പ്രതിപക്ഷം 'പൊളിറ്റിക്കൽ ടൂറിസം' നടത്തുന്നുവെന്ന് യു.പി മന്ത്രി

ലഖിംപൂരിലേക്ക് വരാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയവർ യു.പി പൊലീസിന്റെ കസ്റ്റഡിയിലാണ്

Update: 2021-10-04 06:14 GMT
Advertising

ലഖിംപൂർ ഖേര സംഭവത്തെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ 'പൊളിറ്റിക്കൽ ടൂറിസ'വും ഫോട്ടോയെടുപ്പ് ഇവൻറും നടത്തുന്നുവെന്ന് ഉത്തർപ്രദേശ് മന്ത്രി. മൈക്രോ, സ്മാൾ ആൻഡ് മീഡിയം എൻറർപ്രൈസസ് മന്ത്രി സിദ്ധാർഥ് നാഥ് സിങ്ങാണ് വിവാദ പ്രസ്താവന നടത്തിയത്.

ലഖിംപൂർ ഖേരിയിലെത്തുന്നത് പ്രതിപക്ഷ നേതാക്കൾ 'ഫോട്ടോ ഓപ്'സ് അഥവാ രാഷ്ട്രീയ നേതാക്കൾ ഫോട്ടോയെടുത്ത് ജനശ്രദ്ധയാകർഷിക്കാൻ സൃഷ്ടിക്കുന്ന അവസരമാക്കുകയാണെന്നും യു.പിയിൽ നിയമം വിജയിക്കുമെന്നുമാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചത്.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയടക്കം യു.പിയിലെത്തി പ്രതിഷേധത്തിലേക്ക് കാറിടിച്ചു കയറ്റി കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ട സ്ഥലം സന്ദർശിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.

ലഖിംപൂരിലേക്ക് പുറപ്പെടാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് സതീഷ് ചന്ദ്ര തുടങ്ങിയവർ യു.പി പൊലീസിന്റെ കസ്റ്റഡിയിലാണ്. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങിനെ ലഖിംപൂരിലേക്ക് കടത്തിവിട്ടില്ല. വാഹന പരിശോധനക്കിടെ സഞ്ജയ് സിങിനെ തടയുകയായിരുന്നു.

ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും പഞ്ചാബ് ഉപമുഖ്യമന്ത്രി രൺധാവയെയും വിമാനം ലാൻഡ് ചെയ്യാൻ അനുവദിക്കരുതെന്ന് യുപി സർക്കാർ നിർദേശം നൽകിയിരുന്നു. ലഖ്നൗ വിമാനത്താവള അധികൃതർക്കാണ് നിർദേശം നൽകിയത്. ക്രമസമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് യു.പി പൊലീസ് നേതാക്കളെ തടയുന്നത്. എന്നാൽ ലഖിംപൂർ സന്ദർശിക്കുന്നത് എങ്ങനെയാണ് കുറ്റമാവുക എന്നാണ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ചോദ്യം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News