യു.പിയിൽ പ്രതിയായ ഭർത്താവിനെ പൊലീസ് വാഹനത്തിൽ നിന്ന് രക്ഷപെടുത്തി സ്കൂട്ടറിൽ കയറ്റി പാഞ്ഞ് ഭാര്യ

യു.പിയിലും ഹരിയാനയിലുമായി എട്ടിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.

Update: 2024-01-18 12:32 GMT
Advertising

ലഖ്നൗ: ഭാര്യാഭർതൃ സ്നേഹത്തിന്റെ പല വേർഷനുകളും നമ്മൾ കണ്ടിട്ടുണ്ട്. പരസ്പരം സർപ്രൈസ് സമ്മാനങ്ങൾ കൈമാറലും വിദേശരാജ്യങ്ങളിലേക്കുള്ള ടൂറുമൊക്കെ ഇതിലുൾപ്പെടും. എന്നാൽ ഇതൊക്കെ ചെറുത്. ഇവിടെ ഭർത്താവിനോടുള്ള ഭാര്യയുടെ സ്നേഹപ്രകടനത്തിന്റെ മാരക വേർഷനെ കുറിച്ചാണ് പറയുന്നത്. പൊലീസ് കോടതിയിലേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവരികയായിരുന്ന പ്രതിയായ ഭർത്താവിനെ പിന്നാലെയെത്തി സിനിമാ സ്റ്റൈലിൽ സ്കൂട്ടറിൽ കയറ്റി രക്ഷപെടുത്തിയിരിക്കുകയാണ് ഒരു ഭാര്യ.

അതും മൂന്ന് പൊലീസുകാരുടെ മൂക്കിൻതുമ്പിൽ നിന്ന്. ഉത്തർപ്രദേശിലെ മഥുര പൊലീസിനെയാണ് യുവതി കബളിപ്പിച്ചത്. വിചാരണ തടവുകാരനായ പ്രതിയെ മഥുരയിൽ നിന്ന് ഹരിയാനയിലെ കോടതിയിലേക്ക് കേസിൽ വാദം കേൾക്കാനായി എത്തിച്ച് തിരികെ പോവുകയായിരുന്നു പൊലീസ് സംഘം. ഇതറിഞ്ഞ പ്രതിയുടെ ഭാര്യ സ്കൂട്ടിയിൽ പൊലീസ് വാഹനത്തെ പിന്തുടർന്നു. അവസരം ഒത്തുവന്നപ്പോൾ ഭർത്താവിനെയും രക്ഷപെടുത്തി പായുകയായിരുന്നു.

ഹരിയാന പൽവാൽ സ്വദേശിയായ അനിലാണ് രക്ഷപെട്ടത്. യു.പിയിലും ഹരിയാനയിലുമായി എട്ടിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഉത്തർപ്രദേശിലെ ഒരു കേസുമായി ബന്ധപ്പെട്ട് മഥുര ജയിലിൽ കഴിയുകയായിരുന്ന അനിലിനെ കൊലപാതകശ്രമ കേസിൽ കോടതിയിൽ വാദം കേൾക്കാനായി ഹോഡലിലെ കോടതിയിലേക്ക് കൊണ്ടുപോയതായിരുന്നു.

ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും രണ്ട് കോൺസ്റ്റബിൾമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. കോടതി നടപടിക്രമങ്ങൾ അനിഷ്ടസംഭവങ്ങളില്ലാതെ പൂർത്തിയായി. തുടർന്ന് നാലുപേരും മഥുരയിലേക്ക് യാത്രയാരംഭിച്ചു. എന്നാൽ പൊലീസ് ഒരിക്കലും പ്രതീക്ഷിക്കാത്തൊരു തിരിച്ചടിയാണ് വഴിയിലുണ്ടായത്.

വണ്ടി ഡാബ്‌ചിക്കിലെ ദേശീയപാത 19ന് സമീപമെത്തിയപ്പോൾ അനിലിന്റെ ഭാര്യ സ്‌കൂട്ടറിൽ വന്ന് അയാളെ രക്ഷപെടുത്തി കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ അമ്പരന്നുപോയ പൊലീസ് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിവന്നപ്പോഴേക്കും പ്രതിയും ഭാര്യയും കാണാമറയത്തായി.

സംഭവത്തിൽ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാവും. പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങളായി തെരച്ചിൽ നടത്തുകയാണ് പൊലീസ്. അതേസമയം, സംഭവത്തിൽ യുവതിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News