ലോക്‌സഭയിൽ 'ഇൻഡ്യ'യുടെ അവിശ്വാസ പ്രമേയം; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...

ഫഹദ് ഫാസിലിന് ഇന്ന് 41ാം പിറന്നാൾ

Update: 2023-08-08 13:38 GMT
Advertising

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലോക്‌സഭയിൽ 'ഇൻഡ്യ' പ്രതിപക്ഷ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം, ഡോൺ 3, രൺവീർ ഡ്യൂക്കാട്ടിയുടെ ബ്രാൻഡ് അംബാസിഡറായത് തുടങ്ങിയവയാണ് ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ.

അവിശ്വാസ പ്രമേയത്തിനിടെ മണിപ്പൂർ, ഹരിയാന വിഷയങ്ങളും കേന്ദ്രസർക്കാരിന്റെ വീഴ്ചകളും പ്രതിപക്ഷം സഭയിൽ ഉയർത്തിയപ്പോൾ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ച് പ്രതിരോധിക്കാനാണ് ബിജെപി ശ്രമിച്ചത്. കേന്ദ്ര സർക്കാരിനെ പിന്തുണച്ച് ബിജെഡി അവിശ്വാസ പ്രമേയത്തിന് എതിരെ നിലപാട് സ്വീകരിച്ചു. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി നാളെ സംസാരിക്കും. മറ്റന്നാളാണ് പ്രധാനമന്ത്രി മറുപടി നൽകുക.

മണിപ്പൂർ വിഷയത്തിൽ ഇൻഡ്യ മുന്നണി അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ സഭയിൽ ഇല്ലാതിരുന്ന പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളാണ് പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് ലോക്‌സഭാ ഉപകക്ഷി നേതാവായ ഗൗരവ് ഗൊഗോയി ചോദിച്ചത്.

പ്രധാനമന്ത്രി സ്പീക്കറുമായി നടത്തിയ രഹസ്യ സംഭാഷണം വെളിപ്പെടുത്തുമെന്ന് ഗൗരവ് ഗൊഗോയി പറഞ്ഞതോടെ സഭയിൽ ഉണ്ടായിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ ക്ഷുഭിതനായി. തുടർന്ന് സംസാരിച്ച കേന്ദ്രമന്ത്രിമാർ ഉൾപ്പടെയുള്ള ബിജെപി അംഗങ്ങൾക്ക് കൃത്യമായ മറുപടി ഉണ്ടായില്ലെങ്കിലും കോൺഗ്രസ് നേതാക്കളെ വ്യക്തിപരമായി പരിഹസിക്കാനും കടന്നാക്രമിക്കാനും മതിയായ സമയം ലഭിച്ചു. പ്രമേയത്തിൻമേൽ ആദ്യം സംസാരിക്കാനിരുന്ന രാഹുൽ ഗാന്ധിയുടെ പിന്മാറ്റം രാവിലെ എണീക്കാൻ വൈകിയത് കൊണ്ടാണോ എന്നായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെയുടെ പരിഹാസം.

ഡോൺ 3

ഡോൺ 3 സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ഫർഹാൻ അക്തർ. ഷാരൂഖ് ഖാൻ നായകനായിരുന്നു ആക്ഷൻ സീരിസ് സിനിമയുടെ തുടർച്ചയിൽ രൺവീർ സിംഗാണ് പ്രധാന വേഷത്തിലെത്തുകയെന്നാണ് ആരാധകരുടെ നിഗമനം. സംവിധായകൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 1978ൽ അമിതാഭ് ബച്ചൻ നായകനായ 'ഡോൺ സിനിമ പുറത്തിറങ്ങിയിരുന്നു. ഈ ചിത്രത്തെ ആസ്പദമാക്കി ഫർഹാൻ 2006ൽ 'ഡോൺ' സിനിമയിറക്കി. ഷാരൂഖ് ഖാൻ നായകനായ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. തുടർന്ന് 2011ൽ ഡോൺ 2 പേരിൽ തുടർസിനിമയും ഇറക്കി. ഷാരൂഖ് തന്നെയായിരുന്നു നായകൻ. കിംഗ് ഖാനില്ലാതെ മൂന്നാം ഭാഗമെത്തുമ്പോൾ ആരാധകർ സ്വീകരിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

ഡ്യൂക്കാട്ടി രൺവീർ

ഡ്യൂക്കാട്ടിയുടെ ബ്രാൻഡ് അംബാഡിറായി ബോളിവുഡ് നടൻ രൺവീർ സിംഗിനെ കമ്പനി പ്രഖ്യാപിച്ചു. ഡയവൽ വി4 മോഡൽ കമ്പനി അദ്ദേഹത്തിന് സമ്മാനമായി നൽകി. 25.91 ലക്ഷം എക്‌സ് ഷോ റൂം വിലയുള്ളതാണ് ഈ മോഡൽ.

'യോഗ്യനായ' രാഹുൽ ആഗസ്റ്റ് 12ന് വയനാട്ടിലെത്തും

എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സൂറത്ത് കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തതിന് ശേഷം ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നു. ആഗസ്റ്റ് 12, 13 തിയതികളിലാണ് രാഹുൽ തന്റെ മണ്ഡലമായ വയനാട് സന്ദർശിക്കുന്നത്. ശിക്ഷാ വിധി സുപ്രിംകോടതി സ്റ്റേ ചെയ്ത് രണ്ട് ദിവസത്തിന് ശേഷം തിങ്കളാഴ്ചയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിച്ചത്.

രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്ന കാര്യം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് അറിയിച്ചത്. തങ്ങളുടെ ശബ്ദം പാർലമെന്റിൽ തിരിച്ചെത്തിയതിൽ വയനാട്ടിലെ ജനങ്ങൾ ആഹ്ലാദത്തിലാണെന്നും രാഹുൽ ഗാന്ധി അവർക്ക് ഒരു എം.പി മാത്രമല്ല, സ്വന്തം കുടുംബാംഗത്തെപ്പോലെ ആണെന്നും കെ.സി വേണുഗോപാൽ ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച ഉച്ചക്ക് ശേഷം പാർലമെന്റിലെത്തിയ രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ എം.പിമാർ വലിയ സ്വീകരണമാണ് നൽകിയത്. 2019ൽ കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ രണ്ടുവർഷം തടവിന് ശിക്ഷിച്ചത്. ഇതിന് പിന്നാലെ മാർച്ച് 23നാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കി ഉത്തരവിറക്കിയത്.

ഫഹദ് ഫാസിലിന് ഇന്ന് 41ാം പിറന്നാൾ

നടൻ ഫഹദ് ഫാസിലിന് ഇന്ന് 41ാം പിറന്നാൾ. 1982 ആഗസ്ത് എട്ടിനാണ് താരം ജനിച്ചത്. അമ്പതിലേറെ സിനിമകളിൽ അഭിനയിച്ച താരത്തിന് ദേശീയ അവാർഡടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

no-confidence motion in Lok Sabha; Today's Twitter Trends…

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News