യു.പിയിൽ മുസ്‍ലിം സഹപാഠിയെക്കൊണ്ട് ഹിന്ദു കുട്ടിയെ തല്ലിച്ച അധ്യാപിക അറസ്റ്റിൽ

ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ വന്നതോടെ മുസ്‍ലിം വിദ്യാർഥിയോട് ഹിന്ദു സഹപാഠിയെ തല്ലാൻ അധ്യാപിക ആവശ്യപ്പെടുകയായിരുന്നു

Update: 2023-09-29 09:33 GMT
Editor : anjala | By : Web Desk

ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ മുസ്‍ലിം വിദ്യാര്‍ഥിയെക്കൊണ്ട് ഹിന്ദു സഹപാഠിയെ തല്ലിച്ച സംഭവത്തില്‍ സ്കൂൾ അധ്യാപിക അറസ്റ്റില്‍. ദുഗാവാര്‍ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപിക ഷെെസ്തയാണ് അറസ്റ്റിലായത്. അഞ്ചാം ക്ലാസ് വിദ്യാർഥിയോട് അധ്യാപിക ചില ചോദ്യങ്ങൾ ചോ​ദിച്ചു. ചോദ്യത്തിന് ഉത്തരം നൽകാൻ കുട്ടിക്ക് കഴിയാതെ വന്നതോടെ, ഒരു മുസ്‍ലിം വിദ്യാർഥിയോട് കുട്ടിയെ തല്ലാൻ ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.

സംഭവത്തെ തുടർന്ന് തല്ലുകൊണ്ട വിദ്യാർഥി വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയും വീട്ടിൽ ഒതുങ്ങി കഴിയുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പിതാവ് ചോദിച്ചതിനെത്തുടർന്നാണ് കുട്ടി തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞത്. ഇതോടെ അധ്യാപികയ്ക്കെതിരെ സെപ്റ്റംബർ 27 ന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Advertising
Advertising

പരിക്കേല്പിച്ചതിനും വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയതിനും അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് ശ്രിഷ് ചന്ദ്ര പറഞ്ഞു. അധ്യാപികയുടെ നിർദേശപ്രകാരം മുസ്‍ലിം വിദ്യാർഥി തല്ലിയതോടെ മകന്റെ മതവികാരത്തിന് മുറിവേറ്റുവെന്ന് കുട്ടിയുടെ പിതാവ് പരാതിയിൽ പറഞ്ഞു. അന്വേഷണത്തെത്തുടർന്ന്, സെപ്തംബർ 28 ന് പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയും സ്കൂൾ അധികൃതർ അവരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ മാസം യു.പിയിലെ മുസാഫര്‍നഗറിൽ മുസ്‍ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവം പുറത്തു വന്നിരുന്നു. തൃപ്ത ത്യാഗി എന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപിക ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപിച്ച് ഹിന്ദു സഹപാഠികളെ കൊണ്ട് ഒരു മുസ്‍ലിം ആണ്‍കുട്ടിയെ അടിപ്പിക്കുകയായിരുന്നു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News