ഗ്യാൻവാപി മസ്ജിദിൽ പെരുന്നാളിന് അംഗശുദ്ധിക്ക് സംവിധാനമൊരുക്കും: യു.പി സർക്കാർ

യോഗം വിളിക്കാന്‍ ജില്ലാ കലക്ടറോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.

Update: 2023-04-21 10:07 GMT

ഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് അംഗശുദ്ധിക്ക് സംവിധാനം ഒരുക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഇതിനായി ജില്ലാ ഭരണകൂടം ആവശ്യമായ ക്രമീകരണം ഒരുക്കും. യോഗം വിളിക്കാന്‍ ജില്ലാ കലക്ടറോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.

നിലവില്‍ കന്നാസുകളില്‍ വെള്ളം പിടിച്ചാണ് വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്നത്. റമദാന്‍ മാസത്തില്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി പള്ളിയിലെത്തുന്നുണ്ട്. അതിനാല്‍ കോടതി ഇടപെടലില്‍ അംഗശുദ്ധിക്ക് സംവിധാനമൊരുക്കണമെന്നാണ് ആവശ്യമുയര്‍ന്നത്. പള്ളി പരിപാലകരായ അന്‍ജുമന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹരജി നല്‍കിയത്.

Advertising
Advertising

തുടര്‍ന്നാണ് യോഗം വിളിച്ച് തീരുമാനമെടുക്കാന്‍ സുപ്രിംകോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എന്‍ നരസിംഹ, ജസ്റ്റിസ് ജെ. ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

യോഗം ചേര്‍ന്ന് തീരുമാനമെടുക്കാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് അംഗശുദ്ധിക്ക് സംവിധാനം ഒരുക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്. അംഗസ്‌നാന കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന അഭിഭാഷക സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ ഭാഗം അടച്ചിട്ടിരിക്കുകയാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News