മന്ത്രിസഭയില്‍ പത്ത് പുതുമുഖങ്ങള്‍; യുപിയില്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുഖംമിനുക്കാന്‍ ബിജെപി

പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരെ മന്ത്രി സഭയിലേക്ക് പരിഗണിക്കുമെന്ന് സൂചന

Update: 2021-09-26 12:35 GMT
Advertising

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉത്തര്‍പ്രദേശില്‍‌ യോഗി ആദിത്യനാഥ് മന്ത്രിസഭയുടെ പുനഃസംഘാടനം ഇന്ന്. ഇന്ന് വൈകീട്ട്  5.30 നാണ്പുനഃസംഘാടനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക യോഗം. പത്ത് പുതുമുഖങ്ങള്‍ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. ജാതി സമവാക്യങ്ങള്‍ നിര്‍ണായകമാവുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായ വോട്ട് ബാങ്കുകളായ  വിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ ബി.ജെ.പി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുന്‍കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന്‍ പ്രസാദിന്‍റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട ജിതിന്‍ പ്രസാദിനെ മന്ത്രി സഭയിലേക്ക് പരിഗണിക്കുന്നത് വഴി യുപി.യില്‍ 13 % വോട്ട് ബാങ്കുള്ള ബ്രാഹ്മണ വിഭാഗത്തിന്‍റെ പ്രീതി നേടാമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്. കഴിഞ്ഞ ജൂണിലാണ് ജിതിന്‍ പ്രസാദ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.  ബി.ജെ.പിയിലെത്തിയ ഉടന്‍  ബ്രാഹ്മിണ്‍ ചേതന പരിഷത്ത് എന്ന സംഘടനക്ക് അദ്ദേഹം രൂപം കൊടുത്തിരുന്നു. 

യുപിയില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദിന്‍റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകളില്‍ മറ്റൊന്ന്.ഒ.ബി.സി വിഭാഗത്തില്‍ പെട്ട അദ്ദേഹത്തിന്‍റെ മന്ത്രിസഭാപ്രവേശവും അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നിര്‍ണ്ണായകമാവും. 

മുന്‍ ഉത്തരാഖണ്ഡ് ഗവര്‍ണ്ണറായിരുന്ന ബേബി റാണി മൌര്യയാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെട്ടേക്കാവുന്നവരില്‍ പ്രധാനിയായ മറ്റൊരാള്‍. 2007 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചിരുന്നുവെങ്കിലും അന്ന് പരാജയപ്പെടുകയായിരുന്നു. ഈ മൂന്ന് പേരുകള്‍ക്ക് പുറമെ മറ്റു പിന്നോക്കവിഭാഗങ്ങളില്‍ നിന്നുള്ള നിരവധി എം.എല്‍.എ മാര്‍ മന്ത്രി സഭയിലേക്ക് പരിഗണിക്കപ്പെട്ടേക്കാവുന്നവരുടെ ലിസ്റ്റിലുണ്ട്. 

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 350  സീറ്റുകളുടെ വലിയ ഭൂരിപക്ഷത്തിന് യു.പി.യില്‍ വീണ്ടും അധികാരത്തിലേറുമെന്ന് യോഗി ആദിത്യ നാഥ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. 2017  ല്‍ 325 സീറ്റ് നേടിയാണ് ബി.ജെ.പി യു.പിയില്‍ അധികാരത്തിലേറിയത്. ബി.ജെ.പിയുടെ മുഖ്യ എതിരാളികളായിരുന്ന സമാജ് വാദി പാര്‍ട്ടി 54 സീറ്റും ബി.എസ്.പി 17 സീറ്റും നേടി. 

സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തലാവുന്ന  തെരഞ്ഞെടുപ്പ് യോഗി ആദിത്യനാഥിന് നിര്‍ണ്ണായകമാണ്. യോഗി ആദിത്യനാഥിനെതിരെ ബി.ജെ.പിക്ക് അകത്ത് തന്നെ നിലില്‍ നിരവധി വിമര്‍ശനങ്ങളുണ്ട്. കോവിഡ് നിയന്ത്രണം അടക്കമുള്ള കാര്യങ്ങളില്‍  യോഗി പരാജയമായിരുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്ന് യോഗിയെ മാറ്റണമെന്നാവശ്യപ്പെട്ട്  ബിജെപി എം.എല്‍.എ മാര്‍  കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News