നോയിഡ:വേതന വര്‍ധവ് ആവശ്യപ്പെട്ട് നോയിഡയിലെ തൊഴിലാളികളുടെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. പ്രതിഷേധകാരും പൊലീസും തമ്മിൽ ഇന്നും ഏറ്റുമുട്ടലുണ്ടായി. നോയിഡ സെക്ടർ 70 ലാണ് ഇന്ന് സംഘർഷം ഉണ്ടായത്. ഇന്ന് രാവിലെയും തൊഴിലാളികൾ കുത്തിയിരിപ്പ് സമരം തുടർന്നു. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയും വാഹനം ആക്രമിക്കുകയും ചെയ്തു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. സംഭവത്തില്‍ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു.
സമരം ശക്തമായതോടെ ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തുടനീളം മിനിമം വേതനം പരിഷ്കരിച്ചു. നോയിഡയിലും ഗാസിയാബാദിലും അവിദഗ്ധ തൊഴിലാളികളുടെ പ്രതിമാസ വേതനം 11,313 ൽ നിന്ന് 13,690 രൂപ ആയി വർധിപ്പിച്ചു.
നോയിഡ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസ് പ്രകാരം, ഗൗതം ബുദ്ധ നഗറിലെയും ഗാസിയാബാദിലെയും അവിദഗ്ധ തൊഴിലാളികൾക്ക് ഇടക്കാല വേതനം പ്രതിമാസം 11,313 രൂപയിൽ നിന്ന് 13,690 രൂപയായും, സെമി-സ്‌കിൽഡ് തൊഴിലാളികൾക്ക് 12,445 രൂപയിൽ നിന്ന് 15,059 രൂപയായും, സ്‌കിൽഡ് തൊഴിലാളികൾക്ക് 13,940 രൂപയിൽ നിന്ന് 16,868 രൂപയായും വർധിപ്പിച്ചു. ഏപ്രിൽ ഒന്നു മുതൽ ഇടക്കാല നിരക്കുകൾ പ്രാബല്യത്തിൽ വരും.
അതിനിടെ, സമരം പാകിസ്താൻ ഗൂഡാലോചനയെന്നാണ് തൊഴിൽമന്ത്രി അനിൽ രാജ്ഭാറിൻ്റെ വാദം സിഐടിയു തള്ളി.സമരക്കാർക്കിടയിൽ പാക് അനുകൂലികളുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
'സംസ്ഥാനത്തിന്റെ വികസനവും ക്രമസമാധാനവും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സമരം നടക്കുന്നത്. സമീപ ദിവസങ്ങളിൽ, പാകിസ്താൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാരുമായി ബന്ധമുള്ള നാല് ഭീകരരെ മീററ്റിൽ നിന്നും നോയിഡയിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, സംസ്ഥാനത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ സാധ്യത ശക്തിപ്പെടുന്നു. ഏജൻസികൾ മുഴുവൻ വിഷയവും ഗൗരവമായി അന്വേഷിക്കുന്നുണ്ട്," മന്ത്രി പറഞ്ഞു.
നോയിഡയിൽ സംഘർഷം ഉണ്ടാക്കിയത് പുറത്ത് നിന്നുള്ളവരാണെന്ന വാദത്തിൽ യുപി പൊലീസും ഉറച്ച് നില്‍ക്കുന്നു. എന്നാല്‍ ഇത്തരം വാദങ്ങൾ തൊഴിൽസമരം തകർക്കുന്നതിൻ്റെ ഭാഗമാണെന്ന് ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി.
രണ്ട് വർഷത്തിനിടയിൽ 11 രൂപമാത്രമാണ് വർധിപ്പിച്ചതെന്ന തുറന്ന് പറച്ചിലുമായി നിരവധി തൊഴിലാളികൾ രംഗത്തിറങ്ങിയിട്ടുണ്ട്. ദിവസം 12 മണിക്കൂര്‍ ജോലി ചെയ്തിട്ടും പ്രതിമാസം 15,000 രൂപയിൽ താഴെ മാത്രമാണ് വരുമാനം ലഭിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഈ തുക കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സമരക്കാര്‍ ചോദിക്കുന്നത്. ദിവസം എട്ടു മണിക്കൂർ ഷിഫ്റ്റുകൾ വേണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
'മാസം 13,000 രൂപയാണ് ശമ്പളം കിട്ടുന്നത്. വീട്ടുവാടകക്ക് 4000 രൂപ കൊടുക്കണം,ഗ്യാസ് സിലിണ്ടറിന്റെ വില 400 ആക്കി വർധിപ്പിച്ചു..എങ്ങനെ ഞങ്ങൾ ജീവിക്കും. സമരത്തിൽ പങ്കെടുക്കുന്ന തൊഴിലാളി മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും വർഷത്തിനിടെ ആകെ ശമ്പളം കൂട്ടിയത് വെറും 320 രൂപയാണ്. രാത്രിയും ഞായറാഴ്ചയും ജോലി ചെയ്യാൻ പോലും അവർ നിർബന്ധിക്കുന്നു. ഇത് ഞങ്ങളെ ശാരീരികമായി തളർത്തുന്നു. എന്നാൽ പറ്റില്ലെന്ന് പറഞ്ഞാൽ അടുത്ത ദിവസം ജോലിക്ക് വരേണ്ടെന്നും പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തുകയാണ്'. ഒരു തൊഴിലാളി പ്രതികരിച്ചു.
'മാസം കിട്ടുന്ന 13,500 രൂപ ശമ്പളത്തിൽ 5,000 രൂപ വീട്ടുവാടക കൊടുക്കണം. റേഷന് 4000 രൂപയും നൽകണം. പിഎഫിനായി വേറെയും പിടിക്കും.എല്ലാം കഴിഞ്ഞ് ബാക്കി 3000 രൂപയാണ് കൈയിൽ കിട്ടുന്നത്.എങ്ങനെ കുടുംബം മുന്നോട്ടുപോകും.എന്റെ കുഞ്ഞുങ്ങളെ എങ്ങനെ പഠിപ്പിക്കും. കഴിഞ്ഞവർഷം 39 രൂപയാണ് എന്റെ ശമ്പളം വർധിപ്പിച്ചത്'. മറ്റൊരാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.