ആകാംക്ഷയുടെ കെട്ടുപൊട്ടിച്ചു; ഗ്രീക്ക്-ഓസീസ് സ്‌ട്രൈക്കർ ബ്ലാസ്‌റ്റേഴ്‌സിൽ

ഈ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിങ്ങാണിത്

Update: 2022-07-08 12:50 GMT
Editor : abs | By : Web Desk

കൊച്ചി: ആരാധകരുടെ ആകാംക്ഷാഭരിതമായ കാത്തിരിപ്പിന് അറുതിയിട്ട് അടുത്ത സീസണിലേക്കുള്ള ആദ്യത്തെ വിദേശ സൈനിങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഗ്രീക്ക്-ഓസ്ട്രേലിയൻ ഇന്റർനാഷണൽ സ്‌ട്രൈക്കർ അപ്പോസ്തൊലോസ് ജിയാനുവിനെയാണ് ക്ലബ് ടീമിലെത്തിച്ചത്. താരവുമായുള്ള കരാർ ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ ലീഗ് ക്ലബ്ബായ മക്കാർത്തർ എഫ്സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്ന താരം 2023 വേനൽക്കാല സീസൺ വരെ മഞ്ഞ ജഴ്സി അണിയും.

ഗ്രീസിൽ ജനിച്ച ജിയോനു, ചെറുപ്പത്തിൽ തന്നെ ഓസ്ട്രേലിയയിലേക്ക് മാറി. ഓക്ലെയ് കാനൻസിലെ പ്രൊഫഷണൽ അരങ്ങേറ്റത്തിന് മുമ്പ് വിക്ടോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട്, സൗത്ത് മെൽബൺ എന്നിവയുടെ യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ചു. പതിനാല് വർഷം മുമ്പ് ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ടീമായ അപ്പോലോൺ കലമാരിയസിലേക്കുള്ള ട്രാൻസ്ഫറിനെ തുടർന്ന് വിദേശത്തേക്ക് പോയി. കവാല, പിഎഒകെ, എത്നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ടീമുകൾക്കൊപ്പം 150ലധികം മത്സരങ്ങൾ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. 

Advertising
Advertising



2016ൽ, റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് ചൈനീസ് ക്ലബ്ബായ ഗ്വാങ്ഷോ സിറ്റി എഫ്സിയിൽ ചേർന്നു. ഏഷ്യയിലെ രണ്ട് സീസണുകൾക്ക് ശേഷം സൈപ്രസ് ടീമായ എഇകെ ലാർനാക്കയിൽ എത്തിയ ജിയാനു, പിന്നീട് ഗ്രീസിലെ ഒഎഫ്ഐ ക്രീറ്റ് എഫ്സിയിലേക്ക് കളം മാറി. മക്കാർത്തർ എഫ്സിക്കു വേണ്ടി 21 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. എല്ലാ യൂത്ത് ടീം തലങ്ങളിലും ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച ജിയാനു 12 മത്സരങ്ങളിൽ ഓസ്ട്രേലിയൻ സീനിയർ ദേശീയ ടീമിനായും ബൂട്ടുകെട്ടി. രണ്ടു ഗോളുകളും നാല് അസിസ്റ്റുകളുമാണ് സമ്പാദ്യം. ഗ്രീക്ക് ദേശീയ ടീമിനായും ഒരു മത്സരം കളിച്ചിട്ടുണ്ട്.

അപ്പോസ്തൊലോസ് കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങളുടെ ലക്ഷ്യമായിരുന്നു അദ്ദേഹം. ഞങ്ങളുടെ കളിശൈലിക്ക് യോജിച്ച കഠിനാധ്വാനിയായ അറ്റാക്കറുമാണ്. ടീമിന് വേണ്ടി കളിക്കുന്ന താരമെന്ന നിലയിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. ജിയാനുവിന് കേരളത്തിൽ ഏറ്റവും നല്ല കാലം ആശംസിക്കുന്നു- സ്‌കിൻകിസ് കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ ചേരുന്നതിൽ അത്യന്തം സന്തോഷമുണ്ടെന്ന് തന്റെ പുതിയ ക്ലബ്ബിനായി ഒപ്പുവച്ച ശേഷം അപ്പോസ്തൊലോസ് ജിയാനു പറഞ്ഞു. ക്ലബിനായി തന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News