ഉദ്യോഗാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; യുപി സർക്കാരിനെതിരെ വരുൺ ഗാന്ധി

യോഗ്യരായ ഉദ്യോഗാർത്ഥികളും ആവശ്യമായ ഒഴിവുകളുമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് നിയമനം നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. ഈ പ്രതിഷേധക്കാരും ഇന്ത്യക്കാരാണെന്നും അവരുടെ പരാതികൾ കേൾക്കാൻ പോലും ആരും തയ്യാറല്ലെന്നും വരുൺ ഗാന്ധി പറഞ്ഞു.

Update: 2021-12-06 02:56 GMT
Advertising

യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പരസ്യവിമർശനവുമായി വീണ്ടും വരുൺ ഗാന്ധി. അധ്യാപക നിയമന പരീക്ഷയിൽ അട്ടിമറി ആരോപിച്ച് പ്രകടനം നടത്തിയ ഉദ്യോഗാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ഇതിനെതിരെയാണ് വരുൺ ഗാന്ധിയുടെ വിമർശനം.

യോഗ്യരായ ഉദ്യോഗാർത്ഥികളും ആവശ്യമായ ഒഴിവുകളുമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് നിയമനം നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. ഈ പ്രതിഷേധക്കാരും ഇന്ത്യക്കാരാണെന്നും അവരുടെ പരാതികൾ കേൾക്കാൻ പോലും ആരും തയ്യാറല്ലെന്നും വരുൺ ഗാന്ധി പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ മക്കൾ ഈ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നെങ്കിൽ ഇത്തരത്തിൽ പെരുമാറാൻ കഴിയുമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.

69,000 അധ്യാപകരെ നിയമിക്കുന്നതിനായി 2019ൽ നടത്തിയ പരീക്ഷയിൽ ക്രമക്കേട് ആരോപിച്ചാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചത്. സെൻട്രൽ ലക്‌നൗവിലെ ഒരു കവലയിൽ നിന്നും യോഗി ആദിത്യനാഥിന്റെ വസതിയിലേക്ക് സംഘടിപ്പിച്ച മാർച്ചിന് നേരെയാണ് പൊലീസ് ക്രൂരമായ ലാത്തിച്ചാർജ് നടത്തിയത്.

പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കളും രൂക്ഷവിമർശനവുമായി രംഗത്തെത്തി. ക്രൂരമായ ലാത്തിച്ചാർജിനെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അപലപിച്ചു. ബിജെപി വോട്ട് ചോദിച്ചുവരുമ്പോൾ ഇതെല്ലാം ഓർത്തിരിക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News