'ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയ്ക്ക് കൈമാറുമോ?' പ്രതികരിക്കാതെ പാക് എഫ്.ഐ.എ മേധാവി

പാക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഡയറക്ടർ ജനറൽ മൊഹ്‌സിൻ ഭട്ട് ആണ് ഈ ചോദ്യം അവഗണിച്ചത്.

Update: 2022-10-18 14:43 GMT
Advertising

ദാവൂദ് ഇബ്രാഹിം, ഹാഫിസ് സഈദ് എന്നീ ഭീകരരെ ഇന്ത്യയ്ക്കു കൈമാറുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ പാകിസ്താന്‍റെ ഉന്നത അന്വേഷണ ഏജൻസി തലവൻ. പാക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) ഡയറക്ടർ ജനറൽ മൊഹ്‌സിൻ ഭട്ട് ആണ് ഈ ചോദ്യം അവഗണിച്ചത്.

ഡല്‍ഹിയില്‍ നടക്കുന്ന ഇന്‍റര്‍പോള്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മൊഹ്‌സിൻ ഭട്ട്. ഇന്ത്യ തേടുന്ന ഭീകരരിൽ ഉൾപ്പെട്ടവരാണു ദാവൂദ് ഇബ്രാഹിമും ഹാഫിസ് സഈദും. ഇരുവരും പാകിസ്താനിലുണ്ടെന്നാണു റിപ്പോർട്ട്. എന്നാല്‍ ഇരുവരും എവിടെയുണ്ട്, ഇന്ത്യയ്ക്ക് കൈമാറുമോ തുടങ്ങിയ ചോദിയങ്ങളോട് പ്രതികരിക്കാന്‍ മൊഹ്‌സിൻ ഭട്ട് തയ്യാറായില്ല. ചോദ്യത്തിന് ചുണ്ടില്‍ വിരല്‍ വെച്ച് ആംഗ്യം കാണിക്കുകയാണ് മൊഹ്‌സിൻ ഭട്ട് ചെയ്തത്. 

ഇന്‍റർപോളിന്‍റെ പരമോന്നത ഭരണ സമിതിയാണ് ജനറൽ അസംബ്ലി. അതിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ എടുക്കാന്‍ വർഷത്തിലൊരിക്കൽ യോഗം ചേരാറുണ്ട്. 195 ഇന്‍റര്‍പോൾ അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, പൊലീസ് മേധാവികൾ, ദേശീയ സെൻട്രൽ ബ്യൂറോ മേധാവികൾ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ചയാണ് ജനറല്‍ അസംബ്ലി സമാപിക്കുക. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ ഇന്‍റർപോൾ ജനറൽ അസംബ്ലി യോഗം നടക്കുന്നത്. അവസാനമായി നടന്നത് 1997ലാണ്.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News