സ്വത്ത് വിവരങ്ങള്‍ വ്യാജം: തെലങ്കാന എം.എല്‍.എയെ ഹൈക്കോടതി അയോഗ്യനാക്കി

എതിര്‍സ്ഥാനാര്‍ഥിയെ കോടതി വിജയിയായി പ്രഖ്യാപിച്ചു

Update: 2023-07-26 02:43 GMT
Advertising

ഹൈദരാബാദ്: തെലങ്കാനയിൽ എം.എൽ.എയെ അയോഗ്യനാക്കി ഹൈക്കോടതി. കൊത്തഗുഡം എം.എൽ.എ വാനമ വെങ്കിടേശ്വര റാവുവിന്റെ തെരഞ്ഞെടുപ്പ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. 2018ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്തുക്കളെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിനെ തുടര്‍ന്നാണ് ഭാരത് രാഷ്ട്ര സമിതി എം.എല്‍.എയെ അയോഗ്യനാക്കിയത്. അഞ്ച് ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.

2018ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വാനമ വെങ്കിടേശ്വര റാവു പിന്നീട് ബി.ആര്‍.എസില്‍ ചേരുകയായിരുന്നു. റാവു തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന് എതിർസ്ഥാനാർഥി ജലഗം വെങ്കട്ട് റാവുവാണ് (അന്ന് ടി.ആര്‍.എസ് സ്ഥാനാര്‍ഥി) ഹരജി നല്‍കിയത്. സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് വെങ്കിടേശ്വര റാവു തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് രാധാറാണി തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്. ജലഗം വെങ്കിട്ട റാവുവിനെ വിജയിയായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു.

2018ലെ തെരഞ്ഞെടുപ്പിൽ വെങ്കിടേശ്വര റാവുവിന് 81,118 വോട്ട് ലഭിച്ചപ്പോൾ വെങ്കട്ട് റാവു നേടിയത് 76,979 വോട്ടാണ്. 4,139 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വെങ്കിടേശ്വര റാവുവിന്‍റെ വിജയം. ഈ വിധി താന്‍ പ്രതീക്ഷിച്ചതാണെന്നും എം.എൽ.എയായി പ്രഖ്യാപിക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും വെങ്കട്ട് റാവു പറഞ്ഞു- “എന്‍റെ വാദത്തിൽ മെറിറ്റുണ്ടെന്നും സത്യം വിജയിക്കുമെന്നും എനിക്കറിയാമായിരുന്നു”. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 5 മാസം മാത്രമാണ് ബാക്കിയുള്ളത്.

Summary- The Telangana high court on Tuesday set aside the election of Bharat Rashtra Samithi (BRS) lawmaker Vanama Venkateswara Rao for having given incorrect information about his assets in his 2018 election affidavit and imposed a ₹5 lakh fine on him

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News