വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യാമാതാവ്

‘പ്രതിയെ തൂക്കിലേറ്റണം’

Update: 2024-08-20 06:45 GMT

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണവും പ്രതിഷേധവും തുടരുന്നതിനിടെ അറസ്റ്റിലായ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യാമാതാവ്. മുൻ ഭാര്യയെ പ്രതി സഞ്ജയ് മർദിക്കാറുണ്ടായിരുന്നുവെന്ന് ഇവർ പറഞ്ഞു. മൂന്ന് മാസം ഗർഭിണിയായ ഭാര്യയെ മർദിക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു. ബലാത്സംഗ കൊലപാതക കേസിൽ പ്രതിയെ തൂക്കിലേറ്റണമെന്നും ഭാര്യാമാതാവ് ആവശ്യപ്പെട്ടു.

കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 31കാരിയായ ട്രെയ്നീ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയുണ്ട്. സഞ്ജയ് റോയിക്ക് ഇത് ഒറ്റക്ക് ചെയ്യാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.

Advertising
Advertising

സഞ്ജയ് റോയിയുമായുള്ള മകളുടെ ബന്ധം സംഘർഷങ്ങൾ നിറഞ്ഞതായിരുന്നു. ആദ്യത്തെ ആറ് മാസം വളരെ നല്ലനിലയിലായിരുന്നു കാര്യങ്ങൾ. മൂന്ന് മാസം ഗർഭിണിയായപ്പോൾ മർദിക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവശേഷം അവൾ രോഗിയായി മാറി. മകളുടെ ചികിത്സയുടെ ചെലവുകൾ താനാണ് വഹിച്ചതെന്നും മാതാവ് പറഞ്ഞു.

കേസ് അന്വേഷിക്കുന്ന സി.ബി.ഐ തിങ്കളാഴ്ച സഞ്ജയ് റോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാൾ ഒറ്റക്കാണോ കൃത്യം നടത്തിയെന്നത് സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. കൂടാതെ ഇയാളുടെ നുണപരിശോധന നടത്താനും കോടതി അനുമതി നൽകി.

ആശുപത്രിയിൽ സന്നദ്ധ പ്രവർത്തകനായി സേവനമനുഷ്ഠിക്കുകയായിരുന്നു റോയ്. പരിശീലനം നേടിയ ബോക്സർ കൂടിയായ ഇയാൾക്ക് പല മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടായിരുന്നു. കൊൽക്കത്ത പൊലീസ് വെൽഫെയർ ബോർഡിൽ സേവനം ചെയ്തിരുന്ന ഇയാളെ ആർ.ജി കർ മെഡിക്കൽ കോളജിലെ പൊലീസ് ഔട്ട്പോസ്റ്റിലേക്ക് നിയമിക്കുകയായിരുന്നു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News