ചുമതലയിൽ നിന്ന്‌ നീക്കിയതിൽ അതൃപ്തി; താരിഖ് അൻവർ കോൺഗ്രസ് വിടാനൊരുങ്ങുന്നു

ജനറൽ സെക്രട്ടറിസ്ഥാനത്ത് നിന്ന് നീക്കിയതിൽ അതൃപ്തിയുള്ള അൻവർ എൻ.സി.പിയിലേക്ക് മടങ്ങാനൊരുങ്ങുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു

Update: 2024-01-08 13:29 GMT

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് താരിഖ് അൻവർ പാർട്ടിവിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. കോൺഗ്രസ് അധ്യക്ഷനായെത്തിയ ശേഷം മല്ലികാർജുൻ ഖാർഗെ നടത്തിയ ആദ്യ അഴിച്ചുപണിയിൽ ജനറൽ സെക്രട്ടറിയായിരുന്ന താരിഖ് അൻവറിനെ പദവിയിൽ നിന്ന് നീക്കിയിരുന്നു. ഇതിൽ അസംതൃപ്തനായ അൻവർ എൻ.സി.പിയിലേക്ക് തിരികെ പോകാനൊരുങ്ങുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന താരിഖ് അൻവറിനെ മാത്രമാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഖാർഗെ അഴിച്ചുപണിയിലൂടെ നീക്കിയത്. ഇതിന് പിന്നാലെ നടന്ന പാർട്ടി നേതൃയോഗങ്ങളിൽ നിന്നെല്ലാം അൻവർ വിട്ടു നിന്നിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിലും ബിഹാറിൽ നിന്നുള്ള നേതാക്കളുമായി നടന്ന യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

Advertising
Advertising

കോൺഗ്രസ് അധ്യക്ഷയെന്ന നിലയിൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തെ എതിർത്താണ് 1999 ൽ താരിഖ് അൻവർ കോൺഗ്രസ് വിടുന്നത്. തുടർന്ന് ശരദ് പവാറിനും പി.എ. സാങ്മയ്ക്കുമൊപ്പം ചേർന്ന് എൻ.സി.പി. രൂപവത്കരിച്ചു. പാർട്ടി വിടുമ്പോൾ അന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നു അൻവർ. ഒമ്പത് വർഷങ്ങൾക്ക് ശേഷം 2018-ലാണ് കോൺഗ്രസിലേക്ക് അൻവർ തിരിച്ചെത്തിയത്.

റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി  ശരദ് പവാർ  പ്രസ്താവന നടത്തിയതിൽ പ്രതിഷേധിച്ചാണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന താരിഖ് അൻവർ എൻ.സി.പി വിട്ടത്. വീണ്ടും കോൺഗ്രസിലെത്തിയ അൻവറിന് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനവും പാർട്ടി നൽകിയിരുന്നു.

എന്നാൽ പാർട്ടിവിടുന്നുവെന്ന അഭൂഹങ്ങൾക്കിടയിലും പാർട്ടിപരിപാടികളിൽ പങ്കെടുത്ത ചിത്രങ്ങൾ അൻവർ എക്സിൽ പങ്കുവെച്ചു. താരിഖ് അൻവറിന് പകരം ദീപദാസ് മുൻഷിക്കാണ് കേരളത്തിന്റെ  ചുമതല നൽകിയിരിക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News