'കേരളത്തിൽ മാർക്ക് ജിഹാദ്'; വിവാദ പരാമർശവുമായി ഡൽഹി സർവകലാശാല പ്രൊഫസർ

ആർ എസ് എസ് ബന്ധമുള്ള അധ്യാപക സംഘടന നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്‍റെ മുന്‍ പ്രസിഡന്‍റ് കൂടിയാണ് പാണ്ഡെ

Update: 2021-10-07 05:06 GMT
Editor : Nisri MK | By : Web Desk
Advertising

മലയാളി വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശവുമായി ഡൽഹി സർവകലാശാല പ്രൊഫസർ. കേരളത്തിൽ മാർക്ക് ജിഹാദ് നടക്കുന്നതായി പ്രൊഫസർ രാകേഷ് കുമാർപാണ്ഡെ ആരോപിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പരാമർശം. ആർ എസ് എസ് ബന്ധമുള്ള അധ്യാപക സംഘടന നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്‍റെ മുന്‍ പ്രസിഡന്‍റ് കൂടിയാണ് പാണ്ഡെ.

'കേരളത്തിൽ നിന്നും ഡൽഹി സർവകലാശാലയിൽ കൂടുതൽ അപേക്ഷകൾ വന്നത് അസ്വാഭാവികം. ഇടതുപക്ഷം ജെ എൻ യുവിൽ പരീക്ഷിച്ച നടപടി ഡൽഹി സർവകലാശാലയിലും നടാപ്പാക്കുന്നു.' - രാകേഷ് കുമാർപാണ്ഡെ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

ഡല്‍ഹി സര്‍വകലാശാലയിലെ പ്രവേശന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ കട്ട് ഓഫ് പുറത്തുവന്നപ്പോള്‍ തന്നെ നിരവധി മലയാളി വിദ്യാര്‍ഥികള്‍ ഇവിടെ പ്രവേശനം നേടിയിരുന്നു. ഇതാണ് പ്രൊഫസറെ ചൊടിപ്പിച്ചത്.

കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ട്. ഇത്രയധികം വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പ്രവേശനം എടുത്തിരിക്കുന്നത് വലിയൊരു വിഭാഗത്തിന്‍റെ ഗൂഡാലോചനയുടെ ഭാഗമാണെന്നും രാകേഷ് കുമാർപാണ്ഡെ ആരോപിക്കുന്നു. ഇടതുപക്ഷം ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ പരീക്ഷിച്ച അതേ നടപടിയാണ് ഡൽഹി സർവകലാശാലയിലും നടാപ്പാക്കുന്നതെന്നും കുമാർപാണ്ഡെ പറഞ്ഞു.

ഓണ്‍ലൈന്‍ പരീക്ഷയായതിനാല്‍ കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് 100 ശതമാനം മാര്‍ക്ക് കിട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നാണെന്നും രാകേഷ് കുമാര്‍ ആരോപിച്ചു. 

കേരളത്തില്‍ മാര്‍ക്ക് ജിഹാദ് എന്ന തലക്കെട്ടാണ് പ്രൊഫസർ ഇതിനായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും ഇടതുപക്ഷ സംഘടനകളും ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്.

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News