'തൃണമൂലില്‍ ലയിക്കില്ല, സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ചുണ്ടാകും' അഖില്‍ ഗൊഗോയി

തൃണമൂലുമായുള്ള ലയനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും പക്ഷേ ആര്‍.എസ്.എസിനും ബിജെപിക്കുമെതിരായ പോരാട്ടത്തില്‍ ഒരുമിച്ചുണ്ടാകുമെന്നും അഖില്‍ ഗോഗോയി വ്യക്തമാക്കി.

Update: 2021-08-09 12:09 GMT

തൃണമൂല്‍ കോണ്‍ഗ്രസുമായി ലയിക്കും എന്ന വാര്‍ത്തകളെ തള്ളി അസമില്‍ നിന്നുള്ള ആക്ടിവിസ്റ്റും ശിവ്​സാഗർ എം.എൽ.എയുമായ അഖില്‍ ഗൊഗോയി. തൃണമൂലുമായുള്ള ലയനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും പക്ഷേ ആര്‍.എസ്.എസിനും ബിജെപിക്കുമെതിരായ പോരാട്ടത്തില്‍ ഒരുമിച്ചുണ്ടാകുമെന്നും അഖില്‍ ഗോഗോയി വ്യക്തമാക്കി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി അസമിലെ തൃണമൂലിന്‍റെ നേതൃസ്​ഥാനം അഖിൽ ഗൊഗോയ്​ക്ക്​ വാഗ്​ദാനം ചെയ്​തിരുന്നു. ഇതേത്തുടര്‍ന്ന് അഖിൽ ഗൊഗോയുടെ രാഷ്ട്രീയ പാര്‍ട്ടിയായ റായ്​ജോർ ദൾ തൃണമൂലില്‍ ലയിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൃണമൂലുമായുള്ള ലയനസാധ്യതയെ തള്ളി അഖില്‍ ഗൊഗോയി തന്നെ രംഗത്തെത്തിയത്.

Advertising
Advertising

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മമത ബാനര്‍ജിയുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്നും അസമിലെ തൃണമൂല്‍ കോൺഗ്രസിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുതായും അദ്ദേഹം വ്യക്തമാക്കി. 'എല്ലാ വശങ്ങളും ഞങ്ങൾ ചർച്ച ചെയ്യുന്നുണ്ട്, ഇതുസംബന്ധിച്ച വ്യക്തമായ നിലപാട്  ഉടനെടുക്കും പക്ഷേ തൃണമൂല്‍ കോണ്‍ഗ്രസില്‍ റായ്​ജോർ ദൾ ലയിക്കില്ല. റായ്​ജോർ ദൾ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയാണ്..

ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരായ പോരാട്ടത്തില്‍ എല്ലാ പ്രാദേശിക ശക്തികളെയും ഒരുമിച്ച് നിര്‍ത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ബി.ജെ.പി സർക്കാരിനെതിരായി പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന് പിന്തുണ നൽകുകയാണ് എന്‍റെ രാഷ്ട്രീയ പാർട്ടിയായ റായ്​ജോർ ദളിന്‍റെ ലക്ഷ്യം'. രാജ്യം ഇപ്പോള്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ അടിയന്തരാവസ്ഥ സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നതുപോലെ സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അഖില്‍ ഗൊഗോയി വിശദീകരിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടങ്ങളിലൂടെയാണ് അഖില്‍ ഗൊഗോയ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. തുടര്‍ന്ന് പൗരത്വ ​പ്രക്ഷോഭവുമായി ബന്ധ​പ്പെട്ട്​ അറസ്റ്റിലായ ഗൊഗോയ്​ ജയിലിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു. ഒന്നരവർഷത്തോളമാണ് യു.എ.പി.എ ചുമത്തി ഗോഗോയിയെ ജയിലിൽ അടക്കുന്നത്. മാസങ്ങൾക്ക്​ മുമ്പ്​ എൻ.ഐ.എ കോടതി അദ്ദേഹത്തിനെതിരായ എല്ലാ കേസുകളും റദ്ദാക്കി. പിന്നീട്​ അസം ആസ്ഥാനമായി റായ്​ജോർ ദൾ എന്ന രാഷ്​ട്രീയ പാർട്ടി അഖില്‍ ഗൊഗോയ് രൂപവല്‍കരിച്ചു. ജയിലില്‍ കിടന്നുകൊണ്ട് ശിവ്സാഗറില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഗോഗോയി ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരഭി രജ്‌കോന്‍വാരിയെ 12000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News