'നിന്റെ പിതാവിനെ പോലെ കൊല്ലപ്പെടും'; ബാബാ സിദ്ദീഖിയുടെ മകന് വധഭീഷണി

പത്ത് കോടി രൂപ സീഷനിൽ നിന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Update: 2025-04-22 02:21 GMT

മുംബൈ: കൊല്ലപ്പെട്ട എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ മകന് വധഭീഷണി. ഇ-മെയിൽ വഴിയാണ് മകൻ സീഷൻ സിദ്ദീഖിക്ക് ഭീഷണി ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.

'പിതാവ് കൊല്ലപ്പെട്ടതുപോലെ കൊല്ലപ്പെടും' എന്നാണ് ഭീഷണിയെന്ന് പൊലീസ് പറയുന്നു. പത്ത് കോടി രൂപ സീഷനിൽ നിന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ഇനിയും ഇത്തരം ഇ-മെയിലുകൾ വരുമെന്നും സന്ദേശത്തിൽ പറയുന്നു.

ഡി-കമ്പനിയിൽ നിന്നാണ് തനിക്ക് വധഭീഷണി ലഭിച്ചതെന്ന് സീഷൻ പറഞ്ഞു. അവർ മോചനദ്രവ്യമായി പത്ത് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും തന്റെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണി മൂലം തങ്ങളുടെ കുടുംബം അസ്വസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

കഴിഞ്ഞവർഷം ഒക്ടോബര് 12നായിരുന്നു മുംബൈയിലെ നിർമൽ ന​ഗറിലെ സീഷൻ സിദ്ദീഖിയുടെ ഓഫീസിനു സമീപം വച്ച് ബാബാ സിദ്ദീഖി മൂന്ന് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. എൻസിപി നേതാവിന്റെ കൊലപാതക ഉത്തരവാദിത്തം ​ഗുണ്ടാനേതാവായ ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു.

വെടിവച്ച പ്രതികളിൽ ഹരിയാന സ്വദേശി ഗുർമെയിൽ ബൽജിത് സിങ്, ഉത്തർപ്രദേശ് സ്വദേശി ധർമരാജ് രാജേഷ് കശ്യപ് എന്നിവരെ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തു നിന്ന് അന്നു തന്നെ പിടികൂടിയിരുന്നു. തുടർന്ന് ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യ ഷൂട്ടറായ യുപി സ്വദേശി ശിവകുമാർ ​ഗൗതവും പിടിയിലായി. ശേഷം, ലോജിസ്റ്റിക്സ് പിന്തുണ നൽകിയ പ്രവീൺ ലോങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പിന്നാലെ വെടിവയ്പ്പിന്റെ മുഖ്യസൂത്രധാരനും ഇയാളുടെ സഹോദരനുമായ ശുഭം ലോങ്കറും പിടിയിലായി. യുപി സ്വദേശി ഹരീഷ്കുമാർ ബാലക്രവും ശിവകുമാറിന് താമസസൗകര്യം ഒരുക്കുകയും നേപ്പാളിലേക്ക് കടക്കാൻ സഹായിക്കുകയും ചെയ്ത അനുരാഗ് കശ്യപ്, ഗ്യാൻ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേശേന്ദ്ര പ്രതാപ് സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൂടാതെ, ഒരു ജീവനക്കാരന്റെ മൊബൈൽ ഹോട്ട്സ്പോട്ട് ഉപയോ​ഗിച്ചാണ് മുഖ്യപ്രതികളിലൊരാളായ ആകാശ്ദീപ് ​ഗില്ലും കൊലപാതകത്തിന്റെ സൂത്രധാരനും ലോറൻസ് ബിഷ്ണോയിയുടെ സഹോദരനുമായ അൻമോൾ ബിഷ്ണോയിയും ആശയവിനിമയം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പഞ്ചാബിൽ നിന്ന് ആകാശ്ദീപും അറസ്റ്റിലായി. അൻമോൾ ബിഷ്‌ണോയി ആസൂത്രണം ചെയ്ത കൊലപാതക പദ്ധതിയിലെ ലോജിസ്റ്റിക്സ് കോഡിനേറ്ററായിരുന്നു ഗിൽ. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News