ഫ്‌ളൈറ്റ് അറ്റൻഡന്‍റ് ആയ 24കാരിയെ കഴുത്തറുത്തുകൊന്നു; പ്രതി അറസ്റ്റിൽ

എയർ ഇന്ത്യയില്‍ ട്രെയിനിങ്ങിനായി കഴിഞ്ഞ ഏപ്രിലിലാണു യുവതി മുംബൈയിലെത്തിയത്

Update: 2023-09-04 10:22 GMT
Editor : Shaheer | By : Web Desk

കൊല്ലപ്പെട്ട റൂപൽ ഒഗ്രെ, പിടിയിലായ പ്രതി ഉദ്യോഗസ്ഥര്‍ക്കൊപ്പം

Advertising

മുംബൈ: വിമാനത്തിൽ അറ്റൻഡന്റ് ആയ യുവതി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ. ചത്തിസ്ഗഢ് സ്വദേശിയായ റൂപൽ ഒഗ്രെയെയാണ്(24) കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. മുംബൈയിലെ അപാർട്ട്‌മെന്റിലാണു സംഭവം. കൊലപാതകം നടന്നു മണിക്കൂറുകൾക്കകം പ്രതി പിടിയിലായിട്ടുണ്ട്.

അന്ധേരിയിലെ മറോളിലുള്ള കൃഷൻലാൽ മർവാ മാർഗിലെ എൻ.ജി കോംപ്ലക്‌സ് അപാർട്ട്‌മെന്റിൽ ഇന്നലെ രാത്രിയാണു സംഭവം. എയർ ഇന്ത്യയിലെ ട്രെയിനിങ്ങിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിലാണ് റൂപൽ മുംബൈയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വീട്ടുകാർ റൂപലിനെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാതായതിനെ തുടർന്ന് മുംബൈയിലെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇവരോട് ഫ്‌ളാറ്റിൽ പോയി അന്വേഷിക്കാനും ആവശ്യപ്പെട്ടു. ഇവർ സ്ഥലത്തെത്തി ബെല്ലടിച്ചിട്ടും പ്രതികരണമുണ്ടായില്ല. വീട് അകത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു.

തുടർന്ന് പൊവായ് പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് നിലത്ത് കഴുത്തറുത്ത നിലയിൽ യുവതിയെ കണ്ടെത്തിയത്. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് നരഹത്യയ്ക്കു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൂപൽ താമസിച്ച സൊസൈറ്റിയിൽ തൂപ്പുജോലിക്കെത്താറുള്ള 40കാരനായ വിക്രം ആത്‌വാൾ ആണ് പിടിയിലായത്. വീട് വൃത്തിയാക്കാനെന്ന പേരിലാണു പ്രതി ഫ്‌ളാറ്റിലെത്തിയതെന്നാണു വിവരം. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കൊലയ്ക്ക് ഉപയോഗിച്ച കത്തി പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

Summary: Woman flight attendant found dead with slit throat in Mumbai flat, accused arrested      

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News