'ബിഹാറിൽ 80 ലക്ഷം വോട്ടർമാർ പുറന്തള്ളപ്പെട്ടു, എസ്ഐആറിലൂടെ പട്ടികയുടെ പൂർണതയും തുല്യതയും കൃത്യതയും അട്ടിമറിക്കപ്പെട്ടു': ഓഡിറ്റ് ചെയ്ത് യോഗേന്ദ്ര യാദവ്
സ്ത്രീകളുടെയും മുസ്‌ലിംകളുടേയും പ്രാതിനിധ്യത്തെ എസ്‌ഐആർ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നതിന് തെളിവുണ്ടെന്നും അദ്ദേഹം പറയുന്നു.
Photo| Special Arrangement
ന്യൂഡൽഹി: ബിഹാറിലെ കരട് വോട്ടർ പട്ടികയിലെ പ്രശ്നങ്ങളിന്മേലുള്ള വിവാദം അവസാനിക്കുംമുമ്പാണ് അന്തിമ വോട്ടർ പട്ടികയും തെരഞ്ഞെടുപ്പ് തിയതിയും പുറത്തുവരുന്നത്. അന്തിമ പട്ടികയിൽ 47 ലക്ഷം പേർ ഒഴിവാക്കപ്പെട്ടതോടെ കമ്മീഷൻ വീണ്ടും വിമർശനമേറ്റുവാങ്ങുകയും ആശയക്കുഴപ്പങ്ങളുണ്ടെന്ന് സുപ്രിംകോടതി തന്നെ വ്യക്തമാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ എസ്‌ഐആർ പരിശോധനയെ ഓഡിറ്റിന് വിധേയമാക്കുകയാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും സാമൂഹികപ്രവർത്തകനുമായ യോഗേന്ദ്ര യാദവ്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മൂന്ന് വോട്ടർ രജിസ്ട്രേഷൻ മാനദണ്ഡങ്ങളായ പൂർണത, തുല്യത, കൃത്യത എന്നിവ അടിസ്ഥാനമാക്കിയാണ് ബീഹാറിലെ പുതിയ വോട്ടർ പട്ടികയുടെ ഗുണനിലവാരം വിലയിരുത്തുന്നത്.
വോട്ടർ പട്ടികയുടെ ഗുണനിലവാരം അളക്കാനുള്ള ആദ്യ മാനദണ്ഡം അതിന്റെ പൂർണതയാണെന്ന് യോഗേന്ദ്ര യാദവ് പറയുന്നു. ബീഹാറിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം, വോട്ടർ പട്ടികയിൽ ഉൾപ്പെട്ട പ്രായപൂർത്തിയായവരുടെ അനുപാതം എസ്‌ഐആർ മൂലം 97 ശതമാനത്തിൽ നിന്ന് 88 ശതമാനമായി കുറഞ്ഞു. ഞെട്ടിക്കുന്ന കുറവാണിത്. അന്തിമ വോട്ടർ പട്ടികയിൽ 90 ശതമാനം പ്രായപൂർത്തിയായവരും ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ, ആകെയുള്ള ചിത്രം മാറിയിട്ടില്ല. തെരഞ്ഞെടുപ്പ്- ജനസംഖ്യാ അനുപാതത്തിൽ ഏറ്റവും വലിയ ഇടിവിന് കാരണമായത് എസ്‌ഐആർ ആണെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാരിനു കീഴിലുള്ള സാങ്കേതിക ഗ്രൂപ്പ് കണക്കാക്കിയ സംസ്ഥാനത്തെ പ്രായപൂർത്തിയായവരുടെ ജനസംഖ്യ പ്രകാരം 2025 സെപ്തംബറിൽ ബിഹാറിൽ 8.22 കോടി വോട്ടർമാർ ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ, അന്തിമ വോട്ടർ പട്ടികയിലെ 7.42 കോടി എന്ന എണ്ണം സൂചിപ്പിക്കുന്നത് 80 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് കാണാതായെന്നാണ്.
അതേസമയം, അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തേക്കാൾ കുറവും രണ്ട് കോടി വരെ വോട്ടർമാരെ ഒഴിവാക്കുമെന്ന ആശങ്കയേക്കാൾ വളരെ കുറവുമാണ്. വൻ തോതിലുള്ള കൂട്ട അവകാശ നിഷേധം സംഭവിച്ചിട്ടില്ലെങ്കിൽ അതിനു കാരണം എസ്‌ഐആറോ തെരഞ്ഞെടുപ്പ് കമ്മീഷനോ അല്ല മറിച്ച് സുപ്രിംകോടതിയാണ്. സുപ്രിംകോടതി ഇടപെടലാണ്. കോടതിയുടെ നിരന്തരമായ നിരീക്ഷണത്തിന് നന്ദിയുണ്ടെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ആധാറിനെക്കുറിച്ചുള്ള സുപ്രിംകോടതിയുടെ ഉത്തരവ് വോട്ടവകാശം നിഷേധിക്കാനുള്ള എസ്ഐആർ പ്രേരണയെ തടയാൻ സഹായിച്ചു.
സമത്വമാണ് രണ്ടാമത്തെ മാനദണ്ഡം. സ്ത്രീകളുടെയും മുസ്‌ലിംകളുടേയും പ്രാതിനിധ്യത്തെ എസ്‌ഐആർ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നതിന് തെളിവുണ്ടെന്നും അദ്ദേഹം പറയുന്നു. ബിഹാറിലെ വോട്ടർ പട്ടികയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ജനസംഖ്യയിൽ അവരുടെ പ്രാതിനിധ്യത്തേക്കാൾ കുറവാണ്. ഈ വിടവ് 2012ൽ 21 ലക്ഷത്തിൽ നിന്ന് ഈ വർഷം ജനുവരിയെത്തുമ്പോൾ ഏഴ് ലക്ഷമായി കുറഞ്ഞു. എന്നാൽ എസ്‌ഐആർ ഈ പ്രവണതയെ മാറ്റിമറിക്കുകയും സ്ത്രീപ്രാതിനിധ്യം കുറയ്ക്കുകയും ചെയ്തു. ഒഴിവാക്കപ്പെട്ട സ്ത്രീ വോട്ടർമാരുടെ എണ്ണം 16 ലക്ഷമായി ഉയർന്നു.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖയിൽ ഒരു ഔദ്യോഗിക വിഭാഗമല്ല. എന്നാൽ പേര് തിരിച്ചറിയുന്ന സോഫ്റ്റ്‌വെയറിന്റെ ഉപയോഗം ആശങ്കാജനകമായ വസ്തുത വെളിവാക്കുന്നു. കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടർമാരിൽ 24.7 ശതമാനവും അന്തിമ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട 3.66 ലക്ഷം പേരുകളിൽ 33 ശതമാനവും മുസ്‌ലിംകളാണ്. ഇത്, സെൻസസിലെ മുസ്‌ലിം ജനസംഖ്യാ പ്രാതിനിധ്യമായ 16.9 ശതമാനത്തിന് എതിരാണ്. അതായത്, ഏകദേശം ആറ് ലക്ഷം മുസ്‌ലിംകളെ കൂടുതലായി ഒഴിവാക്കി എന്നർഥം.
കൃത്യതയാണ് മൂന്നാമത്തെ മാനദണ്ഡം. എസ്‌ഐആർ വോട്ടർ പട്ടികയെ കൂടുതൽ വഷളാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എസ്‌ഐആറിന് മുമ്പുള്ളതും എസ്‌ഐആറിന് ശേഷമുള്ളതുമായ പട്ടികകളുടെ കൃത്യത താരതമ്യം ചെയ്യുന്ന ഒരു പൂർണ ഓഡിറ്റ് ആവശ്യമാണെങ്കിലും, ചില പിശകുകൾ വോട്ടർ പട്ടികകളുടെ ശുദ്ധീകരണം എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദത്തെ ഖണ്ഡിക്കുന്നു.
ബിഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ 24,000ത്തിലധികം വ്യക്തമല്ലാത്ത പേരുകളും ഏകദേശം 5.2 ലക്ഷത്തിലധികം ഇരട്ടപ്പേരുകളും 6,000ത്തിലധികം അസാധുവായ ലിംഗഭേദങ്ങളും (ആൺ, പെൺ, ട്രാൻസ്ജെൻഡർ എന്നിവയല്ലാത്തത്), 51,000ത്തിലധികം അസാധുവായ ബന്ധുക്കൾ (അമ്മ, അച്ഛൻ, ഭർത്താവ് തുടങ്ങിയവ അല്ലാത്തത്), രണ്ട് ലക്ഷത്തിലധികം ശൂന്യമോ അസാധുവായതോ ആയ വീട്ടു നമ്പരുകൾ എന്നിവയുണ്ട്. ഇത് ഒരു ശുദ്ധീകരണ മാതൃകയല്ലെന്ന് യോഗേന്ദ്ര യാദവ് അടിവരയിടുന്നു. ബിഹാറിൽ ഇപ്പോൾ 24 ലക്ഷത്തിലധികം വീടുകളിൽ പത്തോ അതിലധികമോ വോട്ടർമാരുണ്ട്. പ്രാഥമികമായി സംശയിക്കപ്പെടാവുന്നവയിൽ ഉൾപ്പെടുന്നതാണിത്. അതായത് ആകെ 3.2 കോടി വോട്ടർമാരാണ് ഇത്തരത്തിലുള്ളത്.
ബംഗ്ലാദേശി കുടിയേറ്റക്കാരെയും റോഹിങ്ക്യകളെയും ചൂണ്ടിക്കാട്ടി വിദേശികളുടെ പട്ടിക ശുദ്ധീകരിക്കുമെന്നാണ് ബിജെപി നേതാക്കൾ ആവർത്തിച്ച് അവകാശപ്പെടുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇത് അംഗീകരിച്ചെങ്കിലും വീടുതോറുമുള്ള പരിശോധനാ റിപ്പോർട്ടിൽ ഇത്തരം വിദേശികളുടെ എണ്ണം നൽകിയിരുന്നില്ല. ഇക്കാരണത്താൽ ബിജെപി ഒരു വോട്ടർക്കുമെതിരെ ഒരു എതിർപ്പ് പോലും ഫയൽ ചെയ്തില്ല. ബിഹാർ സിഇഒയുടെ വെബ്‌സൈറ്റിൽ കരട് പട്ടികയിന്മേലുള്ള 2.4 ലക്ഷം എതിർപ്പുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിൽ 1,087 കേസുകൾ മാത്രമാണ് ഒരാൾ ഇന്ത്യൻ പൗരനല്ല എന്ന വിഷയത്തിലുള്ളത്.
ഈ കേസുകളിൽ പോലും കൂടുതലും സംശയാസ്പദമായിരുന്നു. (ഇതിൽ 779 എണ്ണം വിദേശിയാണെന്ന് മുദ്രകുത്തപ്പെട്ടതിനെതിരെ ആളുകൾ സ്വയം നൽകിയ പരാതികളായിരുന്നു). എതിർപ്പുകളിൽ 390 എണ്ണം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിട്ടുള്ളത്. അവരുടെ പേരുകൾ ഒഴിവാക്കിയിട്ടുമുണ്ട്. പേരുകൾ ഒഴിവാക്കിയ വിദേശികളുടെ വിവരം പങ്കുവയ്ക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ താത്പര്യപ്പെടാത്തതിൽ അതിശയിക്കാനില്ലെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നു.
വോട്ടർ രജിസ്ട്രേഷന്റെ ഗുണനിലവാരത്തിന്റെ ഈ മൂന്ന് പ്രധാന മാനദണ്ഡങ്ങൾക്ക് പുറമേ, പ്രക്രിയയുമായി ബന്ധപ്പെട്ട രണ്ട് മാനദണ്ഡങ്ങൾ കൂടിയുണ്ട്- സുതാര്യതയും നീതിയുക്തവും. മുഴുവൻ നടപടിക്രമങ്ങളും സുതാര്യമോ നീതിയുക്തമോ ആയിരുന്നില്ല. 2003ലെ തീവ്ര പരിഷ്കരണ ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെടുന്ന വിവരാവകാശ അപേക്ഷ പ്രസിദ്ധീകരിക്കാനോ മറുപടി നൽകാനോ വിസമ്മതിച്ചതു മുതൽ, സ്റ്റാൻഡേർഡ് ടെംപ്ലേറ്റിലെ അന്തിമ റോൾ ഡാറ്റ പുറത്തുവിടാൻ വിസമ്മതിച്ചതു വരെ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകൾ അതിന്റെ മാനദണ്ഡങ്ങൾക്കും വിവരങ്ങൾ പങ്കുവയ്ക്കൽ നിർബന്ധമാക്കിയ സ്വന്തം മാനുവലിനും എതിരാണ്.
കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ ഒടുവിൽ സുപ്രിംകോടതിക്ക് ഉത്തരവിടേണ്ടി വന്നു. മുൻകൂർ കൂടിയാലോചനയുടെ അഭാവം, നടപ്പാക്കലിലെ തിടുക്കം, എല്ലാ തീരുമാനങ്ങളിൽ കാണാവുന്ന ദുരൂഹത, പ്രതിപക്ഷ നേതാക്കളുമായുള്ള പോരാട്ട രീതി- ഇതെല്ലാം കമ്മീഷൻ നിഷ്പക്ഷമല്ലെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറയുന്നു. നിലവിലെ പ്രശ്നങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കാതെ, ബീഹാറിന് പുറത്ത് എസ്‌ഐആർ ആവർത്തിക്കാനുള്ള ശ്രമങ്ങൾ വൻതോതിൽ വോട്ടവകാശ നിഷേധത്തിനുള്ള വഴികൾ തുറക്കുമെന്നും യോഗേന്ദ്ര യാദവ് മുന്നറിയിപ്പ് നൽകുന്നു. തെരഞ്ഞെടുപ്പുകളിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയും രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ പിന്നോട്ടടിക്കലിന് വേഗത കൂട്ടുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.