'ക്രിസ്മസ് ആഘോഷിച്ചാല്‍ എന്താ കുഴപ്പം? നിങ്ങളാരാ ചോദ്യംചെയ്യാന്‍?' വീട്ടില്‍ അതിക്രമിച്ചുകയറിയ ബജ്‍രംഗദള്‍ പ്രവര്‍ത്തകരോട് സ്ത്രീകള്‍

ബജ്‍രംഗദള്‍ പ്രവര്‍ത്തകര്‍ക്ക് സ്ത്രീകള്‍ മറുപടി നല്‍കുന്ന ദൃശ്യം പുറത്ത്

Update: 2021-12-31 03:23 GMT
Advertising

ക്രിസ്മസ് ആഘോഷിക്കരുതെന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയ ഹിന്ദുത്വ സംഘത്തെ ചോദ്യംചെയ്ത് സ്ത്രീകള്‍. കര്‍ണാടകയിലെ തുമകുരുവില്‍ ഡിസംബര്‍ 28നാണ് സംഭവം. ബജ്‍രംഗദള്‍ പ്രവര്‍ത്തകര്‍ക്ക് സ്ത്രീകള്‍ മറുപടി നല്‍കുന്ന ദൃശ്യം പുറത്തുവന്നു. 

ബിലിദേവാലയയിലെ രാമചന്ദ്ര എന്നയാളുടെ വീട്ടിലെത്തിയാണ് ബജ്‍രംഗദള്‍ പ്രവര്‍ത്തകര്‍ എന്തിനാണ് ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് ചോദിച്ചത്. അതിലെന്താണ് തെറ്റെന്ന് വീട്ടിലുള്ള സ്ത്രീകള്‍ തിരിച്ചുചോദിച്ചു. തുടര്‍ന്ന് എന്തുകൊണ്ട് സിന്ദൂരമിടുന്നില്ല എന്നായി ഹിന്ദുത്വ പ്രവര്‍ത്തകരുടെ ചോദ്യം. ഹിന്ദു സ്ത്രീകള്‍ നെറ്റിയില്‍ സിന്ദൂരമിടണമെന്ന് അവര്‍ പറഞ്ഞു. ഇതൊന്നും ബജ്‍രംഗദളിനെ ബാധിക്കുന്ന കാര്യമല്ലെന്ന് നന്ദിനിയെന്ന സ്ത്രീ മറുപടി നല്‍കി- "നിങ്ങൾ ആരാണ് ചോദ്യം ചെയ്യാൻ? ഞങ്ങൾ താലി ധരിക്കുന്നവരാണ്. വീട്ടിൽ ക്രിസ്മസ് ആഘോഷിക്കുന്നതിൽ എന്താണ് പ്രശ്നം? ഞങ്ങള്‍ ആരോടാണ് പ്രാര്‍ഥിക്കുന്നത് എന്നത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ല"

എന്തിനാണ് ഹിന്ദുമതം വിട്ട് ക്രിസ്തുമതം സ്വീകരിച്ചത് എന്നായി ബജ്‍രംഗദള്‍ പ്രവര്‍ത്തകരുടെ അടുത്ത ചോദ്യം. ഈ ചോദ്യത്തിന് തങ്ങൾ ഹിന്ദുക്കളാണെന്നും എന്നാൽ ക്രിസ്ത്യൻ വിശ്വാസങ്ങൾ പിന്തുടരുന്നവരാണെന്നും സ്ത്രീകള്‍ മറുപടി നല്‍കി. "മതപരിവർത്തനം എവിടെയാണ് സംഭവിച്ചത്? നിങ്ങളുടെ പക്കല്‍ എന്തു തെളിവാണുള്ളത്? ക്രിസ്മസ് ആഘോഷിക്കണമെന്നത് ഞങ്ങളുടെ ആഗ്രഹമാണ്."

തര്‍ക്കം തുടര്‍ന്നതോടെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. എന്നാൽ പൊലീസ് കേസെടുത്തിട്ടില്ല. ഇരുകൂട്ടർക്കും പരാതിയുണ്ടെങ്കിലും കേസെടുത്തിട്ടില്ലെന്ന് കുനിഗൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാജു പറഞ്ഞു- "ഞങ്ങൾക്ക് ഫോൺ കോള്‍ വന്നപ്പോള്‍ ഉടന്‍ സ്ഥലത്തെത്തി. രണ്ട് കൂട്ടരോടും സംസാരിച്ചു. കുടുംബം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ കുറച്ചുപേര്‍ അവിടെയെത്തി ആഘോഷം തടസ്സപ്പെടുത്തുകയായിരുന്നു. വാഗ്വാദം മാത്രമാണുണ്ടായത്, അക്രമം ഉണ്ടായിട്ടില്ല. ഞങ്ങൾ കേസെടുത്തിട്ടില്ല" എന്നാണ് പൊലീസ് പറഞ്ഞത്.

കഴിഞ്ഞ ഒരു മാസമായി രാമചന്ദ്രയുടെ വീട്ടില്‍ നിന്നും ക്രിസ്ത്യൻ പ്രാർത്ഥന കേള്‍ക്കുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അംഗമാണ് അറിയിച്ചതെന്ന് ബജ്‍രംഗദള്‍ നേതാവ് രാമു ബജ്‍രംഗി പറഞ്ഞു. തുടര്‍ന്നാണ് ഒരു സംഘം ബജ്‍രംഗദള്‍ പ്രവര്‍ത്തകര്‍ രാമചന്ദ്രയുടെ വീട്ടിലെത്തിയതെന്നും രാമു പറഞ്ഞു.

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കും പള്ളികള്‍ക്കുമെതിരെ അതിക്രമം തുടരുകയാണ്. ഈ വര്‍ഷം 39 അക്രമ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം പോലും ഹിന്ദുത്വപ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News