അതിവേ​ഗത്തിൽ 4000 റൺസ്; ഐ.പി.എല്ലിൽ പുതിയ റെക്കോർഡുമായി കെ.എൽ രാഹുൽ ‌

ക്രിസ് ​ഗെയിലിനെ മറികടന്നാണ് രാഹുൽ ഈ നിരയിൽ ഒന്നാമതെത്തിയത്.

Update: 2023-04-15 15:41 GMT
Advertising

ലഖ്നൗ: പഞ്ചാബിനെതിരായ ഇന്നത്തെ മത്സരത്തിൽ പുതിയ റെക്കോർ‍ഡ് കുറിച്ച് ലഖ്നൗ നായകൻ കെ.എൽ രാഹുൽ. ഐ.പി.എല്ലിൽ അതിവേ​ഗത്തിൽ 4000 റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് താരം നേടിയത്. പഞ്ചാബ് കിങ്സ് മുൻ താരവും വെസ്റ്റ് ഇൻഡീസ് ഇതിഹാസവുമായ ക്രിസ് ​ഗെയിലിനെ മറികടന്നാണ് രാഹുൽ ഈ നിരയിൽ ഒന്നാമതെത്തിയത്.

സ്‌കോർ 30ൽ എത്തിയപ്പോഴാണ് താരം ഈ കടമ്പ കടന്നത്. 112 ഇന്നിങ്സിലാണ് ​ഗെയിൽ ഈ നേട്ടം കുറിച്ചതെങ്കിൽ 105-ാം ഇന്നിങ്സിലാണ് രാഹുൽ ഈ നേട്ടം കൈവരിച്ചത്. ഇന്നത്തെ മത്സരത്തിൽ ഹാഫ് സെഞ്ച്വറിയോടെയാണ് രാഹുൽ നായകസ്ഥാനം അർഥവത്താക്കിയത്.

ഏറ്റവും വേഗത്തിൽ 3000 ഐപിഎൽ റൺസ് (80 ഇന്നിങ്സ്) തികച്ച രണ്ടാമത്തെ താരവും രാഹുലാണ്. ഗെയിലാണ് ഈ നിരയിൽ മുന്നിൽ. കൂടാതെ, ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ച ഇന്ത്യൻ താരം കൂടിയാണ് രാഹുൽ. 60 ഇന്നിങ്സുകളിലാണ് ഈ നേട്ടം. സച്ചിൻ ടെണ്ടുൽക്കറെ (63 ഇന്നിങ്സ്) മറികടന്നാണ് 2020ൽ അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

2013ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ഐപിഎൽ അരങ്ങേറ്റം കുറിച്ച രാഹുൽ, പിന്നീട് സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം രണ്ട് സീസണുകൾ ചെലവഴിച്ചിരുന്നു. 2017 സീസൺ താരത്തിന് നഷ്ടമായെങ്കിലും 2018ൽ പഞ്ചാബിനൊപ്പമെത്തി 659 റൺസും 54.91 ശരാശരിയിൽ 158.41 സ്‌ട്രൈക്ക് റേറ്റും നേടി തകർപ്പൻ പ്രകടനമാണ് രാഹുൽ കാഴ്ച വച്ചത്. പഞ്ചാബിനായി 670 റൺസ് അടിച്ചെടുത്ത് ഓറഞ്ച് ക്യാപ്പും 31കാരനായ ഈ കർണാടക താരം നേടിയിരുന്നു.

2019ൽ 593 റൺസാണ് താരം നേടിയത്. 2020ലും 2021ലും പഞ്ചാബിനെ നയിച്ചിരുന്ന രാഹുൽ ഐപിഎല്ലിൽ ക്യാപ്റ്റനെന്ന നിലയിൽ 2000 റൺസും തികച്ചിരുന്നു. ഐപിഎൽ ക്യാപ്റ്റന്റെ (132*) ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡും രാഹുലിന്റെ പേരിലാണ്. തുടർന്ന് 2022ലാണ് താരം പുതിയ ടീമായ ലഖ്നൗവിന്റെ ക്യാപ്റ്റൻ കുപ്പായമണിയുന്നത്.

അതേസമയം, ഡൽഹി ക്യാപിറ്റൽസ് നായകനായ ആസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറാണ് അതിവേ​ഗം 4000 റൺസ് തികച്ച താരങ്ങളുടെ പട്ടികയിൽ മൂന്നാമത്. 114 ഇന്നിങ്‌സിലാണ് വാർണർ 4000 റൺസ് കരഗതമാക്കിയത്. റോയൽ ചലഞ്ചേഴ്‌സ് താരവും മുൻ ഇന്ത്യൻ നായകനുമായ വിരാട് കോഹ്‌ലിയാണ് തൊട്ടുപിന്നിൽ.

128 ഇന്നിങ്‌സുകളിൽ നിന്ന് കോഹ്‌ലി 4000 റൺസ് പൂർത്തിയാക്കിയപ്പോൾ 131 ഇന്നിങ്‌സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സാണ് അഞ്ചാമത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News