വെറും മൂന്ന് മണിക്കൂര്‍ മതി ഈ സംസ്ഥാനം മുഴുവൻ ചുറ്റാൻ; ഏതാണീ ഈ കൊച്ചു സംസ്ഥാനം?

ബീച്ചുകളും ചരിത്രശേഷിപ്പുകളും സമൃദ്ധമായ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം

Update: 2025-08-28 07:46 GMT
Editor : Jaisy Thomas | By : Web Desk

പനാജി: മലകളും പുഴകളും ഹരിതഭംഗികളും താഴ്വരകളും പീഠഭൂമികളും തീരങ്ങളും മരുഭൂമികളാലും നിറഞ്ഞ ഭൗമ വൈവിധ്യത്തിന്‍റെ പറുദീസയാണ് നമ്മുടെ രാജ്യം. ഭൂപ്രകൃതിയിൽ മാത്രമല്ല, സംസ്കാരം, ഭാഷ, പാരമ്പര്യം എന്നിവയിൽ വളരെയധികം വൈവിധ്യങ്ങളുള്ള നാട് കൂടിയാണ്. ഓരോ സംസ്ഥാനത്തിനും അതിന്‍റേതായ ആചാരങ്ങളും പാരമ്പര്യങ്ങളും ഉത്സവങ്ങളും ഭാഷകളുമുണ്ട്. ഇന്ത്യയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും വൈവിധ്യമാര്‍ന്ന സംസ്കാരത്തെക്കുറിച്ചറിയാനും നിരവധി സഞ്ചാരികളാണ് രാജ്യത്തിനകത്തും പുറത്തും നിന്നുമായി ഓരോ വര്‍ഷവും പല സംസ്ഥാനങ്ങളിലേക്കായി എത്തുന്നത്.

Advertising
Advertising

രാജ്യത്തെ പല സംസ്ഥാനങ്ങളും ഒന്ന് കണ്ടുവരാൻ ദിവസങ്ങൾ വേണ്ടിവരും. എന്നാൽ ഒരു കാറെടുത്താൽ വെറും മൂന്ന് മണിക്കൂറിനുള്ളിൽ ചുറ്റിക്കാണാവുന്ന ഒരു സംസ്ഥാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം, എന്നാല്‍ സഞ്ചാരികള്‍ കൂടുതലെത്തുന്നതും ഇവിടെയാണ്. കടല്‍ത്തീരങ്ങള്‍,വനപ്രദേശങ്ങള്‍,വെള്ളച്ചാട്ടങ്ങള്‍ എന്നിവ കൊണ്ട് സമൃദ്ധമായ ലോകത്തിലെ തന്നെ മികച്ച ഡെസ്റ്റിനേഷന്‍. നൈറ്റ്‌ലൈഫിന്‍റെ വൈബൂം പൈതൃകങ്ങളുടെ ചരിത്രശേഷിപ്പുകളും ഒരുമിച്ച് ആസ്വദിക്കാം.ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നായ ഗോവയാണ് ഈ കൊച്ചു സംസ്ഥാനം.

3702 ചതുരശ്ര കിലോമീറ്ററുകള്‍ മാത്രം വിസ്തീര്‍ണ മുള്ള ഗോവ കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ ചുറ്റിക്കാണാം. വടക്ക് ഭാഗത്തെ പത്രാദേവിയ്ക്കും തെക്ക് ഭാഗത്തെ പാലോലം ബീച്ചിനുമിടയില്‍ 123 കിലോമീറ്റര്‍ ദൈര്‍ഘ്യം മാത്രമാണുള്ളത്. ജനസംഖ്യയില്‍ നാലാമത്തെ ചെറിയ സംസ്ഥാനമാണ് ഗോവ. ലക്ഷക്കണക്കിന് സഞ്ചാരികള്‍ ഓരോ വര്‍ഷവും ഇവിടെയെത്തുന്നു. ബാഗാ ബീച്ച്, അഞ്ജുന ബീച്ച്, വാഗേറ്റര്‍ ബീച്ച്, സിന്‍കറ്വിം എന്നിവ നൈറ്റ് ലൈഫിനും വാട്ടര്‍ സ്‌പോര്‍ട്‌സിനും പേരുകേട്ടതാണ്. പല്ലോലവും അഗോണ്ട ബീച്ചും ശാന്തമായ അന്തരീക്ഷം ആഗ്രഹിക്കുന്നവരുടെ ഇഷ്ടകേന്ദ്രമാണ്.

ബീച്ചുകള്‍ക്കപ്പുറം മതപരവും ചരിത്ര പ്രസിദ്ധവുമായ കേന്ദ്രങ്ങള്‍ ഗോവയുടെ പ്രത്യേകതയാണ്. യുനെസ്‌കോ ലോകപൈതൃകകേന്ദ്രം ബോം ജീസസ് ബസലിക്ക, ദൂധ്‌സാഗര്‍ വെള്ളച്ചാട്ടം എന്നിവ ഇതിനുദാഹരണമാണ്. പോര്‍ച്ചുഗീസ്-ഇന്ത്യന്‍ പാരമ്പര്യങ്ങളുടെ മിശ്ര സംസ്‌കാരമാണ് ഗോവയുടേത്. ബാസ്തിയറി മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള പ്രാദേശിക വിപണികള്‍,പോപ്പ് ആര്‍ട്ട്,കരകൗശലവസ്തുക്കള്‍ തുടങ്ങി ഫാഷനബിള്‍ വസ്ത്രങ്ങള്‍ കൊണ്ടും ഗോവയുടെ വിപണി സജീവമാണ്.കിഴക്കിന്‍റെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News