കെ.സുരേന്ദ്രൻ പറഞ്ഞത് കള്ളം; ദേശീയ പാതാ വികസനത്തിന് കേരളം 5,519 കോടി രൂപ നൽകിയെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി

കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ദേശീയ പാത 66ന്റെ വികസനത്തിന്‍റെ ചെലവ് വഹിക്കുന്നില്ലെന്നും ഗോവയും കേരളവും ഇതിനായി പണം നൽകിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു

Update: 2023-03-30 10:38 GMT

ഡൽഹി: ദേശീയ പാതാ വികസനത്തിന് കേരളം പണം നൽകിയില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വാദം പൊളിയുന്നു . ദേശീയപാത വികസന അതോറിറ്റിക്ക് കേരളം ഇതിനോടകം 5,519 കോടി രൂപ നൽകിയെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. എ.എ റഹീം എംപിയുടെ ചോദ്യത്തിനാണ് മറുപടി . കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളാണ് ദേശീയ പാത 66ന്റെ ഗുണഭോക്താക്കള്‍. എന്നാൽ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ദേശീയ പാത 66ന്റെ വികസനത്തിന്‍റെ ചെലവ് വഹിക്കുന്നില്ലെന്നും ഗോവയും കേരളവും ഇതിനായി പണം നൽകിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

Advertising
Advertising

ഭുമിയുടെ വില കൂടുതലായതിനാൽ 16 പദ്ധതികളിൽ ഭൂമി ഏറ്റെടുക്കുന്നതിന്‍റെ 25% ചെലവ് വഹിക്കാമെന്ന് കേരളം അറിയിച്ചെന്നും കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ പറയുന്നു. എന്നാൽ മണിപ്പാൽ, നാഗാലാന്‍റ്, ആസാം എന്നീ സംസ്ഥാനങ്ങള്‍ ഭൂമി ഏറ്റെടുക്കുന്നതിന്‍റെ 100% ചെലവും വഹിക്കുകയാണെന്നും അറിയിച്ചു. മധ്യപ്രദേശ് ദേശീയപാതക്കായി ഏറ്റെടുക്കന്ന ഭൂമിക്ക് പകരം ഭൂമി നൽകുന്ന നടപടിക്രമങ്ങളും നടക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ മറുപടിയിൽ അറിയിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത് പച്ചക്കള്ളമെണെന്നും സുരേന്ദ്രന്‍റെ കള്ളത്തെ പൊളിച്ചടുക്കിയത് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയാണെന്നും എ.എ റഹീം. സുരേന്ദ്രൻ അദ്ദേഹം പറഞ്ഞ നുണ പിൻവലിച്ച് മാപ്പ് പറയണമെന്നും റഹീം പറഞ്ഞു. 

കേന്ദ്രഫണ്ട് അവകാശമാണെന്നും കേരളത്തിലെ വികസനം തടയാനുള്ള കെ.സുരേന്ദ്രന്റെ ഗീബൽസിയൻ തന്ത്രമാണ് ഈ വ്യാജ പ്രചരണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എട്ടുകാലി മമ്മൂഞ്ഞിൻ്റെ മൂത്താപ്പ ചമയുന്നെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കേരളം ദേശീയപാതാ വികസനത്തിന് പണം നൽകുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന മറുപടിയാണ് നിതിൻ ഗഡ്കരി സഭയിൽ നൽകിയത്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News