റായ്പൂര്‍ ജയിലിൽ മയക്കുമരുന്ന് പ്രതിയുടെ വർക്കൗട്ട് വീഡിയോ വൈറൽ; ഒപ്പം കൊടും കുറ്റവാളികളുടെ സെൽഫിയും
കൂടാതെ കൊടുകുറ്റവാളികളായ രോഹിത് യാദവിനും രാഹുൽ വാൽമീകിക്കുമൊപ്പമുള്ള റാഷിദ് അലിയുടെ സെൽഫികളും പുറത്തുവന്നിട്ടുണ്ട്
Photo| NDTV
റായ്പൂര്‍: റായ്പൂര്‍ സെന്‍ട്രൽ ജയിലിൽ നിന്നുള്ള മയക്കുമരുന്ന് പ്രതിയുടെ വര്‍ക്കൗട്ട് വീഡിയോ വൈറൽ. മയക്കുമരുന്ന് രാജാവെന്ന് പേരുകേട്ട രാജാ ബൈജാർ എന്ന റാഷിദ് അലിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മയക്കുമരുന്ന് കേസിൽ വിചാരണ നേരിടുന്ന റാഷിദ് അലി ഒക്ടോബർ 13 നും 15 നും ഇടയിൽ ബാരക്കിലെ 15-ാം നമ്പർ സ്ഥലത്ത് വ്യായാമം ചെയ്യുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.
കൂടാതെ കൊടുകുറ്റവാളികളായ രോഹിത് യാദവിനും രാഹുൽ വാൽമീകിക്കുമൊപ്പമുള്ള റാഷിദ് അലിയുടെ സെൽഫികളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ജയിലിലെ സുരക്ഷാ വീഴ്ചകളെ പറ്റി ചോദ്യം ഉയർന്നിരുന്നു. തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു.വിചാരണത്തടവുകാരനായ ശശാങ്ക് ചോപ്ര ജയിലിലേക്ക് ഒരു മൊബൈൽ ഫോൺ കടത്തിയതായി ജയിൽ അധികൃതര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രണ്ട് ഡ്യൂട്ടി ഗാർഡുകളുടെ മേൽനോട്ടത്തിൽ സുഹൃത്തുക്കളോടൊപ്പം സെൽഫികൾ എടുക്കാനും വ്യായാമങ്ങൾ ഉൾപ്പെടെയുള്ള അവരുടെ പ്രവർത്തനങ്ങളുടെ വീഡിയോകൾ റെക്കോർഡ് ചെയ്യാനും റാഷിദ് അലി മൊബൈൽ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ.
സംഭവത്തെ തുടർന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് ഗാർഡുമാരായ രാധേലാൽ ഖുണ്ടെയെയും ബിപിൻ ഖൽഖോയെയും സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി പുറത്താക്കി. ഇരുവർക്കും മുമ്പ് നിരവധി മുന്നറിയിപ്പുകൾ ലഭിച്ചിരുന്നതായാണ് വിവരം. അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് സന്ദീപ് കശ്യപിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ജൂലൈ 11 മുതൽ റായ്പൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അലിയെ എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മയക്കുമരുന്ന് ശൃംഖല നടത്തിയതിനും ജയിലിനുള്ളിൽ നിന്ന് പണം തട്ടിയെടുത്തതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ചില ജയിൽ ജീവനക്കാർ ഇയാളെ സഹായിച്ചിട്ടുണ്ടാകാമെന്നും അതുവഴി മൊബൈൽ ഫോണുകളും മറ്റ് നിരോധിത വസ്തുക്കളും ലഭ്യമാകുമെന്നും വൃത്തങ്ങൾ പറഞ്ഞു.
നേരത്തെയും ഇത്തരം സംഭവങ്ങളുടെ പേരിൽ കുപ്രസിദ്ധമാണ് റായ്പൂര്‍ സെൻട്രൽ ജയിൽ. ഗുണ്ടാ നേതാവ് അമൻ സോയുടെ ജയിലിനുള്ളിൽ നിന്നുള്ള ഫോട്ടോഷൂട്ട് വൈറലായിരുന്നു. പിന്നീട് ജാർഖണ്ഡ് പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ സോ കൊല്ലപ്പെട്ടിരുന്നു.