ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും നരസിംഹാനന്ദിന്‍റെ വിദ്വേഷപ്രസംഗം

"ഞങ്ങൾക്ക് നിയമത്തിൽ വിശ്വാസമില്ല. ഇവിടെ ഞങ്ങൾ സത്യം പറയുന്നു" എന്നായിരുന്നു പരിപാടിയുടെ സംഘാടകന്‍റെ പ്രതികരണം

Update: 2022-04-18 05:06 GMT
Advertising

സിംല: ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യത്തിലിറങ്ങിയ യതി നരസിംഹാനന്ദ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും വിദ്വേഷ പ്രസംഗം നടത്തി. ഹിമാചൽ പ്രദേശിലെ ഉനയിൽ നടന്ന സമ്മേളനത്തിലാണ് വിദ്വേഷ പ്രസംഗം നടത്തിയത്. ഹിന്ദുക്കളോട് ആയുധമെടുക്കാനാണ് പ്രഭാഷകര്‍ ആഹ്വാനം ചെയ്തത്.

"നേരത്തെ അമർനാഥ് യാത്രയിലും വൈഷ്ണോദേവി യാത്രയിലും മാത്രമാണ് കല്ലേറുണ്ടായിരുന്നത്. ഇപ്പോൾ രാമനവമി, ഹനുമാൻ ജയന്തി എന്നിങ്ങനെ ഏത് ഹിന്ദു ആഘോഷത്തിലേക്കും കല്ലെറിയുന്നു. ഹിന്ദുക്കൾക്ക് ഇതിലും മോശമായി മറ്റെന്താണുള്ളത്? രാജ്യത്തിന്‍റെ രാഷ്ട്രീയ സംവിധാനം മുസ്‍ലിംകളോട് ചായ്‍വുള്ളതാണ്. അതിനാലാണ് ഹിന്ദുക്കളോട് മോശമായി പെരുമാറുന്നത്. ഹിന്ദുക്കൾ കൂടുതൽ കുട്ടികളെ ജനിപ്പിച്ച് അവരെ ശക്തരാക്കണം. അങ്ങനെ അവർക്ക് അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ കഴിയും"- നരസിംഹാനന്ദ് പറഞ്ഞു.

നരസിംഹാനന്ദ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ സ്വകാര്യ പരിപാടിയായതിനാല്‍ അനുമതി വേണ്ടതില്ല എന്നായിരുന്നു പരിപാടിയുടെ സംഘാടകരിലൊരാളായ സത്യദേവ സരസ്വതിയുടെ പ്രതികരണമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു- "ഞങ്ങൾക്ക് നിയമത്തിൽ വിശ്വാസമില്ല. ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. ഇവിടെ ഞങ്ങൾ സത്യം പറയുന്നു വിദ്വേഷ പ്രസംഗം നടത്തുന്നില്ല". ഹരിദ്വാറിലെ കേസുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത എഫ്‌ഐആറിൽ പേരുള്ള സാധ്വി അന്നപൂർണയും പരിപാടിയില്‍ പങ്കെടുത്തു.

Full View

ജനുവരിയിൽ ഹരിദ്വാറിൽ മുസ്‌ലിംകളെ വംശഹത്യ ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചതിന് അറസ്റ്റിലായ യതി നരസിംഹാനന്ദ് ഫെബ്രുവരി 18നാണ് ജാമ്യത്തിൽ ഇറങ്ങിയത്. 'ഇത്തരം പരിപാടികളിൽ പങ്കെടുക്കരുത്' എന്നതാണ് അദ്ദേഹത്തിന്റെ ജാമ്യ വ്യവസ്ഥകളിൽ ഒന്ന്. ജാമ്യത്തിലിറങ്ങിയ ശേഷം ഡൽഹിയിലെ ബുരാരിയിലും യതി നരസിംഹാനന്ദ് വിദ്വേഷ പ്രസംഗം നടത്തി. മുസ്‌ലിംകൾക്കെതിരെ ആയുധമെടുക്കണമെന്ന് അവിടെയും ആഹ്വാനം ചെയ്തു. എണ്ണൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് നരസിംഹാനന്ദിനെതിരെ കേസെടുത്തിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News