നാടൻപാട്ടിന്റെ സൗന്ദര്യമുള്ള കലാകാരൻ... ആരാണ് വാവാച്ചി കണ്ണന്‍ ?

എന്നിലെ തിയേറ്റർ ആർട്ടിസ്റ്റിന്റെ ശരീരഭാഷയിലും സംസാരത്തിലുമുള്ള ആത്മവിശ്വാസത്തെ തകർക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

Update: 2019-11-14 08:21 GMT
Advertising

ഒരുപാട് പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ലാൽ ജോസ് ഇത്തവണയും തന്റെ പുതിയ ചിത്രമായ 'നാൽപ്പത്തിയൊന്ന്' ലൂടെയും ഒരു നടനെ അവതരിപ്പിച്ചു ഞെട്ടിച്ചിരിക്കുകയാണ്. കുസൃതിയും പ്രണയവും ദേഷ്യവുമെല്ലാം അനായാസം മിന്നിമറയുന്ന ഒരു നാടൻപാട്ടിന്റെ സൗന്ദര്യമുള്ള കലാകാരൻ, 41 ലെ വാവാച്ചിക്കണ്ണൻ. സിനിമ കണ്ടിറങ്ങുന്നവരെല്ലാം പറയുന്നത് കേൾക്കാം.

"വാവാച്ചിക്കണ്ണൻ അതൊരു മുതലാണ് "... ആരാണീ കക്ഷി.."

അതെ, അതൊരൊന്നൊന്നര മുതലാണ്. സിനിമയിൽ പുതുമുഖമാണെങ്കിലും ഓരോ നിശ്വാസത്തിലും അഭിനയം കൊണ്ടുനടക്കുന്ന ഒരു തിയേറ്റർ ആർട്ടിസ്റ്റാണ് ഈ പട്ടാമ്പിക്കാരൻ ശരൺജിത്ത്. ഒരു വ്യാഴവട്ടക്കാലമായി നാടക വേദിയിൽ സജീവമാണ് ഈ പ്രതിഭ. നാടകത്തിരക്കുമായി പാരീസിലായതിനാൽ ആദ്യ സിനിമ ഇനിയും കണ്ടിട്ടില്ല ശരൺജിത്ത്.

ബാക്കി ശരൺജിത്ത് പറയും...

ഇപ്പൊ പാരിസിലാണ് ഉള്ളത്. ഇന്ത്യാനോസ്ട്രം എന്ന കമ്പനിയുടെ ഒരു പ്രൊജക്റ്റുമായി യൂറോപ്പ്യൻ ആഫ്രിക്കൻ ടൂറിലാണ്. ബെൽജിയം ഷോ കഴിഞ്ഞാണ് പാരീസിലോട്ട് വന്നത്. ഇവിടെ പത്ത് ഷോ ഉണ്ട്. അത് കഴിഞ്ഞു ടുണീഷ്യയിലേക്ക് പോകും. ഡിസംബർ പകുതിയോടെ നാട്ടിൽ എത്തും.

കാലടി സർവ്വകലാശാലയിലായിരുന്നു പഠനം. പിന്നീട് സ്കോളർഷിപ്പോടു കൂടി സിംഗപ്പൂർ ഇന്റർകൾച്ചറൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂറ്റിൽ മൂന്നു വർഷം അഭിനയം പഠിച്ചു. പിന്നീട് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നാടകവും ആക്ടർ ട്രെയിനറുമൊക്കെയായി നാടകത്തോടൊപ്പം സഞ്ചരിക്കുന്നു. നാട്ടിൽ എത്തുമ്പോൾ കാലടി സർവ്വകലാശാലയിൽ ക്ലാസ്സ്‌ എടുക്കുന്നുമുണ്ട്.

#സിനിമയിലേക്ക്...

വളരെ അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ എത്തുന്നത്. സിനിമ ചെയ്യുന്നില്ല എന്നാണ് കരുതിയിരുന്നത്. നാടകമേഖലയിൽ തന്നെ സജീവമായി തുടരുകയും 40 വയസ്സിനു ശേഷമൊക്കെ സിനിമ ചെയ്യാമെന്നായിരുന്നു പ്ലാൻ. ഒരു വർഷം മുമ്പേയാണ് പ്രഗീഷേട്ടൻ (തിരകഥാകൃത്ത്) നാല്‍പ്പത്തിയൊന്നിലേക്ക് വിളിച്ചത്. ഏതാണ്ട് ഒരു മണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. ഒരേ സമയം എക്സൈറ്റ്മെന്റും പേടിയും പ്രണയവും എല്ലാം ഉൾക്കൊള്ളുന്ന ഒരുപാട് ലയറുകളുള്ള വാവാച്ചി കണ്ണനെ അദ്ദേഹം വളരെ മനോഹരമായി തന്നെ വിവരിച്ചു തന്നു. ലാൽജോസ് സർ കണ്ടപ്പോൾ തന്നെ പറഞ്ഞു, നമുക്ക് ഇത് ചെയ്യാം, എനിക്ക് ഓക്കേയാണ് എന്ന്. അതിനു ശേഷമാണ് കഥയെ പറ്റി പോലും സംസാരിക്കുന്നത്.

#നാടകവും സിനിമയും...

സിനിമ സംവിധായകന്റെ കലയാണ്. ഒരു സംവിധായകന് എങ്ങനെയും കുഴച്ചെടുക്കാൻ കഴിയുന്ന ഒരു കളിമണ്ണിന്റെ ഫ്ലെക്സിബിലിറ്റിയാണ് സിനിമയിൽ നടന് ആവശ്യം. പക്ഷെ നാടകം നടന്റെ കലയാണ്. ഒരു വെറും സ്റ്റേജിനെ പോലും പല പല കാഴ്ചകളിലേക്ക് കൊണ്ട് പോകുന്നത് ഒരു തീയേറ്റർ ആർട്ടിസ്റ്റ് അവന്റെ പെർഫോമൻസിലൂടെയാണ്. കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ തിയേറ്റർ ജീവിതവും ചെയ്ത നാടകങ്ങളും അതിനു വേണ്ടി ചെയ്തിട്ടുള്ള അധ്വാനവുമൊക്കെയാണ് വാവാച്ചി കണ്ണനിൽ പ്രതിഫലിച്ചിട്ടുള്ളത്.

#വാവാച്ചി കണ്ണനും ശരൺജിത്തും...

ശരൺജിത്തും വാവാച്ചി കണ്ണനും തികച്ചും വ്യത്യസ്തരാണ്. വാവാച്ചി കണ്ണൻ ഒരു ആൽക്കഹോളിക്ക് ആയ കഥാപാത്രമാണ്. ഞാനാണെങ്കിൽ മദ്യപിക്കാത്ത ഒരാളും. വാവാച്ചി കണ്ണനായി മാറാൻ വേണ്ടി ബാറുകളിലും ബീവറേജുകളുടെ പരിസരങ്ങളിലുമെല്ലാം പോയി മദ്യപാനികളുടെ മാനറിസങ്ങൾ മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിന് രണ്ടാഴ്ച മുമ്പാണ് തലശ്ശേരി ഭാഗത്ത്‌ സുഹൃത്തുക്കളുടെ കൂടെ പോയി അവരുടെ ഭാഷ കുറെയൊക്കെ പഠിച്ചെടുത്തത്. ഇതൊക്കെയാണ് വാവാച്ചി കണ്ണനില്‍ കണ്ടത്.

#ഉല്ലാസ് മാഷ്... (ബിജു മേനോൻ)

ചേട്ടനോളം സ്‌നേഹം തന്ന ബ്യൂട്ടിഫുൾ ആക്ടർ ആയിട്ടുള്ള ഒരു മനുഷ്യൻ അതാണ് ബിജു മേനോൻ. ഒരു ചേട്ടന്റെ കരുതലായിരുന്നു ബിജുവേട്ടന് എന്നോട്. ഷൂട്ടിങ്ങിനെ കുറിച്ച് ഒന്നും അറിയാത്ത ആളായിരുന്നു ഞാൻ. ഓരോ സീൻ എടുക്കുമ്പോഴും ആദ്യാവസാനം എന്നെ സപ്പോർട്ട് ചെയ്തു കൂടെ നിന്നു ബിജു ഏട്ടൻ.

#വാവാച്ചി കണ്ണന്റെ സുമ... (ധന്യ അനന്യ)

അനന്യയാണ് സുമയായി അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. അടുത്ത സുഹൃത്തുക്കളാണ് ഞങ്ങൾ കാലടിയിൽ എന്റെ ജൂനിയർ ആയിരുന്നു. ഒരേ കളരിയിൽ അഭിനയം തുടങ്ങിയത് കൊണ്ടാവാം സാമ്യതകളും കൂടുതലാണ്. അതൊക്കയാവാം വാവാച്ചി കണ്ണനും സുമയും തമ്മിലുള്ള കെമിസ്ട്രി ഗംഭീരമായി എന്ന് പറയുന്നത്. സുമയെ പറ്റി പറയുമ്പോൾ മോളെ കുറിച്ചും പറയേണ്ടതുണ്ട്. ബേബി ആലിയ. അവൾ അസാധ്യ ആക്ടർ ആണ്. ഇത്രയും ചെറിയ പ്രായത്തിൽ അന്ധയായിട്ടൊക്കെ അഭിനയിക്കുക എന്നൊക്കെ പറയുമ്പോൾ ആലോചിച്ചു നോക്കൂ, മിടുക്കിയാണവൾ.

#ലാൽ ജോസ്

വളരെ അപകടകരമായ ഒരു ട്രിക്ക് ആയിരുന്നു ലാൽജോസ് സർ എന്റെ മേൽ പ്രയോഗിച്ചത്. ഓരോ സീൻ കഴിയുമ്പോഴും കൂടെ അഭിനയിക്കുന്നവരോടെല്ലാം ഗംഭീരമായി എന്ന് പറയുകയും എന്നെ മാക്സിമം അവഗണിക്കുകയും ചെയ്തു. ടേക്ക് ഓക്കേ ആകുമ്പോൾ നല്ലത് പറയുമെന്ന് പ്രതീക്ഷിച്ചാലും സർ എന്നോട് മാത്രം ഒന്നും പറയില്ല. എന്നിലെ തിയേറ്റർ ആർട്ടിസ്റ്റിന്റെ ശരീരഭാഷയിലും സംസാരത്തിലുമുള്ള ആത്മവിശ്വാസത്തെ തകർക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. എല്ലാം കഴിഞ്ഞ് പിരിയുമ്പോൾ "ആ അവഗണന വാവാച്ചി കണ്ണന് അവശ്യമായിരുന്നു' എന്ന് പറഞ്ഞുകൊണ്ട് ഒരുപാട്‌ സ്നേഹത്തോടെ ചേർത്ത് പിടിച്ചു അഭിനന്ദിച്ചു. ഇത്തരം ഇന്റർസ്റ്റിങ് ആയിട്ടുള്ള ട്രീറ്റ് ആയിരുന്നു ഷൂട്ടിൽ ഉടനീളം.

#നാടകം വിട്ട് സിനിമയിൽ സജീവമാകുമോ.... ?

ഏയ്... നാടകം വിട്ടൊരു കളിയുമില്ല. സിനിമ ചെയ്തു തുടങ്ങിയ സ്ഥിതിക്ക് ചാലഞ്ചിങ് ആയ കഥാപാത്രങ്ങൾ വന്നാൽ ഉറപ്പായും ചെയ്യും. പക്ഷെ എന്റെ സ്വപ്നം തിയേറ്റർ തന്നെയാണ്. ലോകത്തെവിടെയും നാടകം കളിക്കുന്ന കമ്പനി നാട്ടിൽ തുടങ്ങുകയും ഏറ്റവും മനോഹരമായ രീതിയിൽ ട്രെയിനിങ് കൊടുത്ത് അഭിനേതാക്കളെ വാർത്തെടുക്കുകയും ചെയ്യണം എന്നാണ് ആഗ്രഹം.

#സ്നേഹബന്ധങ്ങളാണ് എനിക്ക് എപ്പോഴും കുടുംബം...

കുടുംബം എന്ന് പറയാൻ കേരളത്തിൽ എനിക്ക് ഒരുപാട് വീടുകളുണ്ടെങ്കിലും എടുത്തുപറയേണ്ടവർ കാലടിയിൽ എന്റെ സീനിയർ ആയി പഠിച്ച പത്മദാസ് , ഭാര്യ ഷിബിജ , മകൾ ഇതൾ ഇവരാണ്. അവരുടെ കൂടെയാണ് ഏഴെട്ട് വർഷമായിട്ടു ഞാൻ താമസിക്കുന്നത്.

സിനിമയുടെ ഒരു റീച് കൂടുതലായത് കൊണ്ട് തന്നെ സ്കൂൾ കാലഘട്ടത്തിലെ സുഹൃത്തുക്കൾ പോലും ഇപ്പോൾ ലൈഫിലേക്ക് തിരിച്ചു വരുന്നുണ്ട്. അവർ വിളിക്കുകയും അഭിനന്ദിക്കുകയുമെല്ലാം ചെയ്യുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. സൗഹൃദങ്ങൾ തന്നെയാണ് എല്ലാകാലത്തും എന്നെ എവിടെയെങ്കിലും ഒക്കെ എത്തിച്ചിട്ടുള്ളത്. It's really feel touched and loved by the audience in Kerala...

Full View
Tags:    

Similar News