കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയിൽ മുസ്‌ലിം ട്രക്ക് ഡ്രൈവറെ കാവഡ്‌ യാത്രികർ മർദിച്ചു കൊലപ്പെടുത്തി

ഡ്രൈവർക്കെതിരെ ആക്രമണം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ആരും തന്നെ വിഷയത്തിൽ ഇടപെടാനോ ആക്രമം തടയാനോ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്. ഇത് ശരിവെക്കുന്ന തരത്തിലുള്ള അക്രമസമയത്തെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു

Update: 2025-08-09 14:26 GMT

ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ കന്നുകാലികളെ കടത്തുന്നുവെന്ന സംശയത്തെ തുടർന്ന് മുസ്‌ലിം ട്രക്ക് ഡ്രൈവറെ കാവഡ്‌ യാത്രികർ മർദിച്ചു കൊലപ്പെടുത്തി. ഷാജൻപൂരിലെ ബദൗൺ റോഡിലെ പാടൻ ദേവ്കലിയിലാണ് സംഭവം.

കാവഡ്‌ യാത്ര നടക്കുന്നതിനിടെ കടന്നുപോയ ട്രക്കിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് കന്നുകാലികളെ കടത്തുന്നുണ്ടെന്ന സംശയമുണ്ടാകുന്നതും ട്രക്ക് നിർത്തിക്കുന്നതും. ട്രക്കിൽ നടത്തിയ പരിശോധനയിൽ മൃഗത്തിന്റെ തൊലി കണ്ടെത്തിയതോടെ കാവഡ്‌ യാത്രക്കാർ ഡ്രൈവറെ മർദിക്കുകയായിരുന്നു. അധികാരികളെ അറിയിക്കാനോ തൊലി കന്നുകാലിയുടേതാണോ എന്ന് ഉറപ്പിക്കാനോ അക്രമികൾ തയാറായില്ല.

Advertising
Advertising

ഡ്രൈവർക്കെതിരെ ആക്രമണം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ആരും തന്നെ വിഷയത്തിൽ ഇടപെടാനോ ആക്രമം തടയാനോ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്. ഇത് ശരിവെക്കുന്ന തരത്തിലുള്ള അക്രമസമയത്തെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അക്രമികളായ ആൾക്കൂട്ടം ട്രക്കിന് തീയിട്ട് നശിപ്പിച്ചിക്കുകയും ചെയ്തു.

അക്രമം തടയാൻ യാതൊരു നടപടിയും സ്വീകരിക്കാതെ കാഴ്ചക്കാരായി നോക്കി നിന്ന പൊലീസിന്റെ നടപടിയെ വിമർശിച്ച് മനുഷ്യാവകാശ പ്രവർത്തകരും പ്രാദേശിക നേതാക്കളും രംഗത്തുവന്നു. കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചുള്ള അതിക്രമ കേസുകൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് തടയുന്നതിനായി ഭരണകൂടം നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന ആരോപണവുമുണ്ട്.

അക്രമ സമയത്ത് പൊലീസ് ഇടപെട്ടിരുന്നെങ്കിൽ യുവാവിനെ രക്ഷിക്കാമായിരുന്നുവെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി പറയുന്നു. കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് നിരവധി ആളുകൾ പറയുന്നു. പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് ഇത്തര ആക്രമണങ്ങൾ വർധിക്കാനുള്ള കാരണമെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News