Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡല്‍ഹി: വഖഫ് ബില്ലിലെ തിരക്കിട്ട നീക്കത്തിന് പിന്നാലെ ജെപിസിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് പ്രത്യേക യോഗം ചേരും. പഴയപാര്‍ലമെന്റ് മന്ദിരത്തില്‍ അല്‍പസമയത്തിനകം യോഗം ആരംഭിക്കും. ഇന്നും നാളെയുമായി നടക്കുന്ന തിടുക്കപ്പെട്ടുള്ള യോഗം മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. 30, 31 തീയതികളിലേക്ക് മാറ്റണമെന്നാണ് ആവശ്യം. വിവിധ സംസ്ഥാനങ്ങളിലെ പര്യടനത്തിനിടെ ജെപിസി യോഗം തിരക്കിട്ട് നിശ്ചയിച്ചതും വിചിത്രമാണ്.
പ്രതിപക്ഷ യോഗത്തില്‍ ഇന്നത്തെ ജെപിസി കമ്മിറ്റി ബഹിഷ്‌ക്കരിക്കുന്നകാര്യത്തില്‍ അന്തിമതീരുമാനം എടുക്കും. ഇന്നും നാളെയുമായി തീരുമാനിച്ച യോഗം നടത്താനാവില്ലെന്ന് ലഖ്‌നോവിലെ യോഗത്തിനിടെ അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. 21ന് അവസാനിച്ച പട്‌ന-കൊല്‍ക്കത്ത-ലഖ്‌നോ പര്യടനത്തിനിടയില്‍ ജെപിസി മുമ്പാകെ എത്തിയവരോട് ഒരാഴ്ചക്കകം അഭിപ്രായമറിയിക്കാനാണ് ആവശ്യപ്പെട്ടത്.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയുള്ള നീക്കമാണ് വഖഫ് ജെപിസിയില്‍ നടക്കുന്നതെന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നത്. എന്‍ഡിഎ ഘടക കക്ഷികളായ ജനതാദള്‍-യു, തെലുഗുദേശം പാര്‍ട്ടി എന്നിവ വിവാദ വ്യവസ്ഥകളില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതില്‍ ഏതെങ്കിലുമൊന്ന് പിന്‍വലിച്ച് ഘടകകക്ഷികളുടെ ആവശ്യം അംഗീകരിച്ചെന്ന് വരുത്തി മറ്റുള്ളവ നിലനിര്‍ത്തി ഉദ്ദേശിച്ച രീതിയില്‍ തന്നെ വഖഫ് ബില്ലുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ജെപിസിയിലെ പ്രതിപക്ഷ അംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.