'ആരാണ് ഈ ഹൈദർ?; തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് മാറ്റും'; കേന്ദ്രമന്ത്രി

പേരുകൾ മാറ്റുന്നത് സംബന്ധിച്ച് ബുദ്ധിജീവികളുടെ ഉപദേശം ബിജെപി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Update: 2023-11-27 09:09 GMT

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാ​ഗ്യന​ഗർ എന്നാക്കി മാറ്റുമെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി. മദ്രാസ്, ബോംബെ, കൽക്കട്ട തുടങ്ങിയ ന​ഗരങ്ങളുടെ പേരുകൾ മാറ്റിയില്ലേയെന്നും തെലങ്കാന ബിജെപി പ്രസിഡന്റ് കൂടിയായ കിഷൻ റെഡ്ഡി പറഞ്ഞു.

'തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാൽ ഉറപ്പായും ഹൈദരാബാദിന്റെ പേര് മാറ്റും. ആരാണ് ഈ ഹൈദർ? നമുക്ക് ​ഹൈദറിന്റെ പേര് വേണോ? എവിടെ നിന്നാണ് ഹൈദർ വന്നത്? ആർക്കാണ് ഹൈദറിനെ വേണ്ടത്? സംസ്ഥാനത്ത് ബിജെപി ഭരണത്തിലെത്തിയാൽ ഹൈദർ എടുത്തുമാറ്റി ഈ സ്ഥലത്തിന്റെ നാമം ഭാ​ഗ്യന​ഗർ എന്നാക്കും'- മാധ്യമപ്രവർത്തകരോട് സംസാരിക്കവെ റെഡ്ഡി വിശദമാക്കി.

Advertising
Advertising

എന്തുകൊണ്ടാണ് ഹൈദരാബാദിന്റെ പേര് മാറ്റാത്തത്? മദ്രാസിന്റെ പേര് ചെന്നൈ എന്നാക്കിയത് ബിജെപിയല്ലെന്നും ഡിഎംകെ സർക്കാരാണെന്നും മന്ത്രി പറഞ്ഞു. 'മദ്രാസ് ചെന്നൈ എന്നും ബോംബെ മുംബൈ എന്നും കൽക്കട്ട കൊൽക്കത്തയെന്നും രാജ്പഥ് കർത്തവ്യ പഥ് എന്നും മാറ്റിയെങ്കിൽ ഹൈദരാബാദ് ഭാ​ഗ്യന​ഗർ എന്നാക്കുന്നതിൽ എന്താണ് കുഴപ്പം'- റെഡ്ഡി ചോദിച്ചു.

ബി.ജെ.പി അധികാരത്തിൽ വന്നാൽ അടിമ മനോഭാവം പ്രതിഫലിപ്പിക്കുന്ന എല്ലാം തങ്ങൾ പൂർണമായും മാറ്റുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പേരുകൾ മാറ്റുന്നത് സംബന്ധിച്ച് ബുദ്ധിജീവികളുടെ ഉപദേശം ബിജെപി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ, തെലങ്കാനയിൽ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും ഹൈദരാബാദിന്റെ പേര് ഭാ​ഗ്യന​ഗർ എന്നാക്കുമെന്ന് പറഞ്ഞിരുന്നു. മഹബൂബ് നഗർ പാലമുരു എന്നാക്കണമെന്നും യോ​ഗി ആദിത്യനാഥ് പറ‍ഞ്ഞിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News