ബി.ജെ.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തി അയോധ്യയിലെ ജനങ്ങൾ ക്ഷേത്ര രാഷ്ട്രീയം തിരുത്തി: ശരത് പവാർ

‘നമ്മുടെ രാജ്യത്തെ ജനങ്ങൾ തികച്ചും ബുദ്ധിയുള്ളവരാണ്’

Update: 2024-06-11 16:29 GMT

മുംബൈ: ബി.ജെ.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തി അയോധ്യയിലെ ജനങ്ങൾ ക്ഷേത്ര രാഷ്ട്രീയം തിരുത്തിയെന്ന് എൻ.സി.പി (എസ്.പി) നേതാവ് ശരത് പവാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 60 സീറ്റാണ് കുറഞ്ഞത്. ഇതിൽ വളരെ നിർണായകമായത് ഉത്തർ പ്രദേശാണ്. അവിടെയുള്ള ജനങ്ങൾ വ്യത്യസ്തമായ ജനവിധിയാണ് നൽകിയതെന്നും ശരത് പവാർ പറഞ്ഞു.

രാ​മക്ഷേത്രം പ്രധാന അജണ്ടയാകുമെന്നും ബി.ജെ.പിക്ക് അതുവഴി കൂടുതൽ വോട്ട് കിട്ടുമെന്നുമാണ് താൻ കരുതിയിരുന്നത്. എന്നാൽ, നമ്മുടെ രാജ്യത്തെ ജനങ്ങൾ തികച്ചും ബുദ്ധിയുള്ളവരാണ്. ക്ഷേത്രത്തിന്റെ പേരിൽ വോട്ട് തേടുന്നത് തിരിച്ചറിഞ്ഞ ജനങ്ങൾ മറിച്ചൊരു നിലപാടാണ് എടുത്തത്.

Advertising
Advertising

അങ്ങനെ ബി.ജെ.പി പരാജയം നേരിട്ടു. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നത് രാഷ്ട്രീയം കൊണ്ടല്ല, മറിച്ച് ജനങ്ങളുടെ കൂട്ടായ മനഃസാക്ഷി കാരണമാണ്.

കഴിഞ്ഞ 10 വർഷമായി അധികാരത്തിലിരിക്കുന്നവർ തീവ്ര നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ, ജനം അവരെ മണ്ണിലേക്ക് തിരികെ കൊണ്ടുവന്നു. സ്വന്തം നിലയിലല്ല നരേന്ദ്ര മോദി സർക്കാർ രൂപീകരിച്ചത്. ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും സഹായം അവർക്ക് സ്വീകരിക്കേണ്ടി വന്നു. മറ്റുള്ളവരുടെ സഹായത്തോടെ ഭരണം നടത്തുമ്പോൾ വിട്ടുവീഴ്ചകൾ വേണ്ടി വരും. അത്തരമൊരു സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും പവാർ പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News