''ഇനിമേ നീങ്കയാരും ഇങ്കെ വരവേണ്ട''; ദലിത് കുട്ടികൾക്ക് മിഠായി നിഷേധിച്ച് ആട്ടിപ്പായിച്ച് സവര്‍ണജാതി കടക്കാരൻ

നിങ്ങളുടെ തെരുവിലെ ആര്‍ക്കും ഇനിയൊന്നും കൊടുക്കരുതെന്ന് ഞങ്ങള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ടെന്നും ഇയാൾ പറയുന്നു.

Update: 2022-09-17 16:39 GMT
Advertising

തെങ്കാശി: ദലിത് വിഭാഗത്തില്‍പ്പെട്ട സ്‌കൂള്‍കുട്ടികള്‍ക്ക് മിഠായി നിഷേധിച്ചും ഇവരെ ആട്ടിപ്പായിച്ചും സവര്‍ണജാതിക്കാരനായ കടയുടമ. തമിഴ്‌നാട്ടിലെ തെങ്കാശിയിലെ ശങ്കര കോവിലിലെ ഒരു കടയിലാണ് സംഭവം. കടക്കാരന്‍ കുട്ടികളെ മിഠായി കൊടുക്കാതെ പറഞ്ഞുവിടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആടി ദ്രാവിഡ സ്‌കൂളിനടുത്തുള്ള കുട്ടികള്‍ക്കാണ് ജാതിയുടെ പേരില്‍ വിവേചനം നേരിടേണ്ടിവന്നത്.

''നിങ്ങളാരും ഇനിയിവിടെ മിഠായി വാങ്ങാന്‍ വരേണ്ട, ഇവിടുത്തെ കടകളില്‍ നിന്ന് വാങ്ങാന്‍ പാടില്ല, മിഠായി തരില്ലെന്ന് വീട്ടുകാരോട് പോയി പറഞ്ഞേക്കൂ'' എന്നും കടക്കാരന്‍ പറയുന്നു. തുടര്‍ന്ന്, 'ഇവിടെയൊരു വിലക്ക് ഉണ്ടെ'ന്ന് ഇയാള്‍ പറയുമ്പോള്‍ എന്ത് വിലക്ക് എന്ന് കുട്ടികള്‍ ചോദിക്കുന്നു.

''നിങ്ങളുടെ തെരുവിലെ ആര്‍ക്കും ഇനിയൊന്നും കൊടുക്കരുതെന്ന് ഞങ്ങള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്, അതിനാല്‍ പോയ്‌ക്കോളൂ'' എന്നുമാണ് കടക്കാരന്റെ മറുപടി. ഇതോടെ നിരാശരായ കുട്ടികള്‍ കടയില്‍ നിന്ന് പോവുകയാണ് ചെയ്യുന്നത്.

കോന്നര്‍ സമുദായത്തില്‍പ്പെട്ടയാളാണ് കടക്കാരനെന്നും ഇത് ഇവിടുത്തെ സവര്‍ണ ജാതിയാണെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് ആക്ടിവിസ്റ്റ് ഷാലിന്‍ മരിയ ലോറന്‍സ് ട്വീറ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്പ് നടന്ന പ്രാദേശിക ക്രിക്കറ്റ് മാച്ച് ടൂര്‍ണമെന്റില്‍ ദലിത് കുട്ടികളെ കളിക്കാന്‍ അനുവദിക്കാത്ത സംഭവം വിവാദമായിരുന്നു.

സംഭവം നിയമപരമായി നീങ്ങിയെന്നും കേസ് ഈയാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇതോടെയാണ് ദലിത് സമുദായത്തെ പുറത്താക്കാന്‍ സവര്‍ണ കോന്നര്‍ സമുദായം തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News