'ഇന്ത്യ നല്ല അയല്‍ക്കാരന്‍, സുഹൃത്ത്; വ്യാളിയും ആനയും ഒരുമിച്ച് നൃത്തം ചെയ്യട്ടെ'

റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ ആശംസയുമായി ചൈനീസ് പ്രസിഡൻ്റ് ഷി ജിന്‍പിങ്

Update: 2026-01-26 05:45 GMT

ബെയ്ജിങ്: 77ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ ഇന്ത്യക്ക് ആശംസയുമായി ചൈനീസ് പ്രസിഡൻ്റ് ഷി ജിന്‍പിങ്. 'നല്ല അയല്‍ക്കാരന്‍, സുഹൃത്ത്. പങ്കാളി' എന്നാണ് റിപ്പബ്ലിക് ദിനാശംസയില്‍ ജിന്‍പിങ് ഇന്ത്യയെ വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നേരത്തെയുണ്ടായിരുന്ന അകല്‍ച്ച കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യക്ക് ചൈനീസ് പ്രസിഡന്റ് ആശംസ നേര്‍ന്നിരിക്കുന്നത്.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച റിപ്പബ്ലിക് ദിന സന്ദേശത്തില്‍ 'വ്യാളിയും ആനയും ഒരുമിച്ച് നൃത്തം ചെയ്യട്ടെ' എന്ന പ്രയോഗം ഷി ആവര്‍ത്തിച്ചു. ഭൗമരാഷ്ട്രീയത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും പ്രതീകമാണ് ആനയും വ്യാളിയും. പ്രതിസന്ധികള്‍ നേരിടാന്‍ ആനയും വ്യാളിയും ഒരുമിച്ചു നൃത്തംവയ്ക്കുകയെന്നതാണ് മുന്നിലുള്ള വഴിയെന്ന് ഷി ജിന്‍പിങ് നേരത്തെയും പറഞ്ഞിരുന്നു.

Advertising
Advertising

ഇന്ത്യക്കും ചൈനക്കുമിടയില്‍ ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന അതിര്‍ത്തി തര്‍ക്കം 2020ല്‍ ഗാല്‍വന്‍ വാലിയിലെ ഏറ്റുമുട്ടലോടെയാണ് രൂക്ഷതയിലെത്തിയത്. പിന്നീട്, നയതന്ത്ര ചര്‍ച്ചകളിലൂടെ ബന്ധം മെച്ചപ്പെട്ടിരുന്നു. 2024ല്‍ റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ മോദിയും ഷിയും ചര്‍ച്ച നടത്തിയിരുന്നു.

യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്കും ചൈനക്കും മേല്‍ കനത്ത നികുതികള്‍ ചുമത്തിയ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അടുക്കുകയും അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ധാരണയിലെത്തുകയും ചെയ്തിരുന്നു. ഏഴു വര്‍ഷത്തെ ഇടവേളക്കു ശേഷം പ്രധാനമന്ത്രി മോദി കഴിഞ്ഞ ആഗസ്റ്റില്‍ ചൈന സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News