തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ കോൺഗ്രസ് പ്രകടനപത്രികയിൽനിന്ന് കോപ്പിയടിച്ചതെന്ന് ആരോപണം

തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബഹുമാനപ്പെട്ട ധനമന്ത്രി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കോൺഗ്രസ് പ്രകടനപത്രിക വായിച്ചുവെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു.

Update: 2024-07-23 12:31 GMT

ന്യൂഡൽഹി: തൊഴിലില്ലായ്മ പരിഹരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതികൾ 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടനപത്രികയിൽനിന്ന് കോപ്പിയടിച്ചതെന്ന് ആരോപണം. 50 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് തൊഴിലാളികൾക്കും ഉടമകൾക്കും സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചത്.

ഒരു കോടി യുവജനങ്ങൾക്ക് 500 പ്രമുഖ കമ്പനികളിൽ ഇന്റേൺഷിപ്പിന് അവസരമൊരുക്കുമെന്നാണ് ഒരു പ്രഖ്യാപനം. പ്രതിമാസം 5,000 രൂപ ഇന്റേൺഷിപ്പ് അലവൻസും 6,000 രൂപ ആദ്യഘട്ട സഹായവും ലഭിക്കും. പരിശീലനച്ചെലവുകളും ഇന്റേൺഷിപ്പ് ചെലവിന്റെ 10 ശതമാനവും സി.എസ്.ആർ ഫണ്ടിൽനിന്ന് കമ്പനികൾ വഹിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

Advertising
Advertising

'അപ്രന്റീസ്ഷിപ്പ് അവകാശനിയമം' എന്ന പേരിൽ കോൺഗ്രസ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കാര്യമാണ് ഇത്. പ്രകടനപത്രികയുടെ 11-ാം പേജിലാണ് ഇക്കാര്യം പറയുന്നത്. 25 വയസ്സിന് താഴെയുള്ള എല്ലാ ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും ഒരു സ്വകാര്യ കമ്പനിയിലോ പൊതുമേഖലാ കമ്പനിയിലോ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് ഉറപ്പ് നൽകുന്നതാണ് ഇത്. ഇവർക്ക് വർഷത്തിൽ ഒരു ലക്ഷം രൂപ ലഭിക്കും. അപ്രന്റീസ്ഷിപ്പ് കഴിവുകൾ വർധിപ്പിക്കുകയും തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും മുഴുവൻ സമയം തൊഴിലവസരങ്ങൾക്ക് സാഹചര്യമൊരുക്കുകയും ചെയ്യുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്.

തൊഴിൽ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുമുഖങ്ങളെ ലക്ഷ്യമിട്ടാണ് ആദ്യത്തേത്. രണ്ടാമത്തേത് ഉൽപ്പാദന മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മൂന്നാമത്തേത് തോഴിലുടമകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.

ആദ്യമായി ജോലിയിൽ കയറുന്നവർക്ക് ഒരു മാസത്തെ ശമ്പളം നൽകുമെന്നാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. ഇതോടൊപ്പം തൊഴിലുടമകൾക്ക് ഗുണം ലഭിക്കുന്ന പദ്ധതികളുമുണ്ട്. എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തവർക്കായിരിക്കും ആദ്യ മാസ ശമ്പളം ലഭിക്കുക. മുന്ന് ഗഡുക്കളായി 15,000 രൂപ വരെ അക്കൗണ്ടിലെത്തും. ഒരുലക്ഷം രൂപ വരെ മാസശമ്പളം വാങ്ങുന്നവർക്കാണ് ഈ പദ്ധതി തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ടിലേക്കായിരിക്കും സർക്കാർ വിഹിതം എത്തുക. 210 ലക്ഷം യുവജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.

കോൺഗ്രസ് പ്രകടനപത്രികയുടെ 30-ാം പേജിലാണ് എംപ്ലോയിമെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് (ഇ.എൽ.ഐ) പദ്ധതിയെക്കുറിച്ച് പറയുന്നത്. ഗുണനിലവാരമുള്ളതും വ്യവസ്ഥാപിതവുമായ ജോലികൾക്ക് അധികനിയമം നടത്തുന്നതിന് കോർപ്പറേറ്റുകൾക്ക് ഒരു പുതിയ എംപ്ലോയിമെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം പ്രഖ്യാപിക്കുമെന്നാണ് പ്രകടനപത്രികയിൽ പറയുന്നത്.

എയ്ഞ്ചൽ ടാക്‌സ് നിർത്തലാക്കുമെന്നാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. പുതിയ മൈക്രോ, ചെറുകിട കമ്പനികളിലും നൂനത സ്റ്റാർട്ടപ്പുകളിലും നിക്ഷേപം തടയുന്ന എയ്ഞ്ചൽ ടാക്‌സും മറ്റെല്ലാ ചൂഷണ നികുതികളും ഇല്ലാതാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കോൺഗ്രസ് പ്രകടനപത്രികയുടെ 31-ാം പേജിൽ ഇതേ കാര്യം പറയുന്നുണ്ട്.

കേന്ദ്ര ബജറ്റ് കോൺഗ്രസ് പ്രകടനപത്രികയുടെ കോപ്പിയടിയാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പി. ചിദംബരം തുടങ്ങിയവർ രംഗത്തെത്തി. കസേര സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബഹുമാനപ്പെട്ട ധനമന്ത്രി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കോൺഗ്രസ് പ്രകടനപത്രിക വായിച്ചുവെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു പി. ചിദംബരത്തിന്റെ പ്രതികരണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News