ഖബ്രയും പോകുന്നു; നോട്ടമിട്ട് ബംഗാൾ വമ്പന്മാർ

രണ്ടു വര്‍ഷത്തെ കരാറില്‍ ബംഗളൂരുവില്‍ നിന്നാണ് ഖബ്ര ബ്ലാസ്റ്റേഴ്സിലെത്തിയിരുന്നത്

Update: 2022-09-07 06:59 GMT
Editor : abs | By : Web Desk

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ വിശ്വസ്തൻ ഹർമൻജോത് ഖബ്രയ്ക്കായി വലവിരിച്ച് ഈസ്റ്റ് ബംഗാൾ എഫ്‌സി. താരവുമായുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി ന്യൂസ് ടൈം ബംഗ്ല റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ സ്ഥിരമായി ഇടംപിടിച്ച താരമായിരുന്നു ബംഗളൂരു എഫ്‌സിയിൽ നിന്നെത്തിയ ഖബ്ര. 19 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും നേടിയിട്ടുണ്ട്.

ഈസ്റ്റ് ബംഗാൾ മുൻ ക്യാപ്റ്റൻ കൂടിയാണ് ഖബ്ര. താരത്തിന് ബംഗാളിലേക്ക് തിരിച്ചുപോകാൻ താത്പര്യമുള്ളതായും സൂചനയുണ്ട്. 2009-16 കാലയളവിലാണ് ഖബ്ര ബംഗാൾ ക്ലബിൽ കളിച്ചിരുന്നത്. ടീമിനായി 62 മത്സരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുണ്ട്. ഈസ്റ്റ് ബംഗാളിൽ നിന്ന് ചെന്നൈയിനിലേക്കും പിന്നീട് ബംഗളൂരുവിലേക്കുമാണ് താരം ചേക്കേറിയത്. ബ്ലാസ്റ്റേഴ്‌സുമായി രണ്ടു വർഷത്തെ കരാറാണ് ഖബ്രയ്ക്കുള്ളത്. 

Advertising
Advertising



അടുത്ത സീസണിൽ ടീം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഖബ്രയ്ക്ക് പുറമേ, നിരവധി താരങ്ങളെ ഈസ്റ്റ് ബംഗാൾ കണ്ടുവച്ചിട്ടുണ്ട്. ചെന്നൈയിൻ എഫ്‌സി ഗോൾകീപ്പർ വിശാൽ കെയ്ത്ത്, റിയൽ കശ്മീർ എഫ്‌സി ക്യാപ്റ്റൻ മാസൺ റോബർട്‌സൺ എന്നിവരുമായുള്ള ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഗ്രീസിൽ കളിക്കുന്ന ഇംഗ്ലീഷ് സ്‌ട്രൈക്കർ മാത്യു ഡെർബിഷെയറിനെ ടീമിലെത്തിക്കാനുള്ള ശ്രമവും സജീവമാണ്.



കഴിഞ്ഞ സീസണിൽ ലീഗിൽ ഏറ്റവും അവസാനമായാണ് ഈസ്റ്റ് ബംഗാൾ ഫിനിഷ് ചെയ്തിരുന്നത്. 20 കളിയിൽ 11 പോയിന്റ് മാത്രമായിരുന്നു സമ്പാദ്യം. ഒരു കളി മാത്രമാണ് ടീമിന് ജയിക്കാനായിരുന്നത്.

അൽവാരോയും പോകുന്നു

ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്ന സ്പാനിഷ് താരം അൽവാരോ വാസ്‌ക്വസ് വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിലുണ്ടാവില്ലെന്നാണ് പുതിയ വിവരം. താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ബയോയിൽ നിന്ന് ബ്ലാസ്റ്റേഴ്സിനെ ഒഴിവാക്കിയതോടെയാണ് ഇത്തരത്തിലുള്ള ചർച്ചകൾ സജീവമായത്. നേരത്തെ ബയോയിൽ കേരളബ്ലാസ്റ്റേഴ്സ് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ ബയോയിൽ കേരള ബ്ലാസ്റ്റേഴ്സ് എന്നില്ല. പകരം പ്രൊഫഷണൽ ഫുട്ബോളർ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വാസ്‌ക്വസിന് ഇന്ത്യയിൽ നിന്നുൾപ്പെടെ നിരവധി ഓഫറുകൾ വന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുറമെ അമേരിക്കൻ മേജർ ലീഗ് സോക്കറിൽ നിന്നും ചൈനയിൽ നിന്നും താരത്തിന് ഓഫർ വന്നിരുന്നു. ഇതിൽ ചൈനയിൽ നിന്നും വന്ന ഓഫർ നിരസിച്ചതായി വാർത്തകളുണ്ടായിരുന്നു. താരം അമേരിക്കൻ മേജർ ലീഗ് സോക്കറിലേക്ക് പോകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അതേസമയം വാസ്‌ക്വസ് കൂട് മാറുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും. ബ്ലാസ്റ്റേഴ്സിനായി 23 മത്സരങ്ങൾ കളിച്ച താരം 8 ഗോളുകളാണ് നേടിയത്. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News