
ചെന്നൈ: ഓൾ ഇന്ത്യ റേഡിയോ ട്രിച്ചി എഫ്എമ്മിലെ രാത്രി പ്രോഗ്രാമുകൾ ഹിന്ദിയിലാക്കിയത് വലിയ വിവാദമായിരുന്നു. ശ്രോതാക്കളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇപ്പോൾ തീരുമാനം പിൻവലിച്ചിരിക്കുകയാണ്. ഹിന്ദിക്ക് പകരം തമിഴ് ഭാഷയിലുള്ള പരിപാടികളായിരിക്കും ഇനി മുതൽ രാത്രി പ്രക്ഷേപണം ചെയ്യുക.
തീരുമാനം പരമ്പരാഗത ശ്രോതാക്കൾക്ക് ആശ്വാസമായെങ്കിലും ഭാവിയിൽ ഏകപക്ഷീയമായ ഭാഷാ മാറ്റങ്ങൾ വരുത്തരുതെന്ന് അവരിൽ പലരും ആകാശവാണിയോട് ആവശ്യപ്പെട്ടു. 2024 ആഗസ്ത് മുതൽ, ട്രിച്ചി സ്റ്റേഷൻ ചെന്നൈ എഫ്എം 101.4 വഴി രാത്രിയിൽ (രാത്രി 11 മുതൽ പുലർച്ചെ 5.45 വരെ) തമിഴ് പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ടെന്ന് ആകാശവാണി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കഴിഞ്ഞ ഏപ്രിൽ 9 മുതൽ,പ്രസാര്‍ ഭാരതിയുടെ നിർദേശപ്രകാരം ഈ സമയത്ത് ഹിന്ദി ഉള്ളടക്കമുള്ള പരിപാടികളാണ് പ്രേക്ഷപണം ചെയ്യുന്നത്. പെട്ടെന്നുള്ള മാറ്റം ശ്രോതാക്കളിൽ നിന്നും വ്യാപക എതിര്‍പ്പിന് കാരണമായി. ഈ വിഷയം ട്രിച്ചി എംപി ദുരൈ വൈകോയുടെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം ഭാഷാ മാറ്റത്തെ അപലപിക്കുകയും തമിഴ് പ്രക്ഷേപണങ്ങൾ പുനഃസ്ഥാപിക്കാൻ ആകാശവാണിയോട് ആവശ്യപ്പെടുകയും ചെയ്തു. തമിഴ് സംസാരിക്കുന്ന ഒരു പ്രദേശത്ത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്‍റെ ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് എംപി ചൂണ്ടിക്കാട്ടി.
പ്രതിഷേധത്തെ തുടര്‍ന്ന് മേയ് 31 മുതൽ ചെന്നൈ എഫ്എം വഴി തമിഴ് റിലേ പുനരാരംഭിച്ചതായി ട്രിച്ചി എഫ്എം വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പ്രാദേശിക പ്രേക്ഷകരിൽ ഭൂരിഭാഗവും ഹിന്ദിയിൽ പ്രാവീണ്യമില്ലാത്തതിനാൽ, രാത്രി പ്രക്ഷേപണങ്ങൾ തമിഴിൽ തന്നെ തുടരുകയോ കര്‍ണാടിക് സംഗീത പരിപാടികൾ ഉൾപ്പെടുത്തുകയോ ചെയ്യണമെന്ന് ശ്രോതാക്കൾ ആവശ്യപ്പെട്ടു. "തമിഴ്‌നാട്ടിലെ ആകാശവാണി സ്റ്റേഷനുകൾ തമിഴ് പരിപാടികൾക്ക് മുൻഗണന നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾക്ക് ഒരു സ്ഥിരമായ ഉറപ്പ് ആവശ്യമാണ്," കെകെ നഗറിൽ നിന്നുള്ള ദീർഘകാല ശ്രോതാവായ എൻ. പെരിയസാമി പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് പെരിയസാമി ഓൾ ഇന്ത്യ റേഡിയോക്കും പ്രസാര്‍ ഭാരതിക്കും ഇരുപതിലധികം പരാതികൾ അയച്ചിരുന്നു.
ചെന്നൈയിലെ എഫ്എം റെയിൻബോ 101.4 ലും ഇതേ രീതി തന്നെ നടപ്പാക്കിയിരുന്നു. 2024 ജൂലൈ മുതൽ ഹിന്ദി പരിപാടികളാണ് രാത്രിയിൽ പ്രക്ഷേപണം ചെയ്തിരുന്നത്. വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തോട് മുഴുവൻ സമയ തമിഴ് പ്രോഗ്രാമിംഗ് ഉടൻ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു."ഇത് തമിഴ്‌നാട്ടിൽ ഹിന്ദി നടപ്പിലാക്കാനുള്ള സൂക്ഷ്മവും എന്നാൽ മനഃപൂർവവുമായ ഒരു നീക്കമാണ്, ഭാഷാ അവകാശങ്ങൾക്ക് മേലുള്ള ആക്രമണവുമാണ്. ഞങ്ങൾ ഇത് അംഗീകരിക്കില്ല," ദുരൈ വൈകോ ശനിയാഴ്ച പറഞ്ഞു. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ആകാശവാണി സ്റ്റേഷനുകളിൽ ഒന്നാണ് ട്രിച്ചി എഫ്എം 102.1. പത്ത് ജില്ലകളിലേക്കും കൂടി ഇത് വ്യാപിപ്പിക്കുമെന്നാണ് വിവരം.