ഡൽഹിയിൽ ഇടത് പാർട്ടികളുടെ വോട്ട് നോട്ടയ്ക്കും പിന്നിൽ
ആറു സീറ്റുകളിലാണ് ഇടതുപാർട്ടികൾ ഡൽഹിയിൽ മത്സരിച്ചത്. ആറ് മണ്ഡലങ്ങളിലും നോട്ടയെക്കാൾ കുറച്ചു വോട്ടുകൾ മാത്രം നേടാനെ കഴിഞ്ഞുള്ളൂ
ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടികൾക്ക് ലഭിച്ച വോട്ട് നോട്ടയ്ക്കും പിന്നിൽ. ആറു സീറ്റുകളിലാണ് ഇടതുപാർട്ടികൾ ഡൽഹിയിൽ മത്സരിച്ചത്. ആറ് മണ്ഡലങ്ങളിലും നോട്ടയെക്കാള്‍ കുറച്ചു വോട്ടുകൾ മാത്രം നേടാനാണ് ഇടതുപാർട്ടികൾക്ക് സാധിച്ചത്.
കരാവൽ നഗറിലും ബദർപൂരിലും സിപിഎമ്മും വികാസ് പുരിയിലും പാലത്തിലും സിപിഐയും ആണ് മത്സരിച്ചത്. സിപിഐ (എംഎൽ) നരേല, കോണ്ട്ലി എന്നീ മണ്ഡലങ്ങളിലും മത്സരിച്ചു. 6 സീറ്റുകളിലുമായി ഇടതു പാർട്ടികൾക്ക് ആകെ ലഭിച്ചത് 2265 വോട്ടുകളാണ്. അതേസമയം നോട്ടയ്ക്ക് ലഭിച്ചത് 5960 വോട്ടുകളും.
കർവാൽ നഗറിൽ അശോക് അഗർവാളിന് ലഭിച്ചത് വെറും 457 വോട്ട്. നോട്ടക്ക് ഇവിടെ 709 വോട്ട് കിട്ടി. ബദർപൂരിൽ ജഗദീഷ് ചന്ദിന് ലഭിച്ചത് 367 വോട്ട്. നോട്ടക്ക് 915 വോട്ടുകളും. വികാസ്പുരിയില് ഷിജോ വർഗീസ് 687 വോട്ടുകളെ നേടിയുള്ളൂ.
നോട്ടക്ക് ഇവിടെ 1460 വോട്ടുകൾ കിട്ടി. പാലത്തിൽ ദിലീപ് കുമറിന് ലഭിച്ചത് 326 വോട്ടുകൾ. നോട്ടക്ക് ലഭിച്ചത് 1119 വോട്ടുകളും. നരേലയിൽ അനിൽകുമാർ സിങ് നേടിയ് 328 വോട്ടുകൾ. ഇവിടെ നോട്ടക്ക് ലഭിച്ചത് 981 വോട്ടുകൾ. കോണ്ട്‌ലിയിൽ അമർജീത് പ്രസാദിന് ലഭിച്ചത് വെറും 100 വോട്ടുകൾ. നോട്ടക്ക് ലഭിച്ചതാകട്ടെ 776 വോട്ടുകളും.