വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്; ലഖിംപൂർ കൊലക്കേസിൽ വീണ്ടും വരുൺ ഗാന്ധി

"ലഖിംപൂർ ഖേരി വിഷയം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു"

Update: 2021-10-10 07:10 GMT
Editor : abs | By : abs

ലഖ്‌നൗ: ലഖിംപൂർ ഖേരി വിഷയം ഹിന്ദു-സിഖ് യുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പിലിഭിത്ത് എംപി വരുൺ ഗാന്ധി. സ്വന്തം നേട്ടത്തിനു വേണ്ടി ഇത്തരം വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നും വരുൺ ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് എംപിയുടെ പ്രതികരണം. വിഷയത്തിൽ ബിജെപി നേതൃത്വത്തെ തള്ളി, കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച നേതാവാണ് വരുൺ.

'ലഖിംപൂർ ഖേരി വിഷയം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇത് അധാർമികവും വസ്തുതാവിരുദ്ധവുമാണ് എന്നു മാത്രമല്ല, അപകടകരവുമാണ്. തലമുറകളെടുത്ത് ഉണങ്ങിയ മുറിവുകൾ വീണ്ടും തുറക്കാനേ ഇതുപകരിക്കൂ. ദേശീയ ഐക്യത്തിനു മുകളിൽ വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്'- എന്നാണ് പിലിഭിത്ത് എംപിയുടെ ട്വീറ്റ്. 

Advertising
Advertising

നേരത്തെ, കർഷകർക്ക് മേൽ വാഹനമിടിച്ചു കയറ്റുന്ന രണ്ട് വീഡിയോ ദൃശ്യങ്ങൾ വരുൺ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. വീഡിയോ സുവ്യക്തമാണ് എന്നും പ്രതിഷേധക്കാരെ കൊല ചെയ്ത് നിശ്ശബ്ദമാക്കാനാകില്ല എന്നും അദ്ദേഹം കുറിച്ചിരുന്നു. 'ലഖിംപൂർ ഖേരിയിൽ കർഷകരുടെ ഇടയിലേക്ക് ബോധപൂർവം വാഹനം ഇടിച്ചുകയറ്റുന്ന ഈ ദൃശ്യം ആരുടെയും ഉള്ളുലയ്ക്കും. പൊലീസ് ഈ വീഡിയോ ശ്രദ്ധിക്കുക. ഈ വാഹനങ്ങളുടെ ഉടമകളെയും അവയിൽ ഇരിക്കുന്നവരെയും ഈ കേസിൽ ഉൾപ്പെട്ട മറ്റ് ആളുകളെയും ഉടൻ അറസ്റ്റ് ചെയ്യണം'- എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പ്രതി ആശിഷ് മിശ്രയെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു വരുൺ പങ്കുവച്ച വീഡിയോകൾ.

ലഖിംപൂർ വീഡിയോകൾ പങ്കുവച്ചതിന് പിന്നാലെ ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് വരുൺ ഗാന്ധിയെ ഒഴിവാക്കിയിരുന്നു. അമ്മ മനേകാ ഗാന്ധിക്കും പുനഃസംഘടനയിൽ ഇടം കിട്ടിയില്ല.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News