സര്‍ ജഡേജ, വാട്ട് എ ഹിറ്റ്; അവസാന ഓവറിൽ അടിച്ചുകൂട്ടിയത് 36 റൺസ്!

അവസാന ഓവർ എറിയാനെത്തുമ്പോൾ മൂന്ന് ഓവറിൽ 14 റൺസ് മാത്രമാണ് പട്ടേൽ വിട്ടു കൊടുത്തിരുന്നത്

Update: 2021-04-25 12:24 GMT
Editor : abs | By : Web Desk
Advertising

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ അവസാന ഓവറില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഓള്‍റൗണ്ടര്‍ ജഡേജ അടിച്ചു കൂട്ടിയത് 36 റൺസ്. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ നാലു സിക്‌സറും ഒരു ഫോറും സഹിതമാണ് ജഡേജയുടെ വെടിക്കെട്ട്. ഒരു നോബോൾ സഹിതം മൊത്തം 37 റൺസാണ് പട്ടേല്‍ വഴങ്ങിയത്. ജഡേജ 28 പന്തിൽ നിന്ന് 62 റൺസ് സ്വന്തമാക്കി. 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. 

അവസാന ഓവർ എറിയാനെത്തുമ്പോൾ മൂന്ന് ഓവറിൽ 14 റൺസ് മാത്രമാണ് പട്ടേൽ വിട്ടു കൊടുത്തിരുന്നത്. മൂന്നു വിക്കറ്റും സ്വന്തമായുണ്ടായിരുന്നു. എന്നാൽ ഇരുപതാം ഓവറിലെ ആദ്യ പന്ത് തന്നെ ജഡേജ ഡീപ് മിഡ് വിക്കറ്റിനും ലോങ് ഓണിനും ഇടയിലൂടെ ഗ്യാലറിയിലെത്തിച്ചു. രണ്ടാം പന്തിൽ യോർക്കർ എറിയാനുള്ള ശ്രമം പിഴച്ചു. ഫുൾടോസ് ആയി വന്ന പന്തിൽ വീണ്ടും സിക്‌സർ. നോബോളായി വന്ന അടുത്ത പന്തും സിക്‌സർ. മൂന്നാം പന്ത് ഫ്രീ ഹിറ്റ്. മിഡ് വിക്കറ്റിലൂടെ ജഡേജ അതും സിക്‌സറിനു തൂക്കി. നാലാം പന്തിൽ രണ്ട് റൺസ് മാത്രമേ എടുക്കാനായുള്ളൂ. എന്നാൽ അടുത്ത രണ്ടു പന്തുകളിൽ സിക്‌സറും ഫോറും അടിച്ച് ജഡേജ കണക്കു തീർത്തു. 

3-0-14-3 എന്ന നിലയിൽ നിന്ന് 20 ഓവർ കഴിയുമ്പോൾ ഹർഷൽ പട്ടേലിന്റെ ബൗളിങ് സ്ഥിതിവിവരക്കണക്കിങ്ങനെ; 4-0-51-3. 

ആറ് പന്തിൽ നിന്ന് 37 റൺസെടുക്കാൻ ജഡേജക്ക് മാത്രമേ കഴിയൂ എന്നാണ് ബാറ്റിങ് പ്രകടനത്തെ വാഴ്ത്തി വീരേന്ദ്രസെവാഗ് ട്വീറ്റ് ചെയതത്. അവിശ്വസനീയമായ ഹിറ്റ് ആയിരുന്നു താരത്തിന്റേത് എന്നും അദ്ദേഹം കുറിച്ചു. 

ടി20 ക്രിക്കറ്റിൽ ഒരു ഓവറിൽ 36 റൺസ് സ്‌കോർ ചെയ്യുന്ന ഏഴാമത്തെ ബാറ്റ്‌സ്മാനാണ് ജഡേജ. യുവരാജ് സിങ്, ക്രിസ് ഗെയിൽ, റോസ് വൈറ്റ്‌ലി, കരൺ പൊള്ളാർഡ്, ഹസ്‌റത്തുല്ല സസായ്, ലിയോ കാർട്ടർ എന്നിവരാണ് മറ്റുള്ളവർ. ഐപിഎല്ലിലെ ഒരു ഓവറിൽ അഞ്ചു സിക്‌സറുകൾ പായിച്ചത് ജഡേജയെ കൂടാതെ, തെവാത്തിയയും ഗെയിലുമാണ്. കോട്രലിന് എതിരെയായിരുന്നു തെവാത്തിയയുടെ പ്രകടനം. ഗെയിൽ കശക്കിയത് രാഹുൽ ശർമ്മയെയും.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News